20 ലക്ഷത്തിന്റെ നിരോധിത പുകയില ഉൽപന്നം സവാള എന്ന പേരിൽ കടത്തി
Mail This Article
പത്തനംതിട്ട∙ സവാള എന്ന വ്യാജേനെ പിക്കപ്പ് വാനിൽ കടത്തിയ നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ. പാലക്കാട് തിരുമറ്റക്കോട് പാത്തന്നൂർ വലിയ തുടിയിൽ അമീൻ (38), പാലക്കാട് തിരുമറ്റക്കോട് നെല്ലിക്കാട്ടിൽ പാത്തന്നൂർ പുലാവട്ടത്ത് ഉനൈസ് (24) എന്നിവരാണ് വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ എംസി റോഡിലെ മുത്തൂരിൽ നിന്നും പിടിയിലായത്.
ബെംഗളൂരുവിൽ നിന്നാണ് 20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന പുകയില ഉൽപന്നങ്ങൾ കടത്തിയത്. ജില്ലാ പൊലീസ് മേധാവി വി.അജിത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നർകോട്ടിക് സെൽ ഡിവൈഎസ്പി ജെ.ഉമേഷ് കുമാറിന്റെ നിർദേശപ്രകാരം ഡാൻസാഫ് സംഘവും തിരുവല്ല ഡിവൈഎസ്പി എസ്.അഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പിക്കപ്പ് വാനിൽ സവാള ചാക്കുകൾക്ക് താഴെ ഒളിപ്പിച്ചിരുന്ന 45 ചാക്ക് ഹാൻസ് പിടികൂടിയത്.
കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും നിരോധിത പുകയില ഉൽപന്നങ്ങൾ എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായത്. തിരുവല്ലയിലെ മൊത്തക്കച്ചവടക്കാരന് കൈമാറാൻ കൊണ്ടുവന്നതാണ് നിരോധിത പുകയില ഉൽപന്നങ്ങൾ എന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.