ആനയ്ക്കു പിന്നാലെ കാട്ടുപോത്തും; പുറത്തിറങ്ങാൻ ഭയന്ന് ജനം
Mail This Article
പേഴുംപാറ ∙ ആനയ്ക്കു പുറമേ കാട്ടുപോത്തുകളുടെ സാന്നിധ്യവും ജനവാസ കേന്ദ്രങ്ങളിലെത്തി. രാത്രിയും പകലും വീടുകൾക്കു പുറത്തിറങ്ങാൻ ജനത്തിനു ഭയം. പേഴുംപാറയിലെയും പരിസരങ്ങളിലെയും സ്ഥിതിയാണിത്. വടശേരിക്കര–ചിറ്റാർ റോഡിൽ പേഴുംപാറയ്ക്കു സമീപമാണ് വാഹന യാത്രക്കാർ രാത്രി കാട്ടുപോത്തുകളെ കണ്ടത്. റോഡ് കുറുകെ കടക്കുകയായിരുന്നു അവ. താമരപ്പള്ളി തോട്ടത്തിൽ മുൻപ് കടുവയുടെ സാന്നിധ്യം പ്രകടമായപ്പോൾ ഒളികല്ല് റോഡിൽ കാട്ടുപോത്തുകളെ കണ്ടിരുന്നു. കടുവയിൽ നിന്ന് രക്ഷപ്പെടുന്നതിനാണ് അവ തോട്ടത്തിൽ നിന്ന് റോഡിലെത്തിയത്. കടുവ പോയതിനു ശേഷം അവയെ കണ്ടിരുന്നില്ല.
എന്നാൽ ദിവസമെന്നോണം കാട്ടാനകൾ നാട്ടിലെത്തുന്നുണ്ട്. ബൗണ്ടറി വലിയത്തറയിൽ ജോൺ വി.ചെറിയാന്റെ മുന്നൂറോളം വാഴകളാണ് വെള്ളി, ശനി ദിവസങ്ങളിലായി രാത്രി കാട്ടാന നശിപ്പിച്ചത്. താമരപ്പള്ളി തോട്ടം, ചെമ്പരത്തിമൂട്, ഒളികല്ല് എന്നിവിടങ്ങളിൽ സ്ഥിരമായി കാട്ടാനകളെത്തുന്നുണ്ട്. കല്ലാറ് കടന്ന് അവ ശ്രീ അയ്യപ്പാ മെഡിക്കൽ കോളജ് ഭാഗത്തേക്കും പോകുന്നു.
കടുത്ത ചൂടിൽ വനത്തിലെ കാട്ടരുവികളും തോടുകളുമെല്ലാം വറ്റിയിരിക്കുകയാണ്. മറ്റു ജലാശയങ്ങളുമില്ല. വെള്ളം കുടിക്കാനും പച്ചപ്പു തേടിയുമാണ് കാട്ടുമൃഗങ്ങൾ ഇപ്പോൾ നാട്ടിലെത്തുന്നത്. വനാതിർത്തികളിൽ നിന്ന് മൂന്നും നാലും കിലോമീറ്ററുകൾ അകലെ വരെ കാട്ടാനകളെത്തുന്നുണ്ട്. വനാതിർത്തിയോടു ചേർന്ന ഭാഗങ്ങളിൽ പകലും കാട്ടാനകളെ കാണാറുണ്ട്. കുരുമ്പൻമൂഴി, പെരുന്തേനരുവി മേഖലകളിലും കാട്ടാനകൾ തുടരെയെത്തുന്നുണ്ട്.