മാരാമൺ കൺവൻഷന് ഇന്നു തുടക്കം: തീരം, വചനസാഗരം
Mail This Article
ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത
മാരാമൺ കൺവൻഷന്റെ 129ാമത് യോഗം ഇന്നു മുതൽ 18 വരെ പമ്പയുടെ വിരിമാറിൽ സമ്മേളിക്കുന്നു. നവീകരണ ദർശനം ഉയർത്തിപ്പിടിക്കുന്ന മാർത്തോമ്മാ സഭ എക്കാലവും ദൈവവചനം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും ജീവിതത്തിൽ പ്രായോഗികമാക്കുന്നതിനും പ്രഥമ സ്ഥാനം നൽകുന്നു.
കൺവൻഷന്റെ ഐശ്വര്യപൂർണമായ ആരംഭവും ചലനാത്മകമ മുന്നേറ്റവും ശുഭകരമായ പര്യവസാനവും ദൈവവചനം കേൾക്കുന്നതിന് വീണ്ടും അവസരം ഉണ്ടാകണമെന്ന കേൾവിക്കാരുടെ ആഗ്രഹം എല്ലാ വർഷവും കൺവൻഷൻ ക്രമീകരിക്കുന്നതിന് ഉത്തേജനമാണ്.
വിശാല എക്യുമെനിസത്തിന്റെ മാതൃകയും അടയാളവുമാണ് മാരാമൺ. ജാതി മത വർഗ വർണ വേലിക്കെട്ടുകളില്ല. വിവിധ വിശ്വാസങ്ങളിലുള്ളവർ മാരാമണ്ണിൽ വചനത്തിന്റെ പൊരുൾ തിരിച്ചിട്ടുണ്ട്. ദൈവവചനം പഠിക്കുക, വ്യാഖ്യാനിക്കുക, പഠിപ്പിക്കുക, പ്രമാണിക്കുക എന്നത് സഭയുടെ ദൗത്യം നിർവഹിക്കുന്നതിന് അനിവാര്യമാണ്.
മാരാമണ്ണിലെ വേദപഠനവും ധ്യാനങ്ങളും വചനപ്രഘോഷണവും യുവവേദിയും കുടുംബ വേദിയുമെല്ലാം ദൈവവചനത്തിന്റെ പുത്തൻ വ്യാഖ്യാനങ്ങളാണ് നൽകുന്നത്. മനുഷ്യ മനസ്സുകളിൽ സാമൂഹിക അവബോധം ഉണർത്താൻ പര്യാപ്തമാണ് മാരാമണ്ണിലെ വചനകേൾവി. അശരണരെ കരുതുന്നതിനും മന്ദിര പ്രസ്ഥാനം സഭയിൽ രൂപപ്പെടുന്നതിനും വചനം കാരണമായി.
വചന പ്രഘോഷണത്തിന്റെ ലക്ഷ്യം വ്യക്തികളുടെ മാനസാന്തരം മാത്രമല്ല, സമൂഹത്തിന്റെ ആകമാന പരിവർത്തനമാണ്. വചനത്തിലേക്ക് തിരിഞ്ഞ് രൂപാന്തരപ്പെടുക എന്നതാണ് മാരാമൺ കൺവൻഷന്റെ ലക്ഷ്യം. മാരാമൺ ഒരു ജനകീയ മുന്നേറ്റമാണ്. സമൂഹത്തിന്റെ രൂപാന്തരവും മനുഷ്യരാശിയുടെ രക്ഷയും സകല ജീവജാലങ്ങളുടെയും സമൃദ്ധമായ ജീവനും നിലനിൽപും പ്രകൃതിയുടെ സമഗ്രതയുമാണ് മാരാമണ്ണിന്റെ സന്ദേശം.
സാമൂഹിക തിന്മകൾക്കെതിരെ ആഞ്ഞടിക്കുന്ന പ്രവാചക ശബ്ദത്തിന്റെ ഭൂമികയാണ് മാരാമൺ. ജാഗ്രതയോടെ ജീവിച്ച് ബദൽ സമൂഹമായി നിൽക്കാൻ വിശ്വാസ സമൂഹത്തെ മാരാമൺ കൺവൻഷൻ ആഹ്വാനം ചെയ്യുന്നു. അയിത്തം, അടിമത്തം, ഉച്ചനീചത്വങ്ങൾ, വിവേചനങ്ങൾ, അഴിമതി, കൈക്കൂലി, കരിഞ്ചന്ത, ധൂർത്ത്, ആഡംബര ഭ്രമം, ലഹരി ഉപയോഗം, പരിസ്ഥിതി ചൂഷണവും മലിനീകരണവും, നിരാശ്രയരുടെ ക്ഷേമവും സംരക്ഷണവും തുടങ്ങിയ വിഷയങ്ങൾ കൺവൻഷൻ ഗൗരവമായി കാണുന്നു.
സാമൂഹിക പ്രതിബദ്ധതയോടെ പരിഹാര മാർഗങ്ങൾ ആവിഷ്കരിക്കാനും നടപ്പിൽ വരുത്താനും ശ്രമിക്കുന്നു. മന്ദിരങ്ങൾ, ആതുരാലയങ്ങൾ, ഡി-അഡിക്ഷൻ സെന്ററുകൾ, സ്പെഷൽ സ്കൂളുകൾ, കൗൺസലിങ് സ്ഥാപനങ്ങൾ, ഭൂഭവനദാനം, വിവാഹ സഹായം, വിദ്യാഭ്യാസ സഹായം തുടങ്ങിയ ദൃശ്യകർമ പദ്ധതികൾ ക്രിസ്തു വിളംബരം ചെയ്ത സമൃദ്ധിയായ ജീവനും സമ്പൂർണ മനുഷ്യരക്ഷയും വർത്തമാനകാല യാഥാർഥ്യമാക്കി തീർക്കുന്നു.
കേരളത്തിന് നവോഥാനം അനുഭവമാക്കുന്നതിന് മാരാമൺ കൺവൻഷൻ നിസ്തുല പങ്ക് വഹിച്ചിട്ടുണ്ട്. കൺവൻഷനിൽ നിന്നു ഉൾപ്രേരണ ലഭിച്ച് ഒട്ടേറെ ആളുകൾ ഗ്രാമോദ്ധാരണത്തിനും സമൂഹ നിർമിതിക്കും പരസ്നേഹ പ്രവർത്തനങ്ങൾക്കും അർപ്പണബോധത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെന്നെത്തി ചലനാത്മക കർമപരിപാടികളിൽ വ്യാപൃതരായിരിക്കുന്നത് വിസ്മരിക്കാവുന്നതല്ല.
ലാളിത്യത്തിന്റെയും പ്രകൃതി സൗഹൃദത്തിന്റെയും ഇടം കൂടിയാണ് മാരാമൺ. കൺവൻഷനിലൂടെ സഭയ്ക്കും സമൂഹത്തിനും കൈവന്ന ആത്മീയ ഉന്മേഷത്തിനും സാമൂഹിക ഉത്തരവാദിത്തബോധത്തിനും പുതിയ പദ്ധതികളുടെ ആരംഭത്തിനും ദൈവത്തെ മഹത്വപ്പെടുത്താം.
കൺവൻഷന്റെ ശക്തി പ്രാർഥനയുടെ ശക്തിയാണ്. കൺവൻഷന്റെ ശാക്തീകരണം കാലോചിതമായ നവീകരണവും പരിവർത്തനവുമാണ്. കൺവൻഷന്റെ ആത്യന്തിക ലക്ഷ്യം ദൈവവചനം വിഭാവന ചെയ്യുന്ന പുതിയ ആകാശവും പുതിയ ഭൂമിയുമാണ്.
പുതിയ തലമുറയെ തിരുവചനത്തിന്റെ ആനുകാലിക വ്യാഖ്യാനം നൽകുന്നതിനും ആത്മധൈര്യവും ഉൾക്കരുത്തും പകർന്ന് ക്രിസ്തുവിന്റെ സാക്ഷികളാകാൻ മാരാമണ്ണിന്റെ സന്ദേശങ്ങൾ സജ്ജമാക്കട്ടെ. ദൈവനീതിയുടെ പുതിയ ആകാശവും പുതിയ ഭുമിയും വർത്തമാന കാലമാക്കുന്ന സുവിശേഷഘോഷണവും അതിന്റെ പ്രായോഗികതയും മാരാമണ്ണിന് അവകാശപ്പെട്ടതാണ്.
വചനം ജഡം ധരിക്കുന്ന ആത്മാവിൽ എരിവുള്ള ക്രിസ്തു ഭാവം ഉൾക്കൊള്ളുന്ന നവ്യാനുഭവത്തിലേക്ക് നയിക്കുവാൻ ഈ വർഷത്തെ മാരാമൺ കൺവൻഷനിലൂടെ സാധ്യമാകട്ടെ.
വചനോൽസവത്തിൻ്റെ മഹാപ്രവാഹം:ഡോ. ഐസക് മാർ പീലക്‌സിനോസ് പ്രസിഡന്റ്, മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘം
മാരാമൺ കൺവൻഷനിൽ സുവിശേഷത്തിന്റെ പങ്കിടലാണ് നിർവഹിക്കപ്പെടുന്നത്. സുവിശേഷത്തിന്റെ പ്രകാശം ഉൾക്കൊള്ളുകയും അത് പ്രഘോഷിക്കുകയും ചെയ്യുക എന്നതാണ് സുവിശേഷവേലയുടെ കാതൽ.
ദേശത്തിന്റെ മൂല്യബോധത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിനു കൺവൻഷൻ മുഖാന്തരമായി തീർന്നിട്ടുണ്ട്. നിർമല സുവിശേഷം ജനഹൃദയങ്ങളിൽ ഉളവാക്കുന്ന പരിവർത്തനം മാരാമൺ കൺവൻഷന്റെ പ്രത്യേകതയാണ്. സാന്മാർഗിക ജീവിത പ്രചോദനത്തിനും സൗഹൃദ കൂട്ടായ്മയ്ക്കും മാരാമൺ മണൽപുറം വേദിയാകുന്നു.
ആവേശം ഉണർത്തുന്ന ഗാനങ്ങൾ സമൂഹം ഏറ്റെടുത്ത് തുടർ ആരാധനകളിലും ഉപയോഗിക്കുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള പ്രസംഗകർ രാജ്യാന്തര ക്രൈസ്‌തവ ധാരകളെ പരിചയപ്പെടുത്തുന്നെന്നു മാത്രമല്ല, കേരള ക്രൈസ്‌തവ സഭയുടെ ശക്തീകരണങ്ങൾ അവർക്കു പകർന്നു കൊടുക്കാനും കൺവൻഷൻ മുഖാന്തരമാകുന്നു.
മാർത്തോമ്മാ സഭയ്ക്കു വേണ്ടി സുവിശേഷ പ്രസംഗ സംഘം ആണ് കൺവൻഷൻ ക്രമീകരിക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളും മാരാമണ്ണിനു സമീപത്തെ പഞ്ചായത്തുകളും വിവിധ സ്ഥാപനങ്ങളും കൺവൻഷൻ നടത്തിപ്പിൽ പങ്കുചേരുന്നു. നാനാജാതിമതസ്ഥരും തങ്ങളുടെ ആത്മീയ സംഗമം എന്ന ചിന്തയിൽ ആവശ്യമായ പിന്തുണ നൽകുന്നുണ്ട്.
മാരാമൺ കൺവൻഷൻ മണൽപുറം പരിസ്ഥിതി സൗഹാർദപരമായി സൂക്ഷിക്കാൻ സംഘാടകർ പ്രതിജ്ഞാബദ്ധരാണ്. മാർത്തോമ്മാ സഭ ഈ മേഖലയിൽ ബോധവൽക്കരണം നടത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ദൈവിക മൂല്യങ്ങളിലൂന്നിയ സമൂഹ സൃഷ്ടി നടത്തുവാനും കൺവൻഷൻ ആഹ്വാനം ചെയ്യുന്നു.
സാമൂഹിക തിന്മകൾക്കെതിരെ മനുഷ്യ മനസ്സാക്ഷി ഉണർത്താൻ കഴിഞ്ഞ കാലങ്ങളിൽ കൺവൻഷനു കഴിഞ്ഞിട്ടുണ്ട്. അശരണരുടെയും ഉന്നമനത്തിനായി പ്രസ്ഥാനങ്ങൾ ആരംഭിക്കുവാൻ കൺവൻഷൻ പ്രചോദനമായിട്ടുണ്ട്.
ഭവനവും ദേശവും സമൂഹവും രാഷ്ട്രവും നവ ചൈതന്യം പ്രാപിച്ച്, നവ ദർശനത്തോടെ, പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കാനുള്ള ദൈവിക പ്രവർത്തനത്തിന്റെ പങ്കുകാരാകുന്ന സഹപ്രവർത്തകർ ഉണ്ടായി വരാനും അവർ കർമനിരതരാകുവാനും ഈ വർഷത്തെ വചന പ്രഘോഷണം മുഖാന്തരമായി ഭവിക്കട്ടെ. ജീവ ചൈതന്യത്തെ നവ്യമായി കാക്കുന്ന അമൃതായി വചനമാരി തീരട്ടെ.
ദൈവം നൽകിയ അടയാളം: റവ. എബി കെ.ജോഷ്വ ജനറല്‍ സെക്രട്ടറി, മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം
മലങ്കര സഭയുടെ ചരിത്രത്തില്‍ മാര്‍ത്തോമ്മാ സഭയ്ക്ക് റോയല്‍ കോര്‍ട്ട് വിധിയിലൂടെ സ്വത്തും പള്ളികളും നഷ്ടപ്പെട്ടപ്പോള്‍, ദൈവം സഭാമക്കള്‍ക്ക് നല്‍കിയ ആത്മീയ പ്രകാശനത്തിന്റെ അവര്‍ണനീയ അടയാളപ്പെടുത്തലാണ് 1888ല്‍ ആരംഭിച്ച മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘവും 1895ല്‍ തുടക്കം കുറിച്ച മാരാമണ്‍ കണ്‍വന്‍ഷനും.
ദൈവ വചന പ്രഘോഷണത്തിനായി വിശാലമായ വചന കൂടാരം ഒരുക്കപ്പെടുന്നത് പ്രകൃതിയോടുള്ള നല്ല ബന്ധത്തിലും മനുഷ്യരുടെ പരസ്പര സഹകരണത്തിലുമാണ്. വിദേശികളും സ്വദേശികളുമായ പ്രസിദ്ധരായ പ്രസംഗകര്‍ വചനപ്രഘോഷണം നിര്‍വഹിക്കുന്ന മാരാമണ്‍ കണ്‍വന്‍ഷന്‍ വ്യത്യസ്ത സാംസ്‌കാരിക പശ്ചാത്തലത്തില്‍ നിന്നുള്ള വചന പ്രഘോഷകരാല്‍ വ്യത്യസ്തതയുള്ളതാകുന്നു.
ജാതി വ്യവസ്ഥയും അയിത്തവും ശക്തമായി നിലനിന്ന സാഹചര്യത്തിലും തുറന്ന മനസ്സോടെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനമായിരുന്നു മാരാമണ്‍ കണ്‍വന്‍ഷന്റേത്. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ട അനേകര്‍ക്ക് മാരാമണ്‍ കണ്‍വന്‍ഷനും മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘവും മനുഷ്യത്വത്തിന്റെ ശക്തമായ സാന്നിധ്യമായി.
മാരാമണ്‍ കണ്‍വന്‍ഷനില്‍ പ്രഘോഷിക്കപ്പെട്ട വചനത്തിന്റെ സ്വാധീനം ഭാരതത്തിലെ ഗ്രാമങ്ങളെ തേടി അവരുടെ ഉദ്ധാരണത്തിനായി പോകുവാന്‍ സഭയെയും സഭാമക്കളെയും പ്രേരിപ്പിച്ചു. മാരാമണ്ണില്‍ മുഴങ്ങിക്കേട്ട വചനത്തിന്റെ പ്രായോഗിക ആവിഷ്‌ക്കാരങ്ങളായിരുന്നു ആദ്യകാലങ്ങളില്‍ ആരംഭിച്ച അഗതി മന്ദിരങ്ങള്‍ ഉള്‍പ്പെടെയുള്ള ആതുര ശുശ്രൂഷാ കേന്ദ്രങ്ങള്‍.
മലങ്കര സഭയിലെ ശുചീകരണത്തിനും നവീകരണത്തിനും നേതൃത്വം നല്‍കിയ സഭാ പിതാക്കന്മാരുടെയും വൈദികരുടെയും അൽമായ നേതൃത്വത്തിന്റെയും അര്‍ഥവത്തായ സാക്ഷ്യത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ് മാരാമണ്‍ കണ്‍വന്‍ഷന്‍.
കണ്‍വന്‍ഷന് ആതിഥേയത്വം നല്‍കുന്ന മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം എല്ലാവരെയും മാരാമണ്ണിലേക്ക് സ്വാഗതം ചെയ്യുന്നു. വരുംദിനങ്ങള്‍ ക്രിസ്തു സാക്ഷ്യത്തിന്റെ ഊഷ്മള ദിനങ്ങളായി തീരട്ടെയെന്ന് ആശംസിക്കുന്നു.