വനം വകുപ്പ് ജാഗ്രത, ഇതുവരെ പിടികൂടിയത് 59 പാമ്പുകളെ
Mail This Article
ശബരിമല ∙ മണ്ഡലകാലത്ത് തീർഥാടകരുടെ സുരക്ഷയിൽ ജാഗ്രതയുമായി വനം വകുപ്പ്. അയ്യപ്പഭക്തരുടെ സുരക്ഷിത കാനന യാത്ര, കാടിന്റെയും വന്യമൃഗങ്ങളുടെയും സുരക്ഷിതത്വം എന്നിവയ്ക്ക് മുൻകരുതൽ നൽകിയാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. മണ്ഡലകാലം ആരംഭിച്ചതിനു ശേഷം ഇന്നലെ വരെ 59 പാമ്പുകളെയാണ് സന്നിധാനത്തു നിന്നു പിടികൂടിയത്.
ഇവയെ സുരക്ഷിതമായി ഉൾക്കാടുകളിൽ തുറന്നു വിടും.മണ്ഡലകാലം ആരംഭിക്കുന്നതിനു മുമ്പ് തന്നെ സന്നിധാനത്തു നിന്ന് 88 പന്നികളെ പിടികൂടി മാറ്റിയിരുന്നു. മുൻ വർഷങ്ങളിൽ അയ്യപ്പഭക്തർക്കു അപകടകരമാകുന്ന രീതിയിൽ കണ്ടുവന്ന പന്നികളെയാണു വലിയ കൂടുകളിൽ പിടികൂടി ഉൾക്കാടുകളിൽ തുറന്നുവിട്ടത്.ഇടത്താവളങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എലിഫന്റ് സ്‌ക്വാഡ്, സ്‌നേക്ക് സ്‌ക്വാഡ് തുടങ്ങിയ വിഭാഗങ്ങളിൽ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാണ്.
എരുമേലി, പുൽമേട് തുടങ്ങിയ കാനനപാതകളിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഉപകരണങ്ങളാൽ സദാസമയവും നിരീക്ഷണം നടത്തുന്നുണ്ട്. വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയാൽ മുന്നറിപ്പു നൽകി അപകടം ഒഴിവാക്കുന്നതിനുള്ള ഉപകരണങ്ങളും സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.
ഇതിനു പുറമേ, രാത്രി സമയങ്ങളിൽ വനാതിർത്തികളിൽ പ്രത്യേക സ്‌ക്വാഡുകളുടെ സുരക്ഷാ പട്രോളിങ്ങും നടത്തുന്നു. കുരങ്ങ്, മലയണ്ണാൻ തുടങ്ങിയ വന്യജീവികൾക്ക് ഭക്ഷണപദാർഥങ്ങൾ നൽകരുതെന്ന് അയ്യപ്പഭക്തരോട് വനം വകുപ്പ് ഉദ്യോഗസ്ഥർ അഭ്യർഥിച്ചു.