കയറ്റവും കൊടുംവളവും തോണിക്കടവ്–കോളാമല–കൂനംകര റോഡിൽ അപകടക്കെണി
Mail This Article
തോണിക്കടവ് ∙ കയറ്റം കുറയ്ക്കാൻ 25 ലക്ഷം രൂപ ചെലവഴിച്ചു നിർമാണം പൂർത്തിയാക്കിയ തോണിക്കടവ്–കോളാമല–കൂനംകര റോഡിൽ അപകടക്കെണി. പെരുനാട്–പെരുന്തേനരുവി റോഡിൽനിന്നാണ് കൂനംകരയിലേക്കു വാഹനങ്ങൾ തിരിഞ്ഞുപോകുന്നത്. തോണിക്കടവ് ഭാഗത്തുനിന്ന് 50 മീറ്റർ പിന്നിട്ടെത്തുമ്പോൾ കയറ്റവും കൊടുംവളവുമാണ്. ഇതുമൂലം വാഹനങ്ങൾ തിരിച്ചെടുക്കാൻ ബുദ്ധിമുട്ടായിരുന്നു. ഇതിനു പരിഹാരം കാണാനാണ് കയറ്റം കുറയ്ക്കാൻ പിഡബ്ല്യുഡി പദ്ധതി തയാറാക്കിയത്. ഇപ്പോൾ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിക്കുന്ന സ്ഥിതിയാണ്.
വളവിൽ ഇടതുവശം ചേർന്നാണ് വാഹനങ്ങൾ കോളാമലയ്ക്കു പോകേണ്ടത്. ഇവിടെ മുഴങ്ങുപോലെ കയറ്റം നിലനിൽക്കുന്നതിനാൽ വലതുവശം പിടിച്ചാണ് വാഹനങ്ങൾ കയറ്റവും വളവും പിന്നിടുന്നത്. ഇത്തരത്തിൽ കയറ്റം കയറുമ്പോൾ ഇറക്കം ഇറങ്ങിവരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാധ്യത കൂടുതലാണ്. വാഹനങ്ങൾക്കു പരസ്പരം കാണാനാകാത്തതും കെണിയാണ്. അപകട മുന്നറിയിപ്പു ബോർഡുകളും സുരക്ഷാ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല. മണ്ണാരക്കുളഞ്ഞി–പമ്പ, പെരുനാട്–പെരുന്തേനരുവി എന്നീ പാതകളെ ബന്ധിപ്പിക്കുന്ന ഇടറോഡാണിത്. 10 കിലോമീറ്ററാണ് ദൂരം. 2005 ജൂൺ 22ന് പിഡബ്ല്യുഡി ഏറ്റെടുത്ത റോഡാണിത്.