കോഴിക്കോട്∙ കലോത്സവ സംഘാടകരുടെ സാങ്കേതിക പ്രശ്നത്തിൽ ഗ്രേസ് മാർക്കും ഗ്രേഡും നഷ്ടമായി ആലപ്പുഴ അമ്പലപ്പുഴ ഗവ. മോഡൽ എച്ച്എസ് സ് പ്ലസ്ടു വിദ്യാർഥിനി പാർവതി കൃഷ്ണ. ആലപ്പുഴ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം കുച്ചിപ്പുഡി മത്സരത്തിലാണ് പ്രശ്നങ്ങളുടെ തുടക്കം. ജില്ലാ കലോത്സവത്തിൽ പാർവതി കൃഷ്ണയ്ക്കൊപ്പം മറ്റൊരു കുട്ടിക്കും 165 മാർക്കായി. രണ്ടു പേരെ സംസ്ഥാന കലോത്സവത്തിന് അയയ്ക്കാനാകില്ല. അതിനാൽ നറുക്കെടുത്ത് തീരുമാനിക്കാൻ തീരുമാനിച്ചു.നറുക്കെടുപ്പിൽ വിജയിക്കുന്നയാൾ നേരിട്ടും മറ്റേയാൾ അപ്പീൽ വഴിയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരിക്കാനായിരുന്നു തീരുമാനം.
അതോടെ പാർവതി കൃഷ്ണ അപ്പീൽ വഴി വരാൻ തീരുമാനിച്ചു. എന്നാൽ മത്സരത്തിൽ രണ്ടാമതായിട്ടല്ല, സംഘാടകരുടെ സാങ്കേതിക പ്രശ്നം കൊണ്ടാണ് വരുന്നത് എന്നുള്ളതു പരിഗണിച്ച് പതിവ് അപ്പീൽ നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഉണ്ടായില്ല. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അപ്പീൽ വഴി എത്തി പരിപാടിയിൽ റജിസ്റ്റർ ചെയ്യാനെത്തിയപ്പോഴാണ് പാർവതിക്ക് ജില്ലാ തലത്തിൽ കിട്ടിയതിനേക്കാൾ ഒരു മാർക്ക് കുറച്ച് 164 മാർക്കാണ് സംഘാടകർ സംസ്ഥാന തലത്തിലേക്ക് കൈമാറിയത് എന്നു വ്യക്തമായത്.
ഇതോടെ നറുക്കെടുത്ത് നേരിട്ടു വന്ന കുട്ടിയേക്കാൾ 2 മാർക്ക് കൂടുതൽ വാങ്ങിയാലേ പാർവതിക്ക് ഗ്രേഡ് ലഭിക്കൂ എന്നായി. എന്നാൽ വന്നപ്പോൾ ആദ്യ കുട്ടിയേക്കാൾ മാർക്ക് കുറഞ്ഞു എന്ന പേരിൽ പാർവതിയുടെ ഗ്രേഡ് തടഞ്ഞു. ഹയർ അപ്പീൽ നൽകിയെങ്കിലും തള്ളുകയായിരുന്നു. ഗ്രേഡ് റദ്ദാക്കരുതെന്നും പ്രത്യേക പരിഗണന നൽകണമെന്നുമാണ് പാർവതിയുടെ കുടുംബം ആവശ്യപ്പെടുന്നത്.