ADVERTISEMENT

പത്തനംതിട്ട ∙ 45 വർഷം മുൻപ് നടന്ന ബസപകടത്തിന്റെ നടുക്കുന്ന ഓർമകളുമായി തിരുവല്ലയിലെ വീട്ടിൽ നിന്നും മകളെയും കൂട്ടി റിട്ട. പ്രഥമാധ്യാപകൻ എ.വി.ജോർജ് കുമ്പഴയിലെത്തി. 1979 മാർച്ച് 30 വെള്ളിയാഴ്ച 46 പേരുടെ മരണത്തിന് ഇടയാക്കിയ കുമ്പഴ കളീക്കപ്പടിക്കു സമീപം അൽപനേരം ചെലവിട്ടശേഷം പൊതീപ്പാടുള്ള കുടുംബവീട്ടിലും എത്തി സഹോദരനെ കണ്ട ശേഷമാണ് ജോർജ് മടങ്ങിയത്. ആ നടുക്കുന്ന ഓർമകൾ ഓർക്കുകയാണ് അദ്ദേഹം. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ് അന്ന്. മലയാലപ്പുഴ മുണ്ടയ്ക്കൽ എഴിക്കാത്ത് കുടുംബവീട്ടിൽ നിന്നു ജ്യേഷ്ഠൻ ജോൺ വർഗീസ്, ‍അനുജൻ എ.വി.മാത്യു എന്നിവർക്കൊപ്പമാണ് പൊതീപ്പാട് ബസ് സ്റ്റോപ്പിൽനിന്ന് കോമോസ് എന്ന സ്വകാര്യ ബസിൽ കയറിയത്.

പുതുക്കുളത്തുനിന്ന് ഓച്ചിറയ്ക്ക് പോയ ബസിൽ അപ്പോൾതന്നെ നിറയെ യാത്രക്കാരുണ്ടായിരുന്നു. ഇവിടെനിന്നു കയറിയ യാത്രക്കാരുമായി അമിത വേഗത്തിൽ പാഞ്ഞ ബസ് മലയാലപ്പുഴ ക്ഷേത്രത്തിനു മുൻവശത്തെ ബസ്‌ സ്റ്റോപ്പിൽ നിർത്തി. ഇവിടെ നിന്നുള്ളവർ കൂടി കയറിയതോടെ ബസിൽ ശ്വാസം മുട്ടുന്ന തരത്തിലുള്ള തിരക്കായി. വിദ്യാർഥികളും വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും ഉദ്യോഗസ്ഥരുമായിരുന്നു ബസിലെ യാത്രക്കാരിൽ ഏറെയും. നല്ല വേഗത്തിൽ പാഞ്ഞ ബസ് കാക്കത്തോട്ടം ഇറക്കത്തിലെത്തിയപ്പോൾ രണ്ട് പെൺകുട്ടികൾ കൈ കാണിച്ചു. എന്നാൽ അവിടെ നിർത്താതെ പാഞ്ഞ ബസ് കളീക്കപ്പടിക്കു സമീപമുള്ള വളവ് തിരിഞ്ഞതോടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 

സംഭവ സ്ഥലത്തു വച്ചു തന്നെ 36 പേർ മരിച്ചു, ബാക്കിയുള്ളവർ ആശുപത്രികളിലും. നൂറിലേറെ പേർക്ക് പരുക്കേറ്റു. ഒട്ടേറെ പേർ ഇന്നും ശാരീരിക അവശതകൾ അനുഭവിക്കുന്നു. ടിക്കറ്റ് റാക്ക് നെഞ്ചിൽ തറച്ചു മരിച്ച കണ്ടക്ടറിന്റെ സമീപത്തായിരുന്നു ഞാൻ നിന്നത്. കൈ ഒടിഞ്ഞു, ബസിന്റെ ചില്ല് കാലിൽ കൊണ്ടു കയറി സാരമായ മുറിവും പറ്റി. രക്തം കുറെ നഷ്ടപ്പെട്ടിരുന്നു. ജ്യേഷ്ഠനായിരുന്നു പരുക്കു കൂടുതൽ. കൈ, കാലുകൾ ഒടിഞ്ഞു. ശസ്ത്രക്രിയ നടത്തി സ്റ്റീൽ ആണിയിടേണ്ടി വന്നു. അനുജന് ശരീരമാസകലം മുറിവും ചതവും നീരുമായിരുന്നു. മൂന്നു പേരുടെയും ചികിത്സ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു.

വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചപ്പോൾ ഞങ്ങൾ ഒരു കുടുംബത്തിലെ മൂന്നു പേരും 45 വർഷങ്ങൾക്കു ശേഷവും ജീവിച്ചിരിക്കുന്നു. ഇതു ദൈവം നൽകിയ പുനർജന്മമാണ്. 40-ാം വർഷത്തിൽ നാട്ടുകാർ ഒത്തുകൂടി അപകടം നടന്ന സ്ഥലത്ത് പുഷ്പാർച്ചന നടത്തിയിരുന്നു. അന്ന് മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.ജയലാൽ മുൻകൈ എടുത്താണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. ഇവിടെ ഒരു സ്മാരകം വേണമെന്നുള്ള അഭിപ്രായം അന്ന് ഉയർന്നെങ്കിലും 45–ാം വർഷത്തിലും അതു കഴിഞ്ഞിട്ടില്ല എന്നത് ഒരു നൊമ്പരമായി അവശേഷിക്കുന്നു എന്നും അദ്ദേഹം പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com