ADVERTISEMENT

തിരുവനന്തപുരം ∙ കോവളത്തു വിദേശ വനിതയെ പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ചു കൊന്നു കെട്ടിത്തൂക്കിയ കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷ ഇന്നു വിധിക്കും. ചെയ്ത കുറ്റത്തിന്റെ ശിക്ഷ തൂക്കുകയറാണെന്ന് അറിയാമോയന്നു വാദത്തിനിടെ അഡീഷനൽ സെഷൻസ് കോടതി പ്രതികളോടു ചോദിച്ചു. ജീവിക്കാൻ അനുവദിക്കണമെന്നു പ്രതികൾ വെള്ളാർ പനത്തുറ സ്വദേശികളായ ഉമേഷ് (28), ബന്ധുവും സുഹൃത്തുമായ ഉദയകുമാർ (24) എന്നിവർ അഭ്യർഥിച്ചു.

കുറ്റബോധമുണ്ടോയെന്നു കോടതി ചോദിച്ചപ്പോൾ പ്രതികൾ മിണ്ടിയില്ല. കൊലപാതകവും ബലാത്സംഗവും ഉൾപ്പെടെ കുറ്റങ്ങളെല്ലാം തെളിഞ്ഞതിനാൽ പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നു പ്രോസിക്യൂഷൻ വാദിച്ചു. സാഹചര്യത്തെളിവുകൾ മാത്രം അടിസ്ഥാനമാക്കി വധശിക്ഷ വിധിക്കരുതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 2018 മാർച്ച് 14നാണു ആയുർവേദ ചികിത്സക്കെത്തിയ ലാത്വിയൻ യുവതി കൊല്ലപ്പെട്ടത്.  

ലിവേഗയുടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ ചിതയിലെരിയുമ്പോൾ അരികിൽ  സഹോദരി
ലിവേഗയുടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ ചിതയിലെരിയുമ്പോൾ അരികിൽ സഹോദരി

നഷ്ടപരിഹാരം എങ്ങനെ ഈടാക്കുമെന്ന് കോടതി

2 സെന്റ് വസ്തുവിൽ താമസിക്കുന്നവരിൽ നിന്ന് എങ്ങനെ വലിയ നഷ്ടപരിഹാരം ഈടാക്കുമെന്നു കോടതി ചോദിച്ചു. സർക്കാരിൽ നിന്നു സഹായം ലഭ്യമാക്കാൻ കഴിയുമോയെന്നു പരിശോധിക്കണമെന്നു പ്രോസിക്യൂഷൻ മറുപടി നൽകി. 376 (എ) (ബലാത്സംഗം ചെയ്തു കൊലപ്പെടുത്തൽ), 376 (ഡി) (കൂട്ടബലാത്സംഗം) എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും ഇതിനു വെവ്വേറെ ശിക്ഷയാണോ ആവശ്യമെന്നും കോടതി ആരാഞ്ഞു. വെവ്വേറെ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. 

ശാസ്ത്രീയ തെളിവില്ലെന്ന് പ്രതിഭാഗം

പ്രതികൾക്കെതിരെ ശാസ്ത്രീയ തെളിവുകളില്ലെന്നും സാഹചര്യ തെളിവുകൾ മാത്രമാണുള്ളതെന്നും ഇരുവരും കുറ്റക്കാരല്ലെന്നും പ്രതിഭാഗം വാദിച്ചു. രണ്ടു സെന്റു വസ്തുവിലെ വീട്ടിലാണു താമസിക്കുന്നതെന്നും പ്രായമായ മാതാപിതാക്കൾക്കു താൻ മാത്രമാണ് ആശ്രയമെന്നും കുറ്റം ചെയ്തിട്ടില്ലെന്നും ഒന്നാം പ്രതി ഉമേഷ് പറഞ്ഞു. പൊലീസാണു പ്രതിയാക്കിയതെന്നും കുറ്റം ചെയ്തിട്ടില്ലെന്നും ഉദയകുമാറും പറഞ്ഞു. 

വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

കൊലക്കുറ്റം, കൂട്ടബലാത്സംഗം, തെളിവു നശിപ്പിക്കൽ, ലഹരിമരുന്നു നൽകി ഉപദ്രവം, സംഘം ചേർന്നുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്നു പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു.  വിനോദ സഞ്ചാരികൾക്കുമേൽ ഇത്തരം സംഭവങ്ങളുണ്ടാകുന്നത് തടയാൻ കഴിയുന്ന വിധിയുണ്ടാകണം. വിദേശ വനിതയുടെ കുടുംബത്തിനു വലിയ നഷ്ടപരിഹാരം നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. 

കൊല്ലപ്പെട്ടത് ചികിത്സയ്ക്ക് എത്തിയ യുവതി

ആയുർവേദ ചികിൽസയ്ക്ക് കേരളത്തിലെത്തിയ യുവതിയെ 2018 മാർച്ച് 14നാണു രാവിലെ പതിവു നടത്തത്തിനു ശേഷം കാണാതായത്. കടുത്ത വിഷാദരോഗത്തെ തുടർന്നാണു യുവതിയെ സഹോദരി ചികിത്സയ്ക്കായി കേരളത്തിലെത്തിച്ചത്. ചൂണ്ടയിടാൻ പോയ യുവാക്കളാണ് ഒരു മാസത്തിനുശേഷം അഴുകിയ നിലയിൽ മൃതദേഹം കാണുന്നത്.

ഡിഎൻഎ പരിശോധനയിലൂടെയാണു  മരിച്ചത് വിദേശ വനിതയാണെന്നു പൊലീസ് സ്ഥിരീകരിച്ചത്.സമീപത്തു ചീട്ടുകളിച്ചിരുന്ന ആളുകളാണു പ്രതികളെക്കുറിച്ചുള്ള സൂചന പൊലീസിനു നൽകിയത്. കോവളം ബീച്ചിൽ നിന്നു വാഴമുട്ടത്തെ കണ്ടൽക്കാടിന് അടുത്തുള്ള ക്ഷേത്ര ഓഡിറ്റോറിയം വരെ നടന്നെത്തിയ വനിതയെ ടൂറിസ്റ്റ് ഗൈഡ് എന്ന വ്യാജേന ഉമേഷ് കെണിയിൽ വീഴ്ത്തിയെന്നാണു കേസ്.

വിദേശവനിത കൊല്ലപ്പെട്ട കേസ് അന്വേഷിച്ച എ.ഡി.ജി.പി മനോജ് എബ്രഹാമിൻറെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് പുരസ്കാരം സമ്മാനിക്കുന്നു.
വിദേശവനിത കൊല്ലപ്പെട്ട കേസ് അന്വേഷിച്ച എ.ഡി.ജി.പി മനോജ് എബ്രഹാമിൻറെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് പുരസ്കാരം സമ്മാനിക്കുന്നു.

അന്വേഷണസംഘത്തിന്  ഡിജിപിയുടെ ആദരം

തിരുവനന്തപുരം∙ ലാത്വിയൻ യുവതി കൊല്ലപ്പെട്ട കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥരെ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ആദരിച്ചു. മൃതദേഹം പോസ്റ്റുമാർട്ടം ചെയ്ത മെഡിക്കൽ കോളജ് ഫൊറൻസിക് മെഡിസിൻ വിഭാഗം പ്രഫസറും പൊലീസ് സർജനുമായിരുന്ന ഡോ.കെ.ശശികല, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻ രാജ് എന്നിവരെയും ആദരിച്ചു.  കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി പൊലീസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ ലാത്വിയയിൽ നിന്നു വിഡിയോ കോൺഫറൻസ് വഴി പങ്കെടുത്തു. 

വിജിലൻസ് ഡയറക്ടർ എഡിജിപി മനോജ് ഏബ്രഹാം, ദക്ഷിണ മേഖലാ ഐജി പി. പ്രകാശ്, സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മിഷണർ വി.അജിത്ത്, സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് എസിപി ജെ.കെ. ദിനിൽ ,ഡിവൈഎസ്പിമാരായ എൻ.വി അരുൺ രാജ്, സ്റ്റുവർട്ട് കീലർ, എം.അനിൽ കുമാർ, ഇൻസ്പെക്ടർമാരായ സുരേഷ്.വി.നായർ, വി.ജയചന്ദ്രൻ, എം.ഷിബു, ആർ.ശിവകുമാർ, സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥർ, ഫൊറൻസിക് സയൻസ് ലാബിലെ ഉദ്യോഗസ്ഥരായ ഡോ.സുനു കുമാർ, എ.ഷഫീക്ക്, ബി.എസ് ജിജി, കെ.പി രമ്യ, സിന്ധുമോൾ, ജിഷ, ഡോ.കെ.ആർ നിഷ, ജെ.എസ് സുജ എന്നിവർക്കു ഡിജിപി പ്രശംസാപത്രം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com