കുത്തേറ്റ വീട്ടമ്മയുടെ ആരോഗ്യനില മെച്ചപ്പെടുന്നു
Mail This Article
പന്തളം ∙ മരുമകൻ കുത്തിപ്പരുക്കേൽപ്പിച്ച വീട്ടമ്മയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. തോന്നല്ലൂർ ഉളമയിൽ യഹിയയുടെ ഭാര്യ സീനയാണ് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇവർക്ക് ശസ്ത്രക്രിയ നടത്തി. പ്രതിയും ഇവരുടെ ഇളയ മകളുടെ ഭർത്താവുമായിരുന്ന അഞ്ചൽ തടിക്കാട് പെരണ്ടമൺ വയലരികിൽ ഷമീർ ഖാനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു ആക്രമണം. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ. റവന്യു വകുപ്പിൽ സർവേയറായിരുന്ന പ്രതി വിവാഹശേഷം ഭാര്യയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. ഇതുസംബന്ധിച്ചു ഗാർഹിക പീഡനത്തിന് ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. വിവാഹമോചനത്തിന് ശ്രമിച്ചെങ്കിലും നടപടികൾ പൂർത്തിയായില്ല.
മറ്റൊരു വിവാഹം കഴിക്കുന്നതിനും ഇത് തടസ്സമായി. പ്രകോപിതനായ ഇയാൾ ഭാര്യയുടെ ഉളമയിലെ വീട്ടിലെത്തി. സീന വീടിനു മുൻപിൽ ഫോണിൽ സംസാരിച്ചു നിൽക്കുകയായിരുന്നു. ഷമീറിന്റെ വരവിൽ അപകടം തോന്നിയതോടെ സീന വീടിന്റെ വാതിൽ പുറത്തുനിന്ന് അടച്ചശേഷം വാതിലിനു മുന്നിൽ നിന്നു. ഈ സമയമാണ് ഇയാൾ കത്തിയെടുത്തു 3 തവണ കുത്തിയത്. ഷമീറിന്റെ ബാഗിൽനിന്ന് കത്തിയും എയർഗണ്ണും കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.