ADVERTISEMENT

കുളനട ∙ മാന്തുക കുപ്പണ്ണൂർ ചാൽ പുനരുദ്ധാരണ ജോലികൾ ഏറിയ പങ്കും പൂർത്തിയായി ഒന്നര വർഷം പിന്നിട്ടിട്ടും പാടത്ത് നെൽക്കൃഷി തുടങ്ങാനായില്ല. പഞ്ചായത്തോ കൃഷി വകുപ്പോ ഇതിനുള്ള നടപടികളും സ്വീകരിച്ചില്ല. 3 പതിറ്റാണ്ടായി തരിശ് കിടന്ന പാടത്ത് നെൽക്കൃഷി വീണ്ടെടുക്കുമെന്ന പ്രഖ്യാപനവും വെറുംവാക്കായി. 2.18 കോടി രൂപ ചെലവഴിച്ചു ചാൽ പുനരുജ്ജീവനം നടത്തിയ ഇറിഗേഷൻ വകുപ്പ്, ശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കാൻ ഇനിയും ഫണ്ട് ആവശ്യപ്പെട്ട് കാത്തിരിപ്പിലുമാണ്.

റീബിൽഡ് കേരളയിൽ ലോക ബാങ്ക് സഹായത്തോടെയായിരുന്നു പദ്ധതി. ചാലിലെ ചെളി നീക്കി,ആഴവും കൂട്ടി. 5 ഏക്കർ വിസ്തൃതിയുള്ള ചാൽ യന്ത്രസഹായത്തോടെ വീണ്ടെടുത്തിരുന്നു. എംസി റോഡിൽ നിന്നു ചാലിലേക്ക് 90 മീറ്റർ നീളത്തിലും ചാലിനു ചുറ്റും 2 മീറ്റർ ഉയരത്തിൽ 706 മീറ്റർ നീളത്തിലായി ബണ്ട് റോഡും നിർമിച്ചു. എന്നിട്ടും, പാടം തരിശാണ്. പഞ്ചായത്ത് കമ്മിറ്റിയിൽ ഈ വിഷയം ചർച്ച ചെയ്തിട്ടേയില്ലെന്നും ഇനി പരിഗണിക്കാമെന്നും പ്രസിഡന്റ് ചിത്തിര സി.ചന്ദ്രൻ പറയുന്നു.

ചാൽ പുനരുജ്ജീവനത്തിന്റെ പൂർണഫലം ലഭിക്കണമെങ്കിൽ പടിഞ്ഞാറ് അതിർത്തിയിൽ ചീപ്പ് നിർമിക്കണം. ആദ്യ പദ്ധതിയിൽ ഇത് ഉൾപ്പെട്ടില്ല. ഇതിനായി രൂപരേഖ തയാറാക്കി ചീഫ് എൻജിനീയർക്ക് കൈമാറിയിട്ടും ഒരു വർഷമായി. 42 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി കിട്ടിയില്ല. മഴക്കാലത്ത് ചാലിൽ നിന്നു വെള്ളം അച്ചൻകോവിലാറ്റിലേക്ക് തുറന്നു വിടാനും വേനൽക്കാലത്ത് പാടത്തേക്ക് വെള്ളം ഉപയുക്തമാക്കാനുമായിരുന്നു ചീപ്പ്.

ചാൽ പുനരുദ്ധാരണ പദ്ധതിയുടെ പ്രധാന ലക്ഷ്യം 70 ഏക്കറോളം വരുന്ന ഒന്നാം പുഞ്ചയിൽ കൃഷി തുടങ്ങുകയായിരുന്നു. ജലലഭ്യതയും പാടത്ത് കാർഷികോപകരണങ്ങൾ എത്തിക്കാനുള്ള സൗകര്യവുമായി. കൃഷി പുനരാരംഭിക്കാനുള്ള ദൗത്യം കൃഷി വകുപ്പ് തുടങ്ങിയിരുന്നു. എന്നാൽ,ചാലിൽ വെള്ളമുണ്ടെങ്കിലും പാടത്തേക്ക് വെള്ളമെത്താനുള്ള മാർഗങ്ങളില്ല. ഈ ന്യൂനത ജലസേചനവകുപ്പിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നു കൃഷി വകുപ്പ് അധികൃതർ പറയുന്നു.

ഒന്നാം പുഞ്ചയിൽ എംസി റോഡിന്റെ ഇരുവശങ്ങളും പുനരുദ്ധരിച്ച ചാലും ഫലപ്രദമായി ഉപയോഗിച്ചാൽ ടൂറിസം സാധ്യതയും ഏറെയായിരുന്നു. എന്നാൽ,നിലവിലുണ്ടായിരുന്ന വഴിയോര വിശ്രമകേന്ദ്രം തന്നെ കാടുമൂടിയ നിലയിലാണ്. മുൻപ്,ഒട്ടേറെ പേർ ഇവിടെ വിശ്രമിക്കാനെത്തിയിരുന്നു. ബണ്ട് റോഡിൽ ഇരിപ്പിടങ്ങളും ചാലിൽ പെഡൽ ബോട്ടിങ്ങും ആലോചിച്ചെങ്കിലും നടന്നില്ല. മീൻ പിടിക്കുന്നതിന് ലേലത്തിൽ നൽകുന്നത് പഞ്ചായത്തിനു വരുമാനമാകുമെങ്കിലും ആ സാധ്യതയും അധികൃതർ ഉപേക്ഷിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com