മണിമലയാറ്റിലെ തേലപ്പുഴക്കടവ് തൂക്കുപാലം തുരുമ്പെടുത്ത് നശിക്കുന്നു
Mail This Article
പെരുമ്പെട്ടി ∙ തൂക്കുപാലത്തിലും തൂണുകളിലും തുരുമ്പ് വ്യാപിക്കുന്നു. കോട്ടാങ്ങൽ - ആനിക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണിമലയാറ്റിലെ വായ്പൂര് ശാസ്താംകോയിക്കൽ തേലപ്പുഴക്കടവ് തൂക്കുപാലത്തിലും തൂണുകളിലും തുരുമ്പ് വ്യാപിക്കുന്നത്. 2012ൽ ദുരന്തനിവാരണ പദ്ധതിയിൽപെടുത്തി 85,20,672 രൂപ ചെലവിൽ കെൽ നിർമിച്ച പാലത്തിന് 122 മീറ്റർ നീളവും 1.20 മീറ്റർ വീതിയുമാണുള്ളത്.
പാലത്തിന്റെ ഇരുകരകളിലുമുള്ള തൂണുകളിലും ഇതുമായി ബന്ധിപ്പിക്കുന്ന ഇരുമ്പ് കമ്പികളിലും യാത്രക്കാരുടെ സുരക്ഷയ്ക്കായി ഇരുവശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് വേലികളിലും നടപ്പാതയിലുമാണ് പെയിന്റ് ഇളകിമാറി തുരുമ്പ് വ്യാപിച്ചിരിക്കുന്നത്. കോട്ടാങ്ങൽ ആനിക്കാട്, പഞ്ചായത്തുകളിലെ നിവാസികൾക്കായി തുറന്നുകൊടുത്ത തൂക്കുപാലം ഇപ്പോൾ വിനോദസഞ്ചാരികളുടെ പറുദീസയാണ്. ഒരേ സമയം നിശ്ചിത യാത്രക്കാർ മാത്രമേ കയറാവൂ എന്ന് നിബന്ധനയുണ്ടെങ്കിലും അത് പാലിക്കപ്പെടാറില്ല. മുൻപ് ജില്ലാ പഞ്ചായത്തിൽനിന്നുള്ള തുക വിനിയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു.
എന്നാലിപ്പോൾ ഇപ്പോൾ അവഗണിക്കപ്പെട്ട സ്ഥിതിയിലാണ് പാലം. വായ്പൂര് എൻഎസ്എസ് ഹൈസ്കൂൾ, ഗവ. എംആർഎസ്എൽ ബിവി ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള വിദ്യാർഥികളടക്കം നിരവധി യാത്രക്കാരാണ് തൂക്കുപാലത്തെ ആശ്രയിക്കുന്നത്. ഇരുമ്പ് പട്ടകളിൽ തുരുമ്പ് വ്യാപിച്ചതിനാൽ കയ്യോ കാലോ തട്ടിയാൽ പരുക്കേൽക്കാനുള്ള സാധ്യതയുണ്ട്. തൂക്കുപാലത്തിന്റെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.