കാവനാൽക്കടവ്– നെടുങ്കുന്നം റോഡ് നന്നാക്കാൻ നടപടി
Mail This Article
ആനിക്കാട് ∙ രണ്ടുവർഷത്തിലേറെയായി ദുരിതയാത്ര നേരിടേണ്ടിവന്ന കാവനാൽകടവ്–നെടുങ്കുന്നം റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് വഴിതെളിഞ്ഞു.പുനരുദ്ധാരണ പ്രവൃത്തികൾക്കായി പൊതുമരാമത്ത് മല്ലപ്പള്ളി സെക്‌ഷനിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ലെവൽസ് എടുക്കുന്ന പ്രവൃത്തികൾ ഇന്നലെ പൂർത്തിയാക്കി. ഉന്നതതലത്തിലുള്ള അംഗീകാരത്തിനായി ഉടൻ സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ജനുവരി 18ന് അവസാന തിയതിയായി ടെൻഡർ ക്ഷണിച്ചിരുന്നു. പരിശോധനകൾ നടത്തി കഴിഞ്ഞദിവസം കരാറുകാരനുമായി കരാർ ഉറപ്പിക്കുകയും ചെയ്തു. പുതിയ കലുങ്ക് നിർമിക്കുന്നതിനുള്ള പണികൾ ഈയാഴ്ചയ്ക്കുള്ളിൽ തുടങ്ങും.
ആനിക്കാട്ടിലമ്മ ശിവപാർവതി ക്ഷേത്രത്തിനു സമീപത്ത് പുതിയ കലുങ്ക് നിർമിക്കും. സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലമാണിവിടെ. കാവനാൽകടവ് പാലത്തിനു സമീപത്തുനിന്ന് നൂറോമ്മാവ് കവല വരെയുള്ള 2.5 കിലോമീറ്റർ ദൂരത്തിലുള്ള പ്രവൃത്തികളാണ് നടത്തുന്നത്. ബിഎം ബിസി നിലവാരത്തിലുള്ള ടാറിങ്ങാണ് നടത്തുന്നത്. നിലവിലുള്ള റോഡിന്റെ വീതി കുറഞ്ഞ ഭാഗങ്ങൾ ജിഎസ്ബി, ഡബ്ല്യുഎംഎം എന്നിവ ഉപയോഗിച്ച് ഉയർത്തി 5.50 മീറ്റർ വീതിയിലാണ് ടാറിങ്. വെള്ളമൊഴുകുന്നതിനാവശ്യമായ ഓടകളും നിർമിക്കും. പുതിയ ജിഎസ്ടി നിരക്ക് ഉൾപ്പെടുത്തി പുതുക്കിയ ഭരണാനുമതി പ്രകാരം 4.043 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.