ലോക്സഭാ മാതൃകയിൽ തിരഞ്ഞെടുപ്പു നടത്തി എംഎസ് എച്ച്എസ്എസ്
Mail This Article
റാന്നി ∙ ജനാധിപത്യ പ്രക്രിയയിൽ സ്വയം ഭാഗധേയം നിർണയിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കി എംഎസ് ഹയർ സെക്കൻഡറി സ്കൂൾ. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് യഥാർഥ വോട്ടെടുപ്പു പോലെ നടത്തിയാണ് സ്കൂൾ മാതൃകയായത്. തിരഞ്ഞെടുപ്പ് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ഓരോ ക്ലാസുകളിലെയും കുട്ടികളുടെ വോട്ടർ പട്ടികയും സ്ഥാനാർഥികളുടെ പട്ടികയും പ്രസിദ്ധീകരിച്ചാണ് വോട്ടെടുപ്പു നടത്തിയത്. വോട്ടെടുപ്പിനായി 6 കൗണ്ടറുകൾ സജ്ജീകരിച്ചിരുന്നു. അവിടെങ്ങളിലെല്ലാം പ്രിസൈഡിങ്, പോളിങ് ഓഫിസർമാരെയും സ്ഥാനാർഥികളുടെ ഏജന്റുമാരെയും നിയമിച്ചാണ് വോട്ടെടുപ്പ് നടത്തിയത്. വരിയായി നിന്ന് പേരുകൾ വിളിക്കുന്നതിന് അനുസരിച്ചാണ് കുട്ടികളെത്തി വോട്ടുകൾ ചെയ്തത്. പിന്നീട് കൗണ്ടിങ് ഏജന്റിന്റെ സാന്നിധ്യത്തിൽ വോട്ടെണ്ണൽ നടത്തി ഫലം പ്രഖ്യാപിച്ചു. തുടർന്ന് പാർലമെന്റ് ചേർന്ന് ലീഡർ, മറ്റു ഭാരവാഹികൾ എന്നിവരെ തിരഞ്ഞെടുത്തു. യഥാർഥ ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത അനുഭവമാണ് ഇതിലൂടെ കുട്ടികൾക്കു ലഭിച്ചത്.