പൊട്ടിച്ചിരിച്ചു കൊണ്ടു പ്രിയങ്ക ആവർത്തിച്ചു, ‘ഇരുചക്രവാഹനം സ്ത്രീകൾക്കാണ്’; കൂട്ടച്ചിരിയുടെ നിമിഷങ്ങൾ
Mail This Article
തിരുവനന്തപുരം ∙ കനത്ത ചൂടും തിരക്കുമൊന്നും കോൺഗ്രസ് പ്രവർത്തകർക്കു പ്രശ്നമായിരുന്നില്ല, പ്രിയപ്പെട്ട നേതാവ് പ്രിയങ്ക ഗാന്ധിയെ ഒരു നോക്കു കാണണം. പി.ആർ.വില്യം ഹയർ സെക്കൻഡറി സ്കൂളിൽ മൈതാനിയിലേക്ക് അവർ അണിയണിയായി എത്തിയപ്പോൾ ഒറ്റ മുദ്രാവാക്യമേയുള്ളൂ– ‘പ്രിയപ്പെട്ടവൾ പ്രിയങ്ക, നമ്മുടെ നായിക, നമ്മുടെ ജീവൻ...’ 4.40ന് പ്രിയങ്ക എത്തുമെന്നായിരുന്നു ആദ്യ അറിയിപ്പ്. പക്ഷേ, ഒരു മണി മുതൽ തന്നെ മൈതാനത്തിലേക്ക് ആവേശത്തോടെ അണികൾ എത്തിത്തുടങ്ങി. വെയിൽ നേരിട്ടു പതിച്ചിട്ടും നിർത്താതെ വിയർത്തിട്ടും മുദ്രാവാക്യമുയർന്ന കണ്ഠങ്ങളിൽ ക്ഷീണമില്ല.
വെഞ്ഞാറമൂടിൽ നിന്ന് ഹെലികോപ്ടറിൽ സ്കൂളിന് എതിരെയുള്ള ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ പ്രിയങ്ക എത്തുമെന്നായിരുന്നു ഷെഡ്യൂൾ. പക്ഷേ, സന്ദർശന കേന്ദ്രങ്ങളിലെ തിരക്കു കാരണം സമയത്ത് കാട്ടാക്കടയിൽ എത്താനായില്ല. 6 മണി കഴിഞ്ഞതിനാൽ ഹെലികോപ്ടർ ഒഴിവാക്കി റോഡ് മാർഗമായിരുന്നു യാത്ര.7.24ന് പ്രിയങ്ക വേദിയിലെത്തി. അത്ഭുതത്തോടെ ചാടിയെണീറ്റ് സ്ത്രീകൾ, മുദ്രാവാക്യത്തോടെ കെട്ടിടങ്ങളിലേക്ക് ചാടിക്കയറി യുവാക്കൾ.
ഒരു നിമിഷം പ്രിയങ്ക എല്ലാം നോക്കി നിന്നു. പിന്നെ കൈ വീശിക്കൊണ്ടു ദീർഘമായ ചിരി. തുടർന്ന് അരുവിക്കരയിലെ സ്ഥാനാർഥി കെ.എസ്.ശബരീനാഥൻ, കാട്ടാക്കടയിലെ സ്ഥാനാർഥി മലയിൻകീഴ് വേണുഗോപാൽ, പാറശാലയിലെ സ്ഥാനാർഥി അൻസജിത റസൽ എന്നിവരെ ചേർത്തുനിർത്തി പറഞ്ഞു, ‘ഇവർ ജയിക്കാതെ നമുക്കു വിശ്രമമില്ല.’ പരിഭാഷക ജ്യോതി വിജയകുമാറിനോടു പ്രിയങ്ക ചോദിച്ചു, ‘ആർ യു റെഡി?’ യുഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഓരോന്നായി എണ്ണിപ്പറഞ്ഞു.
പാവപ്പെട്ട കുടുംബങ്ങൾക്ക് മാസം 6000 രൂപ ലഭിക്കുന്ന ന്യായ് പദ്ധതി, 40 മുതൽ 60 വയസ്സുവരെയുള്ള വീട്ടമ്മമാർക്ക് 2000 രൂപ ധനസഹായം, സാമൂഹിക ക്ഷേമ പെൻഷൻ 3000 രൂപ.. സ്ത്രീകൾക്ക് ഇരുചക്രവാഹനം നൽകുമെന്ന വാഗ്ദാനത്തെക്കുറിച്ചു പറഞ്ഞപ്പോൾ പുരുഷന്മാർ കയ്യടിച്ചു. പൊട്ടിച്ചിരിച്ചു കൊണ്ടു പ്രിയങ്ക ആവർത്തിച്ചു, ‘ഇരുചക്രവാഹനം സ്ത്രീകൾക്കാണ്.’ വേദിയും സദസ്സിലും കൂട്ടച്ചിരിയുടെ നിമിഷങ്ങൾ.
മത്സ്യത്തൊഴിലാളികളുടെ ജീവിതം 5000 കോടി രൂപയ്ക്കു വിറ്റവരാണ് ഇവിടത്തെ സർക്കാരെന്നു പറഞ്ഞുകൊണ്ടാണ് ആക്രമണത്തിന്റെ മൂർച്ച കൂട്ടിയത്. നോട്ട് നിരോധനം മുതൽ ലോക്ഡൗൺ വരെ ബിജെപി സർക്കാർ എടുത്ത തീരുമാനങ്ങളെ വിമർശിക്കാനും മറന്നില്ല പ്രിയങ്ക. മൈതാനത്തിന്റെ അങ്ങേത്തലയ്ക്കൽ കെട്ടിടങ്ങൾക്കു മുകളിലിരുന്ന യുവാക്കളോട് അവർ വിളിച്ചു പറഞ്ഞു, ‘അവിടെ ഇരിക്കുമ്പോൾ സൂക്ഷിക്കുക. ആരും വീഴാതെ നോക്കണം പരസ്പരം.’ ശബരീനാഥൻ സെൽഫി എടുക്കാൻ ക്ഷണിച്ചപ്പോൾ പ്രിയങ്ക അച്ചടക്കമുള്ള കുട്ടിയെപ്പോലെ നിന്നു പുഞ്ചിരിച്ചു. മറ്റു സ്ഥാനാർഥികളും ഫ്രെയിമിൽ ഉണ്ടെന്ന് ഉറപ്പാക്കി.
വാക്കുകൾക്ക് ജ്യോതി പകർന്ന് വീണ്ടും..
വട്ടിയൂർക്കാവ് മണ്ഡലം സ്ഥാനാർഥിപ്പട്ടികയിൽ നിന്ന് അവസാന നിമിഷം പുറത്തേക്കു പോയിയെങ്കിലും അതേ മണ്ഡലത്തിലെ സ്ഥാനാർഥിക്കു വേണ്ടി പ്രിയങ്കയുടെ വാക്കുകളിലൂടെ വോട്ട് ആഭ്യർഥിച്ച് ജ്യോതി വിജയകുമാർ. ഇംഗ്ലിഷിൽ പ്രസംഗിക്കുന്ന പ്രിയങ്ക തന്നെയാണോ മലയാളത്തിൽ പരിഭാഷപ്പെടുത്തുന്നത് എന്നു സംശയം പോലും തോന്നിപ്പിക്കുന്ന തരത്തിൽ മനോഹരമായ പരിഭാഷയിൽ ഇന്നലെയും പ്രിയങ്കയുടെ പ്രസംഗ വേദികളിൽ താരമായി ജ്യോതി വിജയകുമാർ. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയും തിരികെയും എല്ലാ വേദികളിലും പ്രിയങ്കയോടൊപ്പം ജ്യോതി ഉണ്ടായിരുന്നു.
നാരങ്ങാവിളക്ക് തെളിച്ച് പ്രിയങ്ക ആറ്റുകാലിൽ, വീണയും മുരളീധരനും തരൂരും ഒപ്പം
വിശ്രമമില്ലാതെ മൂന്നു ജില്ലകളിലായി നടത്തിയ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ ആറ്റുകാൽ ദേവീക്ഷേത്രത്തിൽ ദർശനം നടത്തി പ്രിയങ്ക ഗാന്ധി. സ്ത്രീകളുടെ ശബരിമല എന്നു വിഖ്യാതമായ ക്ഷേത്രത്തിൽ രാത്രി എട്ടരയോടെ എത്തിയ പ്രിയങ്ക 15 മിനിറ്റോളം ക്ഷേത്രത്തിനുള്ളിൽ ചെലവഴിച്ചു. കാണിക്കയിട്ട് നടയ്ക്കൽ പട്ടും ഹാരവും സമർപ്പിച്ചു, നേർച്ചയായി പുഷ്പാഞ്ജലിയും കഴിപ്പിച്ചു. നാരങ്ങ വിളക്കും തെളിച്ചു. മേൽശാന്തി പി.ഈശ്വരൻ നമ്പൂതിരി പ്രസാദം നൽകി. നേമത്തെയും വട്ടിയൂർക്കാവിലെയും സ്ഥാനാർഥികളായ കെ.മുരളീധരൻ, വീണ എസ്.നായർ, ശശി തരൂർ എംപി എന്നിവർ പ്രിയങ്കയെ ക്ഷേത്രത്തിലേക്കു വരവേറ്റു.
ക്ഷേത്ര ദർശത്തിനെത്തിയവരും യുഡിഎഫ് പ്രവർത്തകകരും മാധ്യമ പ്രവർത്തകരും തിക്കിത്തിരക്കിയതോടെ കിഴക്കേ മണ്ഡപത്തിലൂടെ പ്രിയങ്കയെ ക്ഷേത്രത്തിനുള്ളിലെത്തിക്കാൻ സുരക്ഷാസേനാംഗങ്ങൾ ഏറെ ബുദ്ധിമുട്ടി. ക്ഷേത്രത്തിനുള്ളിൽ നിന്ന് പുറത്തിറങ്ങിയ പ്രിയങ്കയെ വാഹനം ഗോപുരത്തിനുള്ളിലേക്ക് വരുത്തിയാണ് സുരക്ഷ ജീവനക്കാർ പുറത്തേക്കു കൊണ്ടുപോയത്. മടങ്ങിപ്പോകുമ്പോഴും പാർക്കിങ് ഗ്രൗണ്ടിലും വഴിവക്കിലുമായി സ്ത്രീകൾ ഉൾപ്പെടെ പ്രിയ നേതാവിനെ കാണാൻ കാത്തു നിന്നിരുന്നു.