ആർവൈഎഫ് പ്രവർത്തകർ തദ്ദേശ വകുപ്പ് ഡയറക്ടറെ ഉപരോധിച്ചു
Mail This Article
തിരുവനന്തപുരം ∙ പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന ദിവസം അർധരാത്രി ഒഴിവു റിപ്പോർട്ട് ചെയ്ത് ഉദ്യോഗാർഥി നിഷയുടെ അവസരം നഷ്ടപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ആർവൈഎഫ് പ്രവർത്തകർ തദ്ദേശ വകുപ്പ് (അർബൻ) ഡയറക്ടർ അരുൺ കെ.വിജയനെ ഉപരോധിച്ചു. ഒഴിവു റിപ്പോർട്ട് ചെയ്യാതിരുന്ന ഉദ്യോഗസ്ഥന്റെ സസ്പെൻഷൻ ആവശ്യപ്പെട്ടായിരുന്നു ഉപരോധം.ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂരിന്റെയും സെക്രട്ടറി വിഷ്ണു മോഹന്റെയും നേതൃത്വത്തിൽ പ്രവർത്തകർ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആരംഭിച്ച ഉപരോധം മൂന്നര വരെ നീണ്ടു.
നന്തൻകോട് ജംക്‌ഷനു സമീപത്തെ സ്വരാജ് ഭവനിലെ ഓഫിസിൽ ഉച്ചയോടെ എത്തിയ ഡയറക്ടർ, സമരസാധ്യത മുന്നിൽക്കണ്ട് പ്രധാന വാതിൽ അടയ്ക്കാൻ ജീവനക്കാരോട് നിർദേശിച്ചു.എന്നാൽ, പ്രവർത്തകർ നേരത്തേ തന്നെ അകത്തു കടന്നിരുന്നു. ഉപരോധം ആരംഭിച്ചതോടെ പ്രവർത്തകരും ഇടതുപക്ഷ അനുഭാവ ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. ഉദ്യോഗസ്ഥരെ ശിക്ഷിക്കാൻ സർക്കാർ തയാറാകണമെന്നും ആർവൈഎഫ് നേതാക്കൾ ആവശ്യപ്പെട്ടു. സുനി മഞ്ഞമല, യു.എസ്.ബോബി, ശ്യാം പള്ളിശേരിക്കൽ, സിയാദ് കോയിവിള, ആര്യ ദേവി, ത്രിദീപ് കുമാർ, ഷെഫീഖ് മൈനാഗപ്പള്ളി, രാലുരാജ് എന്നിവർ ഉപരോധത്തിനു നേതൃത്വം നൽകി. മ്യൂസിയം പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.