ADVERTISEMENT

ആറ്റിങ്ങൽ∙ .ഓ...എന്തര് അണ്ണാ..... സത്യവാങ്മൂലോ....പൊലീസിനെ കാണിക്കാനാ ..അണ്ണൻ എന്തര് വാങ്ങാനാണ് പോണത്  ?...സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വിഡിയോയുടെ തുടക്കമാണിത്. ചിരി വാരി വിതറി ‘ തനി തിര്വോന്തരം ’ രീതിയിൽ ‘മണിയൻ സ്പീക്കിങ്’ എന്ന ലഘു വിഡിയോ പരമ്പരയിലൂടെ  ഹിറ്റായത് തോന്നയ്ക്കൽ കുടവൂർ ക‍ൃഷ്ണാഞ്ജനയിൽ മണികണ്ഠൻപിള്ള എന്ന മണികണ്ഠൻ തോന്നയ്ക്കൽ. മൊബൈൽ ഫോണിൽ സ്വയം ചിത്രീകരിക്കുകയായിരുന്നു.

വിഡിയോകൾ വൈറൽ ആവുകയും വിദേശത്തു നിന്ന് അടക്കം ആസ്വാദകരുടെ സന്ദേശങ്ങളും ഫോൺകോളുകളും വരികയും ചെയതോടെ സന്തോഷത്തിന്റെയും  ആത്മവിശ്വാസത്തിന്റെയും നെറുകയിലാണ് മണികണ്ഠൻ. 12 വിഡിയോകളാണ് ഇതിനകം ‘ മണിയൻ സ്പീക്കിങ്’ ആയി  പുറത്തു വന്നത്. മറുതലയ്ക്കൽ മറ്റൊരാളുണ്ടെന്ന തോന്നൽ  ജനിപ്പിച്ചു  മൊബൈൽ ഫോൺ സംഭാഷണ രീതിയിലാണ് വിഡിയോ. നാട്ടിൻപുറത്തെ വിശേഷങ്ങൾ നാടൻ ഭാഷയിൽ ഹാസ്യാത്മകമായി മറ്റൊരാളോട് വിവരിക്കുന്ന മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോകൾ. 

കേൾക്കുന്ന ആളിന് പരാമർശിച്ച സംഭവങ്ങൾ നേരിൽ കണ്ട തോന്നൽ ഉണ്ടാകും വിധമാണ് വിവരണം. ഇംഗ്ലിഷ് മീഡിയം സ്കൂളിൽ നിന്നും സർക്കാർ സ്കൂളിലേക്ക് മാറ്റിയത് , മുൻപരിചയം ഉണ്ടെന്ന് തെറ്റിദ്ധരിച്ച് ആനയെ കെട്ടിപ്പിടിക്കുന്ന നാട്ടുകാരൻ, സംസാര വൈകല്യമുള്ള മേസ്തിരിയും പണിക്കാരനായ ബംഗാളിയും ,  താടിയിൽ ഡൈ പുരട്ടിയ ഭർത്താവും ബ്ലാക്ക് ഫംഗസും,  ഇങ്ങനെ നീളുന്നു വിഷയവൈവിധ്യം. മൂന്ന് പതിറ്റാണ്ടിലേറെയായി പാരലൽ കോളജ് അധ്യാപകനായ മണികണ്ഠൻ വിൽപാട്ട് കലാകാരനും നാടക– സീരിയൽ നടനും കൂടിയാണ്.

ആറ്റിങ്ങൽ ഗോകുലം ആശുപത്രിയിലെ ജീവനക്കാരനാണ്. ഇരുപത്തഞ്ചോളം മലയാളം സീരിയലുകളിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്തിട്ടുണ്ട്. അൻപതിലധികം നാടകങ്ങളി‍ൽ വേഷമിടുകയും പത്തു നാടകങ്ങൾ എഴുതി സംവിധാനം ചെയ്യുകയും ചെയ്തു. കോവിഡ് മൂലം വിദ്യാഭ്യാസ സ്ഥാപനം അടഞ്ഞു കിടക്കുകയും കലാപ്രവർത്തനം നിലയ്ക്കുകയും ചെയ്തതോടെയാണ് ഒറ്റയ്ക്ക് എന്ത് ചെയ്യാനാകും എന്ന ചിന്ത ഉദിച്ചതും ‘മണിയൻ സ്പീക്കിങ് ’ ജനിച്ചതും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com