2 വർഷമായിട്ടും വികസിച്ചു തീരാതെ റോഡ്; മതിയായെന്ന് നാട്ടുകാർ
Mail This Article
വെച്ചൂച്ചിറ ∙ നാടിനു ശാപമായി മാറുകയാണു മഠത്തുംചാൽ–മുക്കൂട്ടുതറ റോഡ് വികസനം. ടാറിങ്ങിനു തടസ്സമായിരുന്ന വൈദ്യുതി തൂണുകളും പൈപ്പുകളും മാറ്റി സ്ഥാപിച്ചിട്ട് 2 വർഷത്തോളമായിട്ടും റോഡ് പണി പുനർ കരാർ ചെയ്തിട്ടില്ല. കിഫ്ബി ഏറ്റെടുത്ത വികസനമാണിത്. മഠത്തുംചാൽ–പിജെടി ജംക്‌ഷൻ, ഇട്ടിയപ്പാറ, കാവുങ്കൽപടി ബൈപാസുകൾ.
മന്ദമരുതി–വെച്ചൂച്ചിറ, വെച്ചൂച്ചിറകനകപ്പലം, വെച്ചൂച്ചിറ–ചാത്തൻതറ–മുക്കൂട്ടുതറ എന്നീ റോഡുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്.വീതി കൂട്ടൽ, വശം കെട്ടി ബലപ്പെടുത്തൽ, 5.50 മീറ്റർ വീതിയിൽ ബിഎം ബിസി ടാറിങ് തുടങ്ങിയ പണികൾ നടത്തുകയായിരുന്നു ലക്ഷ്യം. 31.5 കിലോമീറ്റർ റോഡിന് 42.18 കോടി രൂപയുടെ എസ്റ്റിമേറ്റാണ് കിഫ്ബി തയാറാക്കിയതും കരാർ ക്ഷണിച്ചതും. 34 കോടി രൂപയ്ക്കാണ് കരാർ ഉറപ്പിച്ചത്.
∙കരാർ റദ്ദാക്കി
അത്യാവശ്യ ഭാഗങ്ങളിൽ വശം കെട്ടി ബലപ്പെടുത്തി. ഏതാനും കലുങ്കുകളുടെ വീതി കൂട്ടി. എല്ലാ റോഡുകളിലും ബിഎം ടാറിങ് നടത്തി. ഇട്ടിയപ്പാറ, കാവുങ്കൽപടി ബൈപാസുകളിലും കനകപ്പലം–വെച്ചൂച്ചിറ, വെച്ചൂച്ചിറ–കൂത്താട്ടുകുളം എന്നീ റോഡുകളിൽ ബിസി ടാറിങ്ങും നടത്തി. 5.50 മീറ്റർ വീതിയിൽ ടാറിങ് പൂർണമായി നടത്തുന്നതിനു വൈദ്യുതി തൂണുകൾ തടസ്സമായിരുന്നു. അവ മാറ്റി സ്ഥാപിക്കുന്നതിനു കിഫ്ബി പണം അനുവദിച്ചതും പണി കരാർ ചെയ്തതും വൈകിയാണ്.
പണിക്കിടെ തുടരെ പൊട്ടുന്ന വെച്ചൂച്ചിറ ജല വിതരണ പദ്ധതിയുടെ പൈപ്പുകളും വില്ലനായിരുന്നു. പൈപ്പുകൾ മാറ്റിയിടുന്നതിനും കിഫ്ബി പണം അനുവദിച്ചിരുന്നു. ഇരു പണികളും പൂർത്തിയാക്കാൻ താമസം നേരിട്ടപ്പോൾ കരാറുകാരൻ പിൻവാങ്ങി. പിന്നാലെ കരാർ റദ്ദാക്കുകയും ചെയ്തു. ശേഷിക്കുന്ന പണി പൂർത്തിയാക്കുന്നതിനു കേരള റോഡ് ഫണ്ട് ബോർഡ് 25 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി കിഫ്ബിക്ക് സമർപ്പിച്ചിട്ടുണ്ട്. ഇതുവരെ പണികൾക്ക് അനുമതി നൽകുകയോ കരാർ ക്ഷണിക്കുകയോ ചെയ്തിട്ടില്ല.
∙കെണിയായി
വെച്ചൂച്ചിറ കവലയ്ക്കു സമീപവും നെല്ലിക്കമൺ ഫെഡറൽ ബാങ്കിനു സമീപവും വശം ഇടിഞ്ഞു കിടക്കുകയാണ്. ചുവന്ന തുണികെട്ടിയ കമ്പി നാട്ടിയും ടാർ വീപ്പകൾ നിരത്തിയും അപകട മുന്നറിയിപ്പു നൽകിയിരിക്കുകയാണ്. വാഹനങ്ങൾ വശം ചേർത്താൽ അപകടത്തിൽപ്പെടും.
കൂടാതെ വശം കെട്ടി ബലപ്പെടുത്തേണ്ട ഭാഗങ്ങൾ ഇനിയുമുണ്ട്. ഇട്ടിയപ്പാറ ബൈപാസിന്റെ വശത്തെ കൽക്കെട്ടിനും നാശം നേരിട്ടുണ്ട്. ജനങ്ങൾക്കു സുരക്ഷിത യാത്രയൊരുക്കാൻ അടിയന്തരമായി പണി പൂർത്തിയാക്കുകയാണു വേണ്ടത്. ജനപ്രതിനികളുടെ ഇടപെടലാണ് ഇതിനാവശ്യം.