ADVERTISEMENT

മല്ലപ്പള്ളി ∙ തിരുവല്ല – മല്ലപ്പള്ളി റോഡിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ നടപടി വേണമെന്ന് ആവശ്യം. നഗരത്തിലെ റോഡിന്റെ വീതികുറവും ഇരുവശത്തെ പാർക്കിങ്ങും യാത്രക്കാർക്കു ബുദ്ധിമുട്ടാകുന്നു. വഴിയോര കച്ചവടവും റോഡിലെ കുഴികളുമാണു ഗതാഗത കുരുക്കിന്റെ പ്രധാന കാരണം. അലക്ഷ്യമായ വാഹനങ്ങളുടെ പാർക്കിങ് കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടാകുന്നു. ഒട്ടേറെ കെഎസ്ആർടിസി, സ്വകാര്യ ബസ്, കല്ലും മണ്ണുമായി ഭാരം കയറ്റിവരുന്ന വലിയ ലോറികൾ എന്നിവയുടെ തിരക്കാണ് ഈ പാതയിൽ. ഈ റോഡിന്റെ വശങ്ങളിലാണു വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരുടെ വാഹനങ്ങളും പാർക്ക് ചെയ്യുന്നത്. ഇതുമൂലം ഭാരവുമായി വരുന്ന വാഹനങ്ങൾ തിരക്കിൽ കുടുങ്ങുക പതിവാണ്. ചില സമയം ഈ തിരക്ക് സംസ്ഥാന പാത വരെ നീളും.

റോഡിലേക്കു വാഹനങ്ങൾ ഇറക്കി പാർക്ക് ചെയ്യുന്നതിനാൽ മറ്റു വാഹനങ്ങൾക്ക് കടന്നു പോകാനും കഴിയാത്ത അവസ്ഥയാണ്. പലപ്പോഴും ഏറെനേരം ഇതുമൂലം ഗതാഗത കുരുക്കും അനുഭവപ്പെടാറുണ്ട്. വാഹനങ്ങൾ കടന്നുപോകണമെങ്കിൽ പാർക്ക് ചെയ്തവ മാറ്റിയാലേ കഴിയു. അതുവരെ കാത്തുകിടക്കേണ്ട സ്ഥിതിയാണ്. വലിയ വാഹനങ്ങൾക്ക് വൺവേ ഉണ്ടെങ്കിലും ചില സമയങ്ങളിൽ പാലിക്കപ്പെടാറില്ല. പബ്ലിക് മാർക്കറ്റ് പ്രവർത്തിക്കുന്ന ചൊവ്വ, വെള്ളി ദിവസങ്ങളിൽ പോലും നടപ്പാത കയ്യേറി വഴിയോര കച്ചവടവും പാർക്കിങ്ങും പതിവാണ്. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ പൊലീസിന്റെയോ ഹോം ഗാർഡിന്റെയോ സേവനം ഇവിടെയില്ല. മാർക്കറ്റ് ദിവസമെങ്കിലും ഇവരുടെ സേവനം ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com