മലയോരമേഖലയിൽ തണുപ്പൻ തുടക്കം; പിന്നെ കുതിപ്പ്
Mail This Article
തിരുവനന്തപുരം ∙ തണുപ്പൻ തുടക്കം; പിന്നെ കുതിപ്പ്. ജില്ലയിലെ മലയോര മേഖലകളിലെ പോളിങ് ഗ്രാഫ് ഉയർന്നത് ഇങ്ങനെ. വാമനപുരം, നെടുമങ്ങാട്, അരുവിക്കര, കാട്ടാക്കട മണ്ഡലങ്ങളിലാണ് പോളിങ്ങിന്റെ തീവ്രത കൂടിയത്. ഉച്ച കഴിഞ്ഞതോടെ അരുവിക്കരയിലെ പോളിങ് ശതമാനം കുതിച്ചുയർന്നു. ബൂത്തുകൾ കൂടുതലുള്ളതിനാൽ പതിവു പോലെ നീണ്ട നിര മലയോര ജില്ലകളിലെ ബൂത്തുകൾക്കു മുന്നിലുണ്ടായിരുന്നില്ല. സ്ത്രീ വോട്ടർമാരിൽ പലരും ഒൻപതു മണിക്കു ശേഷമാണ് എത്തിയത്.
ചില ബൂത്തുകളിൽ വെളിച്ചക്കുറവ് അനുഭവപ്പെട്ടതും വോട്ടിങ് യന്ത്രങ്ങളുടെ പ്രവർത്തനത്തിൽ കാലതാമസം വന്നതും പ്രശ്നങ്ങൾക്കിടയാക്കി. പല ബൂത്തുകളിലും പ്രായമായവർക്കായി വീൽ ചെയറുകൾ സജ്ജമാക്കിയിരുന്നില്ല. ബൂത്തുകൾക്കു മുന്നിൽ ബഹളം ഉണ്ടാക്കിയവരെ പൊലീസ് നീക്കം ചെയ്തു. ഞാറനീലികാണി ഗവ.എൽപിഎസിനു മുന്നിൽ ബഹളം വെച്ചവരെ പൊലീസ് താക്കീതു ചെയ്തു. പലയിടത്തും ശക്തമായ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നില്ലെന്നു പരാതിയുണ്ട്. ബൂത്തുകളിലും പൊലീസ് സാന്നിധ്യം കുറവായിരുന്നു.
അരുവിക്കര കുതിച്ചു
രാവിലെ 11 ന് വാമനപുരം (28.51), നെടുമങ്ങാട് (28.22), അരുവിക്കര (29.53), കാട്ടാക്കട (29.28)മണ്ഡലങ്ങളിലെ പോളിങ് ശതമാനം ഉയർന്നു. ഈ സമയം ഈ മണ്ഡലങ്ങളിൽ യഥാക്രമം 60, 492, 62,067, 56, 920, 59,693 വോട്ടുകളാണ് പോൾ ചെയ്തത്. 12 മണിക്ക് പോളിങ് ശതമാനം 30 %, ഉച്ചയ്‍ക്ക് 1 ന് 40 % കടന്നു. ഇൗ സമയം ഉച്ചയ്ക്ക് ഒന്നേ കാലിന് പോൾ ചെയ്ത വോട്ടുകളുടെ കണക്ക് ചുവടെ –വാമനപുരം(91,617), നെടുമങ്ങാട്(94,721), അരുവിക്കര(88,403), കാട്ടാക്കട(89, 233)ഉച്ചയ്‍ക്ക് 2 ന് നാലു മണ്ഡലങ്ങളിലെയും പോളിങ് ശതമാനം 49 നോട് അടുത്തു.
രണ്ടേ കാലോടെ വാമനപുരത്ത് 50.14, നെടുമങ്ങാട് 50.04 എന്നിങ്ങനെയായിരുന്നു. വൈകിട്ട് മൂന്നേ കാൽ വരെയുള്ള കണക്കുകൾ പ്രകാരം വാമനപുരത്ത് 56.55, നെടുമങ്ങാട് 56.16, അരുവിക്കര(57.16), കാട്ടാക്കട(56.07 ആയിരുന്നു പോളിങ് ശതമാനം. ഈ സമയം വാമനപുരത്ത് 1,13,420, നെടുമങ്ങാട് 1,16, 789, അരുവിക്കര 1,10,585, കാട്ടാക്കട 1,09, 948 വോട്ടുകളും പോൾ ചെയ്തു. വൈകിട്ട് മൂന്നര വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ കൂടുതൽ വോട്ടുകൾ പോൾ ചെയ്തത് അരുവിക്കര മണ്ഡലത്തിലായിരുന്നു.– 57.37 %.
വൈകിട്ട് നാലേ കാലിന് പോളിങ് ശതമാനം 60 കടന്നു. ഇൗ സമയം അരുവിക്കരയിലും കാട്ടാക്കടയിലും 62 %. പിന്നിട്ടു. നാലേ കാൽ വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ കൂടുതൽ പോളിങ് അരുവിക്കരയിലാണ് –63.59 %.. നെടുമങ്ങാട് ആണ് വോട്ടിങ്ങിൽ രണ്ടാമത്– 62.66 %.. വാമനപുരം 62.56 %, കാട്ടാക്കട 62.54 %. വൈകിട്ട് 6.30 ന് അരുവിക്കരയിലെ പോളിങ് ശതമാനം 72.37. കാട്ടാക്കടയിൽ ഇൗ സമയം 71.36. വാമനപുരത്ത്(70.04), നെടുമങ്ങാടും(70.54).