നിറം മങ്ങി പിങ്ക് !; പരാതികൾ കൈകാര്യം ചെയ്യുന്നതിൽ കനത്ത വീഴ്ച, കൈമാറിയ പരാതികളുടെ എണ്ണം വെറും 142
Mail This Article
തിരുവനന്തപുരം ∙ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം തടയാൻ ആരംഭിച്ച പിങ്ക് പൊലീസിന് പരാതികൾ കൈകാര്യം ചെയ്യുന്നതിൽ കനത്ത വീഴ്ച. പ്രവർത്തനം തുടങ്ങി 7 വർഷം പൂർത്തിയായിട്ടും തലസ്ഥാനത്ത് പിങ്ക് പൊലീസ് കൈമാറിയ പരാതികളുടെ എണ്ണം വെറും 142 . തിരുവനന്തപുരം സിറ്റി പരിധിയിൽ 124 , റൂറലിൽ 18 ആണ് എണ്ണം. ഇതിൽ മുഴുവൻ കേസുകളിലും കുറ്റപത്രം നൽകി. ലഭിക്കുന്ന പരാതികൾ അതത് സ്റ്റേഷനിലേക്ക് കൈമാറുന്ന ചുമതലയാണ് പിങ്ക് പൊലീസിന് ഉള്ളത്.
ഇതിൽ കേസെടുത്തത് അന്വേഷണം നടത്തി കുറ്റപത്രം നൽകുന്നത് മറ്റ് ഉദ്യോഗസ്ഥരാണ്. ട്രോൾ ഫ്രീ നമ്പരിലൂടെയും അല്ലാതെയും ലഭിക്കുന്ന പരാതികൾ കൃത്യമായി കൈമാറുന്നതിലാണ് പിങ്ക് പൊലീസിന് വീഴ്ച സംഭവിച്ചത്. പിങ്ക് പൊലീസിന് ഒരു ദിവസം ശരാശരി ലഭിക്കുന്നത് 75 പരാതികളാണ്. 1515 ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ പ്രധാന കേന്ദ്രത്തിലേക്ക് പരാതിയെത്തൂ. ഇത് അതാത് ജില്ലകളിലെ 112 ടോൾ ഫ്രീ നമ്പറിലേക്ക് കൈമാറും. ഇങ്ങനെ ഒരു ജില്ലയിൽ ദിവസവും ശരാശരി എഴുപത്തിയഞ്ചിലധികം പരാതികൾ എത്തുന്നുണ്ട്.
കാണാതാവുന്ന കേസുകൾ, അതിക്രമം, വഴിതെറ്റി എത്തുന്ന കുട്ടികളെയും മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീകൾ എന്നിവരെ കുറിച്ചുള്ള പരാതികൾ, ഗാർഹിക പീഡനം, പൊതുയിടങ്ങളിലെ അക്രമങ്ങൾ ഉൾപ്പെടെ പരാതികളാണ് പിങ്ക് പൊലീസിന് ലഭിക്കുന്നത്. കഴിഞ്ഞ നവംബർ വരെ 14 ജില്ലകളിൽ നിന്നായി പതിനായിരത്തിലധികം പരാതികളാണ് ലഭിച്ചത്.ഇതിനൊപ്പം പട്രോളിങ് നടത്തുന്നതിലും അലംഭാവമാണെന്ന് ആരോപണമുണ്ട്.
പരാതികൾ സ്വീകരിക്കുന്നതിലും അത് നടപടിക്കായി അയയ്ക്കുന്നതിലും അലംഭാവം തുടർക്കഥയായതോടെ പരാതികളുമായി ആരും ഇവരെ സമീപിക്കാത്ത സ്ഥിതിയാണ്.ഇതിനൊപ്പം പിങ്ക് പൊലീസ് ബീറ്റും അവസാനിച്ച മട്ടാണ്. പ്രത്യേക പരിശീലനം ലഭിച്ച വനിതാ പൊലീസുകാർ കെഎസ്ആർടിസി ബസിലും ബസ് സ്റ്റോപ്പുകൾ, സ്കൂളുകൾ, കോളജുകൾ, മറ്റു പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം നടത്തിയിരുന്നു. ഇപ്പോൾ ഇത്തരം നിരീക്ഷണങ്ങളും മറ്റും അവസാനിപ്പിച്ചു. ഇതിന് പകരമാണ് പിങ്ക് പൊലീസ് പട്രോളിങ് സംഘം ആരംഭിച്ചതെന്നാണ് പൊലീസ് ഭാഷ്യം.
എന്നാൽ കാറിൽ കറങ്ങി നടക്കുന്നതല്ലാതെ അതിക്രമങ്ങളിൽ ഇടപെടാനോ, സുരക്ഷയൊരുക്കാനോ പിങ്ക് പട്രോളിങ് സംഘങ്ങൾക്ക് സാധിക്കുന്നില്ലെന്നാണ് പരാതി. ഇതിനിടയിൽ മൊബൈൽ മോഷ്ടിച്ചെന്ന കള്ള പരാതി ഉണ്ടാക്കി ആറ്റിങ്ങലിൽ 8 വയസുകാരിയെയും പിതാവിനെയും പിങ്ക് പൊലീസ് സംഘം അപമാനിച്ചത് സേനയ്ക്ക് ആകെ നാണക്കേട് ഉണ്ടാക്കുന്ന സംഭവമായി മാറി. രാവിലെ 8 മുതൽ രാത്രി 8 വരെ പട്രോളിങ് സംഘം നിരീക്ഷണം നടത്തുന്നത്. ഇപ്പോൾ തോന്നും പടിയാണ് നിരീക്ഷണമെന്ന് ആക്ഷേപമുണ്ട്.