പുതുശേരി–പുറമറ്റം–കുമ്പനാട് റോഡ് സ്ഥിരം അപകടപാത
Mail This Article
കല്ലൂപ്പാറ ∙ പുതുശേരി–പുറമറ്റം–കുമ്പനാട് റോഡിൽകൂടിയുള്ള വാഹനയാത്ര അപകടഭീതിയിലെന്ന് പരാതി.കഴിഞ്ഞ ജൂൺ മാസത്തിൽ ബിഎം ബിസി നിലവാരത്തിൽ ടാറിങ് നടത്തി മെച്ചപ്പെടുത്തിയെങ്കിലും കൊടുംവളവുകൾ നിവർക്കുന്നതിനും കറുത്തവടശേരിക്കടവ് പാലത്തിന്റെ സമീപനപാതകളിൽ ഇടിതാങ്ങിയും സ്ഥാപിക്കുന്നതിനും നടപടിയില്ലാത്തതാണ് യാത്ര അപകടഭീതിയിലാക്കുന്നത്.
പുതുശേരി കവലയോടു ചേർന്നുള്ള വളവും ചീങ്കപ്പാറയിലെ എസ് ആകൃതിയിലുള്ള വളവും അപകടക്കെണികളാണ്. റോഡ് നവീകരണത്തിന്റെ ഭാഗമായി ചീങ്കപ്പാറയിൽ നാമമാത്രമായി വീതി വർധിപ്പിച്ചുവെങ്കിലും അപകടഭീതി ഒഴിവായിട്ടില്ല.കറുത്തവടശേരിക്കടവ് പാലത്തിന്റെ ഇരുകരകളിലുമായി സമീപനപാതകൾ 200 മീറ്ററിലേറെ ദൂരത്തിൽ 30 അടിയിലേറെ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.
പുറമറ്റം പഞ്ചായത്ത് കരയിൽ ഇരുവശങ്ങളിലും കല്ലൂപ്പാറ പഞ്ചായത്തിന്റെ കരയിൽ ഒരുവശത്തും സംരക്ഷണവേലിയില്ല. ബിഎം ബിസി നിലവാരത്തിൽ ടാറിങ് നടത്തിയെങ്കിലും വാഹനസുരക്ഷയ്ക്കായി പ്രവൃത്തികളൊന്നും നടത്തിയിട്ടില്ല. 7 കോടി രൂപ ഭരണാനുമതി ലഭിച്ച പ്രവൃത്തിയാണിത്. 6.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് 5.30 മീറ്റർ വീതിയിൽ ടാറിങ് നടത്തുന്നതിനും അപകടകരമായ വളവുകൾ നിവർക്കുന്നതിനും പദ്ധതിയിട്ടിരുന്നു.
വാഹനങ്ങളുടെ സുരക്ഷയൊരുക്കുന്നതിന് അപകടകരമായ സ്ഥലങ്ങളിൽ ഇടിതാങ്ങി സ്ഥാപിക്കുന്നതിനും കുമ്പനാട്, പുറമറ്റം, കറുത്തവടശേരിക്കടവ്, പുതുശേരി എന്നിവിടങ്ങളിൽ പൂട്ടുകട്ട പാകുന്നതിനും വിഭാവനം ചെയ്തിരുന്നു. എന്നാൽ, പൂട്ടുകട്ടകൾ നിരത്തുന്ന പ്രവൃത്തികൾ നടത്തിയിട്ടില്ല. നടപ്പാതയും ബസ്ബേയും വാഹന പാർക്കിങ്ങിനുള്ള സൗകര്യമൊരുക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല.