ജോർജിനെ സംസ്കരിച്ച ഇടം കാണണം, ആ മണ്ണിൽ പുസ്തകം അൽപനേരം വയ്ക്കണം; കടുവയുടെ കുഴിമാടത്തിൽ ക്ലെയർ
Mail This Article
തിരുവനന്തപുരം ∙ തലസ്ഥാനത്തേക്കുള്ള രണ്ടാം വരവിൽ ക്ലെയർ ലേ മിഷേലിന്റെ മനസ്സിലുണ്ടായിരുന്നത് രണ്ടു കാര്യങ്ങളായിരുന്നു. ജോർജിനെ സംസ്കരിച്ച ഇടം കാണണം, ആ മണ്ണിൽ അവനെക്കുറിച്ചെഴുതിയ പുസ്തകം അൽപനേരം വയ്ക്കണം. രണ്ടും ഇന്നലെ സാധിച്ചു. മൃഗശാല കോംപൗണ്ടിലെ മരച്ചുവട്ടിൽ അവർ അൽപനേരം കണ്ണുകളടച്ചു നിന്നു. 2021 ലെ ക്രിസ്മസ് പിറ്റേന്നാണ് മൃഗശാലയിലെ ജോർജ് (22) എന്ന കടുവ മരിച്ചത്. ക്ലെയർ തന്റെ ആത്മാവിനോളം സ്നേഹിച്ചിരുന്ന മൃഗം.
നോവലിനായുള്ള വിവര ശേഖരണത്തിനാണ് ഫ്രഞ്ച് എഴുത്തുകാരിയും നർത്തകിയുമായ ക്ലെയർ 3 വർഷം മുൻപ് കേരളത്തിലെത്തിയത്. പ്രകൃതിയെയും മനുഷ്യനെയും ബന്ധിപ്പിക്കുന്ന കഥകൾ തേടിപ്പിടിച്ചു. അതിനിടയിലാണ് ജോർജിനെ കണ്ടുമുട്ടിയത്. കാട്ടിൽ വിഹരിക്കുന്ന കടുവയെ സ്വാഭാവിക ചുറ്റുപാടിൽ നിന്നു മാറ്റി കൂട്ടിലടച്ചത് എന്തിനെന്നായിരുന്നു മൃഗശാല ഡോക്ടറായ ജേക്കബ് അലക്സാണ്ടറിനോടുള്ള ചോദ്യം.
മൃഗങ്ങളെ കൂട്ടിലിടുന്നതും ടിക്കറ്റു വച്ചു കാണിക്കുന്നതും ലാഭത്തിനല്ലെന്നും പ്രകൃതിയുടെയും മൃഗങ്ങളുടെയും സംരക്ഷണം ലക്ഷ്യമിട്ടുള്ള ബോധവൽക്കരണത്തിനാണെന്നും ഡോക്ടർ പറഞ്ഞത് അവർക്കു ബോധ്യമായി. തുടർന്ന് ഏറെനാൾ പതിവായി മൃഗശാലയിലെത്തി ജോർജിനെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തു. ജോർജുമായുണ്ടായിരുന്ന ക്ലെയറിന്റെ സൗഹൃദത്തിന്റെ കഥ ഫ്രാൻസിലെ സ്കൂളുകളിൽ പഠിപ്പിക്കുന്നുണ്ട്. കഥയിലൂടെയും റേഡിയോയിലൂടെയും ബ്ലോഗിലൂടെയും അതിനെക്കുറിച്ച് പറഞ്ഞതും ജനപ്രിയമായി. വയനാട്ടിൽ വിഹരിച്ച കടുവയെ 2015ലാണ് മൃഗശാലയിലെത്തിച്ചത്.
സാരമായി പരുക്കേറ്റിരുന്ന കടുവ ഡോ. ജേക്കബ് അലക്സാണ്ടറിന്റെ ശുശ്രൂഷയിൽ ആരോഗ്യം വീണ്ടെടുത്തു. വില്ലത്തരം മാറി ശാന്തചിത്തനായി. ‘പ്രേമം’ സിനിമ ഹിറ്റായി ഓടുന്ന കാലമായിരുന്നതിനാൽ കടുവയ്ക്കു ചിത്രത്തിലെ നായകന്റെ പേരു കിട്ടി: ജോർജ്. താമസിയാതെ ഒരു പെൺകടുവ എത്തിയപ്പോൾ പേര് ‘മലർ’ എന്നായി. ഇന്നലെ ക്ലെയർ ‘മലരി’നേയും കണ്ടു. ജോർജിന്റെ സംസ്കാരച്ചടങ്ങ് ക്ലെയറിനെ തത്സമയം കാണിച്ചിരുന്നു. 20ന് ഫ്രഞ്ച് സാംസ്കാരിക കേന്ദ്രത്തിൽ ജോർജിന്റെ കഥ പറയുന്ന പുസ്തകത്തിന്റെ പ്രകാശനത്തിനു ശേഷം ക്ലെയർ മടങ്ങും.