ADVERTISEMENT

പത്തനംതിട്ട ∙ ആന്റോ ആന്റണിയുടെ പ്രചാരണത്തിന് അച്ചു ഉമ്മൻ പത്തനംതിട്ടയിൽ വരുമോ? സമൂഹ മാധ്യമങ്ങളിൽ ഇന്നലെ രാവിലെ തുടങ്ങി മണിക്കൂറുകൾ നീണ്ട ചർച്ചകൾ അവസാനിച്ചത് ഒടുവിൽ പത്തനംതിട്ടയിൽ താൻ പ്രചാരണത്തിനെത്തുമെന്ന പോസ്റ്റർ അച്ചു ഉമ്മൻ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ. എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി ബാല്യകാല സുഹൃത്താണെന്നും അതിനാൽ അനിലിനെതിരെ താൻ പ്രചാരണത്തിന് ഇറങ്ങില്ലെന്നും അച്ചു ഉമ്മൻ പ്രതികരിച്ചതായുള്ള വാർത്തകൾ ഇന്നലെ രാവിലെയാണ് ഒരു വാർത്താ ഏജൻസിയെ ഉദ്ധരിച്ച് ചില ഓൺലൈൻ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

പത്തനംതിട്ട ഒഴികെയുള്ള മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർഥികൾക്കായി പ്രചാരണത്തിന് ഇറങ്ങുമെന്ന് അച്ചു പ്രതികരിച്ചതായും വാർത്തകൾ പുറത്തിറങ്ങിയതോടെ, പത്തനംതിട്ടയിൽ അച്ചു പ്രചാരണത്തിന് എത്തുമോ എന്നതായി സമൂഹ മാധ്യമങ്ങളിലെ ചർച്ച. മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളായ പത്മജ വേണുഗോപാൽ അനിൽ ആന്റണിയുടെ പ്രചാരണാർഥം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യോഗത്തിൽ പങ്കെടുത്തിരുന്നു.

പാർട്ടിയിൽ തങ്ങളുടെ പിതാക്കന്മാർ 2 ഗ്രൂപ്പുകളിലാണു പ്രവർത്തിച്ചിരുന്നതെങ്കിലുംം മക്കൾ തമ്മിൽ വ്യക്തിപരമായ അടുപ്പം എന്നും ഉണ്ടായിരുന്നെന്നും തനിക്കായി തൃശൂരിൽ പ്രചാരണത്തിന് എത്തിയ അനിലിനായി പത്തനംതിട്ടയിൽ താൻ ഇനിയും വരുമെന്നും പത്മജ പറഞ്ഞിരുന്നു.

അനിലിനെതിരെ എ.കെ.ആന്റണിയെത്തന്നെ പ്രചാരണത്തിന് ഇറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ കോൺഗ്രസിൽ നടക്കുന്നതിനിടെയാണ് അച്ചു ഉമ്മന്റെ പ്രചാരണം സംബന്ധിച്ച വാർത്തകൾ പ്രചരിച്ചത്. ഉച്ചകഴിഞ്ഞ് 3 മണിയോടെ ആന്റോ ആന്റണിയുടെ പ്രചാരണത്തിനായി അടുത്ത ശനിയാഴ്ച താൻ പത്തനംതിട്ടയിലെത്തുമെന്ന പോസ്റ്റർ അച്ചു ഉമ്മൻതന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് ഇതു സംബന്ധിച്ച ചർച്ചകൾക്ക് അവസാനമായത്. പ്രചാരണത്തിന് അച്ചു എത്തുന്ന കാര്യം കോൺഗ്രസ് സംസ്ഥാന നേതൃത്വവും സ്ഥിരീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com