നടപ്പാത കൈയേറിയുള്ള കച്ചവടം: കർശന നടപടിയെന്ന് ഉദ്യോഗസ്ഥർ
Mail This Article
പത്തനംതിട്ട ∙ കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്നു. നഗരപരിധിയിൽ നടപ്പാതകൾ കൈയേറിയും കച്ചവടസാധനങ്ങൾ നടപ്പാതയിലേക്ക് ഇറക്കി വച്ചും കച്ചവടം നടത്തുന്നത് പൊതുജനങ്ങൾക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന പരാതിയിൽ കർശനമായ നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്നു വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. താലൂക്ക് പരിധിയിലെ പല വാർഡുകളിലും തെരുവുവിളക്കുകൾ പകൽ സമയത്തും കത്തിക്കിടക്കുന്നത് ഒഴിവാക്കാനാവശ്യമായി നടപടികൾ സ്വീകരിക്കും.
നാരങ്ങാനം പ്രദേശത്തേക്കുളള രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കണമെന്നും കടമ്മനിട്ട പ്രാദേശിക കുടിവെള്ള ജലവിതരണ പദ്ധതിയുമായി ബന്ധപ്പെട്ട പമ്പ് ഹൗസ് പുനരുദ്ധാരണം നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും യോഗത്തിൽ നിർദേശമുയർന്നു. ജനറൽ ആശുപത്രിയിലെ ലാബ് എക്‌സറേ, സ്‌കാനിങ് കൗണ്ടറുകളിൽ രാത്രി കാലങ്ങളിൽ രോഗികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും വകുപ്പിനു യോഗത്തിൽ നിർദേശം നൽകി.
പത്തനംതിട്ട – എറണാകുളം അമൃത ബസ് പുനരാരംഭിക്കാനും ജില്ലാ പാസ്‌പോർട്ട് സേവാകേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കും. ജില്ലാ പഞ്ചായത്ത് ഓഫിസിനു പിന്നിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ നടപടികൾ സ്വീകരിക്കാനും കുളനടയിലെ പോളച്ചിറ ടൂറിസം പദ്ധതി യാഥാർഥ്യമാക്കാനുള്ള നടപടികളാരംഭിക്കണമെന്നും നിർദേശമുയർന്നു.
ഇലന്തൂർ പഞ്ചായത്ത് പ്രസിഡന്റ് മേരി മാത്യു അധ്യക്ഷത വഹിച്ചു. കോഴഞ്ചേരി തഹസിൽദാർ കെ.ജയ്ദീപ്, ഡപ്യൂട്ടി തഹസിൽദാർ ബിനു ഗോപാലകൃഷ്ണൻ, എം.പിയുടെ പ്രതിനിധി ജെറി മാത്യു സാം, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്, കുളനട പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി.ചന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.