ADVERTISEMENT

നാട്ടിലിറങ്ങുന്ന വന്യജീവികളുടെ ആക്രമണം ഒരു വശത്ത്, കൃഷിനാശം മറുവശത്ത്. വന്യജീവി ആക്രമണം പ്രതിരോധിക്കാൻ ഇത്തവണത്തെ ബജറ്റിൽ സംസ്ഥാനത്തൊട്ടാകെ അനുവദിച്ചത് 48.85 കോടി രൂപ മാത്രം. തുക അപര്യാപ്തമാണെന്നും വന്യജീവികളിൽനിന്നു ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണമെന്നും ആവശ്യപ്പെട്ട് മലയോര മേഖലയിലെയും നാട്ടിൻപുറങ്ങളിലെയും നാട്ടുകാർ. ബജറ്റിൽ വകയിരുത്തിയ തുകകൊണ്ടു വേണം സൗരോർജ വേലി സ്ഥാപിക്കലും കിടങ്ങ് നിർമാണവുമടക്കം നടത്താൻ.

ജില്ലയിൽ മിക്കയിടങ്ങളിലും സൗരോർജ വേലികൾ തകർന്ന നിലയിലാണ്. നീക്കിയിരിപ്പ് തുക കുറവായതിനാൽ ഇവയുടെ നിർമാണ പ്രവർത്തനങ്ങളും അവതാളത്തിലാകാനാണു സാധ്യത.  വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം പോലും സമയബന്ധിതമായി കൊടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും പരാതിയുണ്ട്. കാട്ടാന,പന്നി, കാട്ടുപോത്ത്,മ്ലാവ്,കേഴ,കുരങ്ങ് തുടങ്ങിയ മൃഗങ്ങളാണ് കൃഷികൾക്കു കൂടുതൽ ഭീഷണി. ജില്ലയിലെ നല്ലൊരു ശതമാനം ആളുകൾ ഇതുകൊണ്ടുള്ള ദുരിതം നേരിട്ടനുഭവിക്കുന്നുണ്ട്.

കർഷകർ കൃഷിയിറക്കും,  മൃഗങ്ങൾ വിളവെടുക്കും
കർഷകർ കൃഷിയിറക്കും, വന്യമൃഗങ്ങളാണു വിളവെടുക്കുന്നത്. വനാതിർത്തികളിൽ മാത്രമല്ല, നാട്ടിൻപുറങ്ങളിലും ഇതാണു കാഴ്ച. കുരങ്ങ്,കാട്ടുപന്നി, കാട്ടാന എന്നിവയാണ് ദിവസവും കൃഷിയിടങ്ങളിലെത്തി നാശം വിതയ്ക്കുന്നത്. കപ്പ, ചേമ്പ്, കാച്ചിൽ, വാഴ, തെങ്ങിൻതൈകൾ എന്നിവ കാട്ടുപന്നിയും കാട്ടാനയും നശിപ്പിക്കുമ്പോൾ മേലാദായം എടുക്കുന്നത് കുരങ്ങന്മാരാണ്. കണ്ണുചിമ്മിയാൽ ഓടിളക്കി വീടിനുള്ളിലെത്തും. ചക്കയും മാങ്ങയും തേങ്ങയും വാഴക്കുലകളുമൊന്നും ബാക്കിവയ്ക്കാതെയാണ് കുരങ്ങന്മാർ കൂട്ടത്തോടെയെത്തി നശിപ്പിക്കുന്നത്. വേലിയെപ്പറ്റി കാട്ടാനകൾക്കും ഇപ്പോൾ വ്യക്തതയുണ്ട്. കാലുകൊണ്ട് വേലി തകർത്താണ് കൃഷിയിടങ്ങളിലെത്തുന്നത്. പമ്പാ നദിയും കല്ലാറും കടന്ന് കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലെത്തുന്നു. ഇത് എത്രനാൾ സഹിക്കണമെന്നാണു കർഷകരുടെ ചോദ്യം. 

കാട്ടുപന്നി ആക്രമണത്തിൽ വലഞ്ഞ് കോന്നി, പെരുമ്പെട്ടി
കാട്ടുപന്നിയുടെ ആക്രമണം മൂലം വാഹനയാത്രികർക്കും കാൽനടക്കാർക്കും പരുക്കേൽക്കുന്ന സംഭവം കോന്നിയിൽ വർധിച്ചു. 2 മാസത്തിനിടെ പന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ ഒട്ടേറെ സംഭവങ്ങളുണ്ടായി. വകയാർ മ്ലാന്തടത്ത് പന്നി കുത്തി നിലത്തിട്ട് 87 വയസ്സുകാരന് വാരിയെല്ലിനു പൊട്ടലുണ്ടായതാണ് ഒടുവിലത്തെ സംഭവം. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിൽനിന്ന് ഒന്നര കിലോമീറ്റർ ഉള്ളിലായി മ്ലാന്തടം-മുറ്റാക്കുഴി റോഡിൽ കയ്യാണിപ്പടി ഭാഗത്ത് കഴിഞ്ഞ ദിവസം രാവിലെ ആറിനായിരുന്നു സംഭവം.

ഷീല ഭവനം കെ.കൃഷ്ണൻ കുട്ടിക്കാണ് പരുക്കേറ്റത്. കഴി‍ഞ്ഞ മാസം 11നാണ് കാട്ടുപന്നി ഇടിച്ചു ബൈക്കു മറിഞ്ഞുണ്ടായ അപകടത്തിൽ മണ്ണീറ പാലമൂട്ടിൽ അർഷാദ് ഷാജഹാന്(27) പരുക്കേറ്റത്. ബോധം നഷ്ടപ്പെട്ട അർഷാദിനെ നാട്ടുകാരാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചത്. 15 ദിവസം ആശുപത്രിയിൽ കിടക്കേണ്ടി വന്നു. കൈക്ക് ഓപ്പറേഷൻ കഴിഞ്ഞ് കമ്പി ഇട്ടിരിക്കുകയാണ്. ഒരു മാസം കൂടി വീട്ടിൽ കിടക്കേണ്ടി വരും. ഇനിയും ജോലിക്കു പോകാൻ കഴിഞ്ഞിട്ടില്ല. 

പെരുമ്പെട്ടി മേഖലയിൽ 3 വർഷത്തിനിടെ 9 പേർക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റത്, ഇതിൽ രണ്ട് സ്ത്രീകളുമുണ്ട്. കുരങ്ങിന്റെ ആക്രമണത്തിൽ ഒരു സ്ത്രീക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവർക്ക് ഇതുവരെ നഷ്ടപരിഹാരവും ലഭ്യമായിട്ടില്ല. കോട്ടാങ്ങൽ,കൊറ്റനാട്, ഏഴുമറ്റൂർ പഞ്ചായത്തുകളിൽ ഒരുവർഷം ഏകദേശം 2300 ഏക്കറിൽ 1.8 കോടിയുടെ കാർഷിക നഷ്ടം വന്യമൃഗശല്യത്താൽ സംഭവിക്കുന്നതായാണ് കർഷകരുടെ കണക്കുകൾ.

കാട്ടുപന്നികളുടെ താവളമായി അടൂർ 
അടൂരിൽ കാടുവളർന്ന സ്ഥലങ്ങളിലേക്ക് പന്നികൾ എത്തുകയാണ്. ഏറത്ത് പഞ്ചായത്തിലെ വയല, ചൂരക്കോട്, മണക്കാല, പള്ളിക്കൽ പഞ്ചായത്തിലെ മുണ്ടപ്പള്ളി, പെരിങ്ങനാട്, തെങ്ങമം, പള്ളിക്കൽ, ഏഴംകുളം പഞ്ചായത്തിലെ പുതുമല, പാലമുക്ക്, തൊടുവക്കാണ്, നെടുമൺ, കൈതപ്പറമ്പ്, അടൂർ നഗരസഭയിലെ പന്നിവിഴ പുതുവാക്കൽ ഏല, പറക്കോട്, ആനന്ദപ്പള്ളി തുടങ്ങിയ മേഖലകളിലാണ് കൂടുതൽ ശല്യം. ഇവിടെ ചീനി, ചേമ്പ്, തെങ്ങിൻതൈകൾ, ഇഞ്ചി, വാഴ തുടങ്ങിയ കൃഷികൾ ഇളക്കി മറിച്ച് നശിപ്പിക്കുകയാണ്. പന്നികളെ വെടിവച്ചു കൊല്ലാൻ പഞ്ചായത്തുകൾക്ക് അനുമതി കൊടുത്തിട്ടും തോക്കിനു ലൈസൻസുള്ളവരെ കിട്ടാൻ പ്രയാസമാണെന്ന് പറഞ്ഞ് തദ്ദേശ സ്ഥാപന അധികൃതർ ഇക്കാര്യത്തിൽ ഇടപെടുന്നില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com