ADVERTISEMENT

മൈലപ്ര∙ ജോർജ് ഉണ്ണൂണ്ണിയെക്കുറിച്ചും അദ്ദേഹത്തിന്റെ രീതികളെക്കുറിച്ചും കൃത്യമായി അറിയുന്നവരാകാം കൊലയ്ക്കു പിന്നിലെന്നു പൊലീസിന്റെ സംശയം. പിതാവിന്റെ കഴുത്തിൽ മാലയും ലോക്കറ്റുമടക്കം 9 പവനുണ്ടായിരുന്നെന്നു മകൻ ഷാജി ജോർജ് പറഞ്ഞു. 8 പവന്റെ മാലയും ഒരു പവന്റെ കുരിശുമാണു മാലയിലുണ്ടായിരുന്നത്. സ്ഥിരമായി പണവും കൈയിൽ കരുതിയിരുന്നു. എന്നാൽ, എത്രയുണ്ടെന്ന് അറിയില്ലെന്നും ഷാജി പറഞ്ഞു. 

രാവിലത്തെയും ഉച്ചയ്ക്കത്തെയും ഭക്ഷണം വീട്ടിൽനിന്നു കൊണ്ടുവരുന്നതായിരുന്നു പതിവ്. പിതാവ് അധ്വാനിച്ച സ്വത്തു മാത്രമാണുള്ളത്. സംസ്കാരം നിശ്ചയിച്ചിരിക്കുന്ന ബുധനാഴ്ചയ്ക്കു മുൻപു പൊലീസ് പ്രതികളെ പിടികൂടുമെന്നാണു പ്രതീക്ഷിക്കുന്നത്. വൈകിട്ട് ആറിന് കടയടയ്ക്കുന്നതാണു പതിവ്. സ്വർണമാല ധരിച്ചിരുന്നതു കൊലപാതകത്തിനു കാരണമായെന്നാണു കരുതുന്നതെന്നും മകൻ പറഞ്ഞു.  

അകത്തെ മുറിയിലേക്കു പിതാവ് ആരെയും കടത്തിവിടാറില്ല. എന്തെങ്കിലും ആവശ്യം പറഞ്ഞ് ആരോ പിതാവിനെ ആ മുറിയിലെത്തിച്ചതാകാമെന്നു ഷാജി സംശയിക്കുന്നു. കരാർ എടുത്തു വീടുകൾ നിർമിച്ചു നൽകിയിരുന്ന കാലം മുതൽ പോക്കറ്റിൽ ഒരു ലക്ഷം രൂപയോളം കരുതുന്ന സ്വഭാവം ജോർജിനുണ്ടായിരുന്നു. 2009ൽ കട തുടങ്ങിയ ശേഷവും ഈ ശീലം തുടർന്നു.

കടയിൽ സാധനങ്ങൾ സപ്ലൈ ചെയ്തിരുന്നവർക്കും പോക്കറ്റിൽനിന്നു പണമെടുത്തു കൊടുത്തിട്ടുണ്ട്. അത് കണ്ടിട്ടുള്ള ആരെങ്കിലുമാകാം കൊലപാതകത്തിനു പിന്നിലെന്നാണു ഷാജിയുടെ സംശയം.   വെയിലടിക്കാതിരിക്കാൻ പച്ച പടുത കടയ്ക്കു മുന്നിൽ താഴ്ത്തിയിടാറുണ്ട്. പടുത വിരിച്ചു കഴിഞ്ഞാൽ അകത്തു നടക്കുന്നതു പുറത്തറിയണമെന്നില്ല. തൊട്ടടുത്തു കടകളില്ല. ഇടറോഡ് കഴിഞ്ഞാണു പിന്നീട് കടകളുള്ളത്. പിക്കാസ്, ചുറ്റിക, വാക്കത്തികൾ, കൂന്താലി, ചങ്ങല, കയർ തുടങ്ങി എല്ലാ പണിയായുധങ്ങളും ജോർജിന്റെ കടയിൽ പലചരക്ക് സാധനങ്ങൾക്കു പുറമേ വിൽപനയ്ക്കുണ്ട്. കടയിലുണ്ടായിരുന്ന ആയുധങ്ങൾ അക്രമികൾ ഉപയോഗിച്ചിരുന്നോ എന്നും വ്യക്തമല്ല. ആന്റോ ആന്റണി എംപി, കെ.യു.ജനീഷ് കുമാർ എംഎൽഎ എന്നിവരും സംഭവ സ്ഥലം സന്ദർശിച്ചു.

കൊല്ലപ്പെട്ട ജോർജ് ഉണ്ണൂണ്ണിയുടെ മൈലപ്ര പുതുവേലിൽ സ്റ്റോഴ്സിന്റെ മുൻഭാഗം. ചിത്രം: മനോരമ
കൊല്ലപ്പെട്ട ജോർജ് ഉണ്ണൂണ്ണിയുടെ മൈലപ്ര പുതുവേലിൽ സ്റ്റോഴ്സിന്റെ മുൻഭാഗം. ചിത്രം: മനോരമ

ഒന്നിലധികം ആളുകളോ?
ജോർജ് ഉണ്ണൂണ്ണിയെ ഒറ്റയ്ക്കു കീഴ്പ്പെടുത്താൻ എളുപ്പമല്ലെന്നും കൊലപാതക സംഘത്തിൽ ഒന്നിലധികം ആളുകൾ ഉണ്ടെന്നു സംശയിക്കുന്നതായി അദ്ദേഹത്തെ അടുത്തറിയാവുന്നവർ പറയുന്നു. രാവിലെ 2 മണിക്കൂറോളം കൃഷി സ്ഥലത്ത് അധ്വാനിച്ച ശേഷമാണു ജോർജ് ഉണ്ണൂണ്ണി കടയിൽ പോയിരുന്നതെന്നു സഹോദരൻ ബേബി മൈലപ്ര പറഞ്ഞു.

 പ്രായമുണ്ടെങ്കിലും നല്ല ആരോഗ്യവാനായിരുന്നു. ഉച്ചയ്ക്കു കസേരയിൽ അൽപനേരം മയങ്ങും. മുൻപു കരാറെടുത്തു വീടുകൾ നിർമിച്ചു നൽകിയിരുന്ന കാലം മുതൽ എപ്പോഴും പണം കയ്യിൽ കരുതുമായിരുന്നു. സ്വർണമാല ധരിക്കുന്നതും പതിവായിരുന്നുവെന്നു ബേബി ഓർക്കുന്നു. സ്ഥലം മനസ്സിലാക്കി ഏറെ ആലോചനകൾക്കു ശേഷമാണു അക്രമി സംഘം കൃത്യം നടത്തിയിട്ടുണ്ടാവുക. ഫോട്ടോസ്റ്റാറ്റ് മെഷീൻ വച്ചിരിക്കുന്ന അകത്തെ മുറിയിലാണു കൊലപാതകം നടന്നിരിക്കുന്നത്.

 അവിടെ എന്താണു നടക്കുന്നതു പുറത്തുനിന്നു നോക്കിയാൽ കാണില്ലെന്നു ബേബി പറയുന്നു. അവിടെ എത്തിച്ച ശേഷം ഒന്നോ അതിലധികമോ ആളുകൾ ചേർന്നു കസേരയിൽ കെട്ടിയിട്ട ശേഷം കൊലപ്പെടുത്തിയതാകാമെന്നാണു ബേബിയുൾപ്പെടെ അടുത്ത ബന്ധുക്കൾ സംശയിക്കുന്നത്.

മൈലപ്രയിലെ കടയിൽ വ്യാപാരിയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച് 

പത്തനംതിട്ട ∙ മൈലപ്രയിലെ വ്യാപാരി പുതുവേലിൽ ജോർജ് ഉണ്ണൂണ്ണിയുടെ (73) കൊലപാതകം ശ്വാസംമുട്ടിച്ചെന്നു പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. മുഖത്ത് ക്ഷതമേറ്റിട്ടുണ്ടെന്നും വാരിയെല്ലുകളിലൊന്നിൽ പൊട്ടലുള്ളതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതായി അടുത്ത ബന്ധുക്കൾ പറഞ്ഞു. കൊലപാതകം നടന്നതു മോഷണത്തിനിടെയെന്ന് ഇന്നലെ പൊലീസ് സ്ഥിരീകരിച്ചിരുന്നു.

കസേരയിൽ കൈകാലുകൾ കൂട്ടിക്കെട്ടി വായിൽ തുണി തിരുകിയ നിലയിലാണു ശനിയാഴ്ച വൈകിട്ടു ജോർജ് ഉണ്ണൂണ്ണിയുടെ മൃതദേഹം കടയ്ക്കുള്ളിൽ കണ്ടെത്തിയത്. കഴുത്തു മുറുക്കി കൊലപ്പെടുത്തിയതിന്റെ ലക്ഷണങ്ങളാണു ശരീരത്തിലുള്ളതെന്നു ജില്ലാ പൊലീസ് മേധാവി വി.അജിത് പറഞ്ഞു. ജോർജ് ഉണ്ണൂണ്ണിയുടെ കഴുത്തിലുണ്ടായിരുന്ന 9 പവന്റെ മാലയും ലോക്കറ്റും കടയിലെ മേശയിലുണ്ടായിരുന്ന പണവും നഷ്ടമായിട്ടുണ്ട്. കഴുത്തു ഞെരിച്ചു കൊല്ലാൻ ഉപയോഗിച്ചെന്നു കരുതുന്ന 2 കൈലി മുണ്ടുകളും ഷർട്ടും പൊലീസ് കടയ്ക്കുള്ളിൽനിന്നു കണ്ടെടുത്തു. ശരീരത്തിൽ പുറമേ മറ്റു പരുക്കുകൾ കണ്ടിട്ടില്ല. മാലയുടെ കൊളുത്തു തറയിൽനിന്നു ലഭിച്ചിട്ടുണ്ട്. മേശ വലിപ്പു തുറന്നു കിടക്കുന്ന നിലയിലാണ്.

ഇന്നലെ രാവിലെ ആരംഭിച്ച ഇൻക്വസ്റ്റ് നടപടികൾ 12 മണിയോടെയാണു പൂർത്തിയായത്. പൊലീസ് നായ സംഭവ സ്ഥലത്തു നിന്നു മണം പിടിച്ചു 400 മീറ്റർ അകലെ ആൾത്താമസമില്ലാത്ത വീട്ടിലേക്ക് ഓടിക്കയറി. പൊലീസ് ഇവിടെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. വിവിധ സ്ഥലങ്ങളിൽ നിന്നു ശേഖരിച്ച സിസിടിവി ദൃശ്യങ്ങളുടെ പരിശോധന തുടരുകയാണ്. കടയിൽ സിസിടിവി ക്യാമറ ഉണ്ടെങ്കിലും ഹാർഡ് ഡിസ്ക് അടക്കം മോഷണം പോയതിനാൽ കടയെക്കുറിച്ചു വ്യക്തമായ ധാരണയുള്ളവരാണു കൃത്യത്തിനു പിന്നിലെന്നാണു പൊലീസ് സംശയം.
ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ 2 ഡിവൈഎസ്പിമാർ അടങ്ങിയ പ്രത്യേക സംഘമാണു കേസ് അന്വേഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com