ADVERTISEMENT

അടൂർ ∙ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന അടൂർ നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് നാളെ പിഡബ്ല്യുഡി റസ്റ്റ്ഹൗസിനു സമീപത്തുള്ള വൈദ്യൻസ് ഗ്രൗണ്ടിൽ നടക്കും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ചെയർമാൻ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കൺവീനർ ആർഡിഒ എ. തുളസീധരൻപിള്ള എന്നിവർ അറിയിച്ചു. ഉച്ചയ്ക്ക് 2 മുതൽ പൊതുജനങ്ങളുടെ പരാതി സ്വീകരിക്കും. വൈകിട്ട് 4ന് ‌കലാപരിപാടികൾ ആരംഭിക്കും. നാടോടി നൃത്തം, സംഘ നൃത്തം, നാടൻപാട്ട് എന്നിവയാണ് അരങ്ങേറുന്നത്. 5ന് 3 മന്ത്രിമാർ എത്തുന്നതോടെ നവകേരള സദസ്സ് തുടക്കമാകും. 6ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും ബസിൽ വേദിയിലേക്കെത്തും. തുടർന്ന് പരാതികൾക്ക് പരിഹാരം കാണുന്നതിനൊപ്പം സർക്കാരിന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ ഉൾപ്പെടെ അവലോകനവും തുടർ വർഷങ്ങളിൽ പ്രാമുഖ്യം കൊടുക്കേണ്ട വിഷയങ്ങളെ സംബന്ധിച്ച് അഭിപ്രായരൂപീകരണവും നടത്തും.

5000 ചതുരശ്ര അടിയിലാണ് പന്തൽ നിർമിച്ചിട്ടുള്ളത്. 1500 ചതുരശ്ര അടിയിലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇരിക്കാനുള്ള വേദി സ്ഥാപിച്ചിരിക്കുന്നത്. കോട്ടമുകൾ മുതൽ അടൂർ ടൗൺവരെ ദീപാലങ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്. നവകേരള സദസ്സിനു മുന്നോടിയായി മണ്ഡലത്തിലെ 7 പഞ്ചായത്തുകളിലും 2 നഗരസഭകളിലുമായി 768 വീട്ടുമുറ്റ സദസ്സുകളും പഞ്ചായത്തു–നഗരസഭാ കേന്ദ്രങ്ങളിൽ വിളംബര റാലിയും നടത്തി. പൊതുജനങ്ങളെ പങ്കെടുപ്പിക്ക‌ാനായി 360 ബസുകളും ബുക്കു ചെയ്തു കഴിഞ്ഞു.

പരാതിക്ക് 25 കൗണ്ടറുകൾ
പൊതുജനങ്ങളിൽ നിന്നായി പരാതി സ്വീകരിക്കാൻ പ്രധാനവേദിയോട് ചേർന്ന് 25 കൗണ്ടറുകൾ നാളെ ഉച്ചയ്ക്ക് 2ന് തുറക്കും. മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും പ്രത്യേക കൗണ്ടറുകൾ ഉണ്ടാകും. കൗണ്ടറുകളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടെ ഇരുനൂറ്റിയമ്പതോളം ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്.

പാർക്കിങ് സൗകര്യം
ഗ്രീൻവാലി ഗ്രൗണ്ട്, കണ്ണങ്കോട് ഓർത്തഡോക്സ് കത്തീഡ്രൽ ഗ്രൗണ്ട്, കോട്ടമുകൾ–പരുത്തിപാറ റോഡിന്റെ കിഴക്കു ഭാഗം, അടൂർ ബൈപാസ് റോഡിന്റെ പടിഞ്ഞാറ് ഭാഗം, മുനിസിപ്പൽ ഗ്രൗണ്ട്, ശ്രീമൂലം ചന്ത റോഡ് എന്നിവിടങ്ങളിലാണ് വാഹനപാർക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഔദ്യോഗിക വാഹനങ്ങൾക്ക് പിഡബ്ല്യുഡി റസ്റ്റ് ഹൗസിലാണ് പാർക്കിങ് സ്ഥലം ക്രമീകരിച്ചിരിക്കുന്നത്.

നാളെ അടൂരിൽ നവകേരള സദസ്സ് തുടങ്ങും മുൻപേ സെൻട്രൽ ജംക്‌ഷനു സമീപത്തായി എംസി റോഡിൽ പൈപ്പു പൊട്ടി മാസങ്ങളായി തകർന്നു കിടന്നിരുന്ന കുഴി അടയ്ക്കുന്നു.
നാളെ അടൂരിൽ നവകേരള സദസ്സ് തുടങ്ങും മുൻപേ സെൻട്രൽ ജംക്‌ഷനു സമീപത്തായി എംസി റോഡിൽ പൈപ്പു പൊട്ടി മാസങ്ങളായി തകർന്നു കിടന്നിരുന്ന കുഴി അടയ്ക്കുന്നു.

കുഴികൾ അടച്ചു
അടൂർ ∙ നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും അടൂരിൽ എത്തുന്നതിനു മുന്നോടിയായി നഗരത്തിലെ പ്രധാന റോഡുകളിലെ കുഴികൾ അടച്ച് അധികൃതർ. എംസി റോഡിലും കെപി റോഡിലും നെല്ലിമൂട്ടിൽപ്പടി–ഭരണിക്കാവ് റോഡിലും ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി തകർന്ന് മാസങ്ങളായി കുഴികൾ രൂപപ്പെട്ടു കിടക്കുകയായിരുന്നു. ഈ കുഴികളിൽ ഇരുചക്രവാഹനങ്ങൾ വീണ് അപകടത്തിൽപ്പെട്ടിരുന്നു. ഇത് നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അന്നൊന്നും നടപടി സ്വീകരിച്ചിരുന്നില്ല. ഒടുവിൽ നവകേരള സദസ്സിൽ പഴികേൾക്കാതിരിക്കാൻ വേണ്ടി കഴിഞ്ഞ ദിവസമാണ് കുഴികളിൽ ടാറു കുഴച്ചിട്ട് അടച്ചത്.

മൂടി സ്ഥാപിച്ചു
അടൂർ ∙‌ മൂടിയില്ലാതിരുന്ന ഓടയ്ക്കും നവകേരള സദസ്സ് എത്തിയപ്പോൾ മൂടി സ്ഥാപിച്ചു. നവകേരള സദസ്സ് നടക്കുന്ന പ്രധാനവേദിക്കു മുൻപിലെ ഓടയ്ക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിനു മുൻപായി മൂടി സ്ഥാപിച്ചത്. ഇതിനു സമീപത്തായി നിന്നിരുന്ന തണൽ മരത്തിന്റെ ശിഖരങ്ങളും ഇന്നലെ മുറിച്ചു മാറ്റി.

നവകേരള സദസ്സിനു മുന്നോടിയായി അടൂരിൽ നടന്ന വിളംബര ഘോഷയാത്ര.
നവകേരള സദസ്സിനു മുന്നോടിയായി അടൂരിൽ നടന്ന വിളംബര ഘോഷയാത്ര.

നവകേരള സദസ്സ്: വിളംബര ഘോഷയാത്ര നടത്തി
അടൂർ ∙ നവകേരള സദസ്സിനു മുന്നോടിയായി അടൂർ നഗരത്തിൽ വിളംബര ഘോഷയാത്ര നടത്തി. വാദ്യമേളങ്ങൾ, തെയ്യം എന്നിവയുടെ അകമ്പടിയോടെ നടത്തിയ ഘോഷയാത്ര ജനറൽ ആശുപത്രിയുടെ പടിഞ്ഞാറ് ഭാഗത്തു നിന്നാരംഭിച്ച് ടൗൺ ചുറ്റി കെഎസ്ആർടിസി ജംക്‌ഷനിൽ സമാപിച്ചു. സർക്കാർ ജീവനക്കാർ ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, സ്കൂൾ–കോളജ് വിദ്യാർഥികൾ എന്നിവർ ഘോഷയാത്രയിൽ അണിനിരന്നു. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

നഗരസഭാ അധ്യക്ഷ ദിവ്യ റെജി മുഹമ്മദ്, ഉപാധ്യക്ഷ രാജി ചെറിയാൻ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻപിള്ള, തഹസിൽദാർ ജോൺ സാം, ഡപ്യൂട്ടി തഹസിൽദാർ എസ്. സജീവ്, ഡി. സജി, ടി.ഡി. ബൈജു, പി.ബി. ഹർഷകുമാർ, എസ്. മനോജ്, രാജേന്ദ്രപ്രസാദ്, സിന്ധു തുളസീധരക്കുറുപ്പ്, കെ. മഹേഷ്കുമാർ, ആർ. ജയൻ, സജു മിഖായേൽ, കെ.ജി. വാസുദേവൻ, രാജൻ സുലൈമാൻ, അരുൺ കെ.എസ്. മണ്ണടി, ബോബി മാത്തുണ്ണി, സാംസൺ ഡാനിയേൽ, ചന്ദ്രമോഹൻ തുടങ്ങിയവർ ഘോഷയാത്രയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com