ADVERTISEMENT

തിരുവനന്തപുരം ∙ പാറശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്കെതിരെ കൊലക്കുറ്റത്തിനൊപ്പം തട്ടിക്കൊണ്ടുപോകലും ചേർത്തു പൊലീസ് കുറ്റപത്രം നൽകി. കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്താനായി ഗ്രീഷ്മ, ഷാരോണിനെ വശീകരിച്ചു വിളിച്ചുവരുത്തിയെന്നു കുറ്റപത്രത്തിൽ പറയുന്നു.  ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമലകുമാരൻ നായരും കൂട്ടു പ്രതികളാണ്. ഇവർക്കെതിരെ തെളിവു നശിപ്പിക്കൽ കുറ്റവും ചുമത്തി. നെയ്യാറ്റിൻകര ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണു ഡിവൈഎസ്പി റാസിത്ത് കുറ്റപത്രം സമർപ്പിച്ചത്. 

പ്രണയത്തിന്റെ മറവിലെ ചതിയറിയാതെ ഷാരോൺ മരണത്തിനു കീഴടങ്ങിയിട്ട് ഇന്നലെ 93 ദിവസമായി. ഗ്രീഷ്മ ജയിലിലെത്തിയിട്ടു 85 ദിവസവും. ഉയർന്ന സാമ്പത്തിക നിലവാരമുള്ള  സൈനികന്റെ വിവാഹാലോചന വന്നതോടെ ഷാരോണുമായുള്ള പ്രണയബന്ധം അവസാനിപ്പിക്കാൻ ഗ്രീഷ്മ ആഗ്രഹിച്ചു. ഷാരോൺ പിൻമാറിയില്ല. ഇതോടെയാണു കൊലപാതകത്തിനു തീരുമാനിച്ചതെന്നാണു പൊലീസ് കണ്ടെത്തൽ. 

ആസൂത്രിത കൊലപാതകമെന്നതിന്റെ തെളിവായി കഷായത്തിൽ കളനാശിനി കലർത്തുന്നതിനു മുൻപു ജ്യൂസിൽ ഡോളോ ചേർത്തു നൽകിയതിന്റെയും, കഷായത്തിൽ വിഷം കലർത്തുന്നതിനെക്കുറിച്ചു ഗൂഗിളിൽ തിരഞ്ഞതിന്റെയുമെല്ലാം തെളിവുകൾ സമർപ്പിച്ചു. കൊലപാതക ദിവസം ഷാരോണിനെ ഗ്രീഷ്മയുടെ വീട്ടിലേക്കു വിളിച്ചു വരുത്തിയാണു കഷായം നൽകിയത് എന്നതിന്റെ തെളിവായി വാട്സാപ്പ് ചാറ്റുകളും വീണ്ടെടുത്തു. 2022 ഒക്ടോബർ 14നായിരുന്നു സംഭവം. 25നു മെഡിക്കൽ കോളജ് ആശുപത്രിയിലാണു ഷാരോൺ രാജ് മരണത്തിനു കീഴടിങ്ങിയത്.

കുറ്റകൃത്യം നടത്താനുള്ള ഉദ്ദേശ്യത്തോടെ വിളിച്ചുവരുത്തിയെന്നതിന് ഐപിസി 364 വകുപ്പ് അധികമായി ചേർത്തു. ഇതോടെ കുറ്റകൃത്യം നടന്നതു തമിഴ്നാട്ടിലായതിനാൽ കേരളത്തിൽ വിചാരണ നടത്താനാകുമോയെന്ന നിയമപ്രശ്നം മറികടക്കാനാകുമെന്നു പൊലീസ് കരുതുന്നു. 142 സാക്ഷികൾ, 172 രേഖകൾ, 55 തൊണ്ടി മുതൽ എന്നിവ കുറ്റപത്രത്തോടൊപ്പം ഹാജരാക്കി. ഈ കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി വി.എസ്.വിനീത് കുമാറിനെ കഴിഞ്ഞയാഴ്ച സർക്കാർ നിയമിച്ചിരുന്നു.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി കെ.ജെ.ജോൺസൺ ഗുണ്ടാ ബന്ധത്തിന്റെ പേരിൽ സസ്പെൻഷനിലായതോടെ റൂറൽ എസ്പി ഡി.ശിൽപയുടെയും അഡീഷനൽ എസ്പി സുൾഫിക്കറിന്റെയും നേരിട്ടുള്ള മേൽനോട്ടത്തിലാണ് കുറ്റപത്രം തയാറാക്കിയത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകിയതോടെ കേസിൽ വിധി വരുംവരെ ഗ്രീഷ്മയ്ക്കു ജാമ്യം ലഭിക്കാനുള്ള വഴി അടഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com