തീപിടിത്തം വ്യാപകം
Mail This Article
പുതുശേരിമല ∙ കടുത്ത ചൂടിൽ വ്യാപകമായി തീ പടരുന്നു. അഗ്നി രക്ഷാസേന നെട്ടോട്ടത്തിൽ. ഗതാഗത സൗകര്യമില്ലാത്ത തോട്ടങ്ങളിൽ തീ പടർന്നാൽ സേനാംഗങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത സ്ഥിതി.കഴിഞ്ഞ ദിവസങ്ങളിൽ പുതുശേരിമലയിൽ പാണ്ഡ്യൻപാറയിലും കരണ്ഡകത്തുംപാറയിലും തീ പടർന്നിരുന്നു. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് പാണ്ഡ്യൻപാറയിൽ കരിയിലകൾക്കും പുല്ലിനും തീ പിടിച്ചത്. സമീപവാസികൾ കണ്ടതിനാൽ നിയന്ത്രിക്കാനായി. കഴിഞ്ഞ വർഷവും ഇവിടെ തീ പടർന്നിരുന്നു. പാറപ്പുറത്ത് രാത്രിയിൽ സാമൂഹിക വിരുദ്ധരുടെ ശല്യമുണ്ട്.
ഇവിടത്തെ വഴിവിളക്കുകൾ കത്തുന്നില്ലെന്ന് പരാതിയുണ്ട്. ഇതാണു ശല്യം വർധിക്കാൻ കാരണം. കരണ്ടകത്തുംപാറയിൽ തിങ്കളാഴ്ച ഉച്ചയ്ക്കാണു തീ പടർന്നത്. അഗ്നി രക്ഷാസേന എത്തിയെങ്കിലും വാഹനം എത്തിപ്പെടാൻ പറ്റാത്ത പ്രദേശമായതിനാൽ അവർക്കു വെള്ളമൊഴിച്ച് അണയ്ക്കാനായില്ല. റോഡ് കോൺക്രീറ്റ് ചെയ്യുന്നവർ 300 മീറ്ററോളം ഹോസ് ഇട്ട് തീ നിയന്ത്രിക്കുകയായിരുന്നു. നാട്ടുകാരും അഗ്നി രക്ഷാസേനയും ഇതിൽ പങ്കാളികളായി. ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെ മോതിരവയൽ ഭാഗത്തും തീ പടർന്നു. അഗ്നി രക്ഷാസേനയാണ് നിയന്ത്രിച്ചത്.