'ടാറിങ് ഉയരത്തിൽ'; അപകടക്കെണിക്ക് പരിഹാരമില്ല
Mail This Article
മല്ലപ്പള്ളി∙ തിരുവല്ല റോഡിൽ മൂശാരിക്കവലയ്ക്കു സമീപം ടാറിങ് ഉയരത്തിൽ സ്ഥിതിചെയ്യുന്നത് അപകടക്കെണിയായിട്ടും പുനരുദ്ധരിക്കാൻ നടപടിയില്ല. ടാറിങ്ങിന്റെ ഉപരിതലം മറ്റുള്ളിടത്തെക്കാളും ഒരടിയിലേറെ ഉയരത്തിൽ സ്ഥിതിചെയ്യുന്നതാണ് അപകടഭീഷണിയാകുന്നത്. മഴക്കാലത്തെ ശക്തമായ നീരൊഴുക്കാണ് മണ്ണ് ഒലിച്ചുപോകാൻ കാരണം. റോഡിൽ അടുത്തിടെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടും അപകടക്കെണി ഇല്ലാതാക്കാൻ അധികൃതർ തയാറായില്ല. എതിർദിശയിൽനിന്നു വലിയ വാഹനങ്ങൾ എത്തുമ്പോൾ ചെറുകിട വാഹനങ്ങൾക്ക് വശങ്ങളിലേക്ക് ഇറക്കുവാൻ കഴിയാത്ത അവസ്ഥയാണ്.
ദിവസങ്ങൾക്കു മുൻപ് ഇരുചക്രവാഹന യാത്രക്കാരി അപകടത്തിൽപെട്ടു. ഭാഗ്യംകൊണ്ടാണ് കാര്യമായ പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. കയറ്റവും ഇറക്കവും വളവുമുള്ള റോഡിൽ ഏതുനിമിഷവും അപകടമുണ്ടാകാനുള്ള സാധ്യതയേറെയാണ്. ടാറിങ്ങിന് വീതി കുറവായതും പ്രശ്നം സങ്കീർണമാക്കുന്നു. കെഎസ്ആർടിസി–സ്വകാര്യ ബസുകൾ, ടിപ്പർ ലോറികളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഓരോ നിമിഷവും കടന്നുപോകുന്നത്. റോഡിലെ അപകടാവസ്ഥ പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.