ADVERTISEMENT

കോഴിക്കോട്∙ കയ്യടി, കണ്ണീർ, പ്രതിഷേധം, പൊലീസിന്റെ വൻ സുരക്ഷ... അത്യന്തം നാടകീയ രംഗങ്ങളുമായി കലോത്സവ നാടക വേദി. ഏറ്റവും സജീവമായ സദസ്സും നാടകത്തിന്റേതായിരുന്നു. മേമുണ്ട സ്കൂളിന്റെ ‘ബൗണ്ടറി’ എന്ന നാടകത്തിനെതിരെ പ്രതിഷേധമുയർന്നേക്കുമെന്ന വിവരത്തെ തുടർന്നാണു വൻ പൊലീസ് സന്നാഹം സ്കൂളിൽ തമ്പടിച്ചത്. 

9.30 എഎം: തളി സാമൂതിരി സ്കൂളിലെ നാടകവേദിക്കു മുന്നിൽ തിങ്ങി നിറഞ്ഞ് ആസ്വാദകർ. രാവിലെ ഏഴോടെ കാണികൾ എത്തിത്തുടങ്ങി. നാടകപ്രവർത്തകരും നാട്ടുകാരും നേരത്തേയെത്തി സീറ്റ് പിടിച്ചു. 

10.00 എഎം: നാടകമാരംഭിക്കും മുൻപേ തർക്കം. കാണികളുടെ കാഴ്ച മറച്ചു വേദിക്കു മുന്നിൽ സ്ഥാപിച്ച ക്യാമറകൾ മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു തുടക്കം. മാധ്യമങ്ങളുടെ ക്യാമറകളാണെന്നു ധരിച്ചായിരുന്നു ഇത്. എന്നാൽ, കുട്ടികളുടെ പ്രകടനം ആദ്യാവസാനം ഷൂട്ട് ചെയ്യാൻ അധികൃതർ തന്നെ ഏർപ്പെടുത്തിയ ക്യാമറകളാണിതെന്നു ബോധ്യപ്പെടുത്തിയിട്ടും പ്രതിഷേധം തണുത്തില്ല.

10.30 എഎം:  മന്ത്രി വി. ശിവൻകുട്ടി വേദിയിൽ. സദസ്സിൽ സിന്ദാബാദ് വിളികളും പ്രതിഷേധവും. പരാതിക്കെട്ടഴിച്ചു കാണികളെത്തിയതോടെ  ശാന്തരായിരിക്കാൻ മന്ത്രിയുടെ അപേക്ഷ. കാണികളുടെ കാഴ്ച മറയ്ക്കാത്ത രീതിയിൽ ക്യാമറ മാറ്റി സ്ഥാപിക്കാൻ നിർദേശിച്ചതോടെ പ്രതിഷേധത്തിനു താൽക്കാലിക ശമനം. മന്ത്രിക്ക് അഭിവാദ്യമർപ്പിച്ചായി പിന്നെ മുദ്രാവാക്യം.

10.35: നാടകം ആരംഭിച്ചതോടെ തകർത്തഭിനയിച്ച കുട്ടികൾക്കു നിറഞ്ഞ കയ്യടിയോടെ പിന്തുണയേകി സദസ്സ്. 

1.00 പിഎം:  കലോത്സവത്തിലെ ഭക്ഷണമൊരുക്കലിനോടു സാമ്യമുള്ള പ്രമേയവുമായി എത്തിയ ‘പായസം’ അരങ്ങിൽ. കയ്യടിച്ചും ആർപ്പുവിളിച്ചും സദസ്സ് അഭിനന്ദിച്ചു. 

3.30 പിഎം: വേദിക്കു മുന്നിൽ മാധ്യമപ്രവർത്തകർ ഇരിക്കുന്നതിനാൽ കാണാനാകുന്നില്ലെന്നു കാണികളുടെ പ്രതിഷേധം. പൊലീസെത്തി കസേരകൾ വശത്തേക്കു മാറ്റുകയും കുറച്ചു കസേരകൾ മാറ്റുകയും ചെയ്തതോടെ മാധ്യമ പ്രവർത്തകർ നിലത്തിരുന്നായി നാടകം കാണൽ.

4.45 പിഎം: ‘ബൗണ്ടറി’യാണ് അടുത്ത നാടകമെന്ന വിവരം ലഭിച്ചതോടെ പൊലീസ് വൻ തയാറെടുപ്പിൽ. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബുവും ഉന്നതോദ്യോഗസ്ഥരും സ്ഥലത്തെത്തി. വേദിയുടെ മുന്നിലെ വശങ്ങളും സ്റ്റജിനു പിന്നിലേക്കുള്ളവഴിയും കയർ കെട്ടിത്തിരിച്ചു. സംശയം തോന്നിയവരെ മാറ്റി നിർത്തി.

4.50 പിഎം: പന്തലിനും പുറത്തേക്കു വ്യാപിച്ച പുരുഷാരത്തിനു മുന്നിൽ ബൗണ്ടറിയുടെ അവതരണം. സദസ്സിൽ നിന്നു പ്രതിഷേധത്തിന്റെ തരി പോലുമുയർന്നില്ല. നാടകത്തിൽ മുൻപു വിവാദമുയർത്തിയ ഭാഗങ്ങളെ ആരവങ്ങളോടെ സദസ്സ് ഏറ്റെടുത്തു. സമ്മർദം അയഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com