മാധ്യമങ്ങൾ നിസ്സംഗരോ വിധേയരോ ആയി മാറുന്നു : മന്ത്രി എം.ബി.രാജേഷ്
Mail This Article
തിരുവനന്തപുരം ∙ സ്വതന്ത്ര മാധ്യമ പ്രവർത്തനം നേരിടുന്ന വെല്ലുവിളി ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണെന്നും ഈ പ്രതിസന്ധിക്കു മുന്നിൽ നിസ്സംഗരോ നിഷ്‌ക്രിയരോ വിധേയരോ ആയി മുഖ്യപങ്കു മാധ്യമങ്ങളും മാറുന്നതായും മന്ത്രി എം.ബി.രാജേഷ്.ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാധ്യമ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്വതന്ത്ര മാധ്യമ പ്രവർത്തനം പ്രതിസന്ധി നേരിടുന്നതു വലിയ ആശങ്കയുണ്ടാക്കുന്നതായി മന്ത്രി പറഞ്ഞു. ഈ പ്രതിസന്ധിക്കു മുന്നിൽ നിശബ്ദരായി നിൽക്കുകയും അതിനോടു പൊരുത്തപ്പെടാൻ ശ്രമിക്കുകയുമാണു മാധ്യമങ്ങൾ ചെയ്യുന്നത്. മാധ്യമങ്ങളിൽ പലതും അധികാരത്തിന്റെ ആർപ്പുവിളി സംഘമാകാൻ വ്യഗ്രത കാട്ടുന്നു.
കഴിഞ്ഞ കുറച്ചു കാലങ്ങളായുള്ള മാറ്റമാണിത്. ജനാധിപത്യത്തെ സംബന്ധിച്ച് ഏറ്റവും നിരാശാജനകമാണ് ഇതെന്നും മന്ത്രി പറഞ്ഞു. മാധ്യമ പ്രവർത്തനം എങ്ങനെ വേണമെന്ന് അധികാരകേന്ദ്രങ്ങൾ തീരുമാനിക്കുന്നത് അപകടകരമാണെന്നു മുഖ്യപ്രഭാഷണം നടത്തിയ പ്രമുഖ മാധ്യമ പ്രവർത്തകനും 'ദ് വയർ' എഡിറ്ററുമായ സിദ്ധാർഥ് വരദരാജൻ പറഞ്ഞു.
കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അധ്യക്ഷത വഹിച്ചു. ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി ആർ. കിരൺ ബാബു, ട്രഷറർ സുരേഷ് വെള്ളിമംഗലം, ജില്ലാ പ്രസിഡന്റ് സാനു ജോർജ് തോമസ്, സെക്രട്ടറി അനുപമ ജി. നായർ, ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് അഡിഷനൽ ഡയറക്ടർ കെ. അബ്ദുൽ റഷീദ്, ഡപ്യൂട്ടി ഡയറക്ടർ കെ. സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രമുഖ മാധ്യമ പ്രവർത്തകൻ എം.ജി. രാധാകൃഷ്ണൻ മോഡറേറ്ററായ പാനൽ ചർച്ചയിൽ ദി വയർ എഡിറ്റർ സിദ്ധാർഥ് വരദരാജൻ, ന്യൂസ് ലോൺട്രി സിഇഒ അഭിനന്ദൻ സിക്രീ, ദേശാഭിമാനി റസിഡന്റ് എഡിറ്റർ വി.ബി. പരമേശ്വരൻ, മനോരമ ന്യൂസ് ഡയറക്ടർ(ന്യൂസ്) ജോണി ലൂക്കോസ്, മാധ്യമ പ്രവർത്തകൻ ജോസി ജോസഫ്, കാരവൻ എക്സിക്യൂട്ടീവ് എഡിറ്റർ വിനോദ് ജോസ്, ദി ന്യൂസ് മിനിറ്റ് എഡിറ്റർ ധന്യ രാജേന്ദ്രൻ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അഡിഷനൽ ഡയറക്ടർ സലിൻ മാങ്കുഴി തുടങ്ങിയവർ പങ്കെടുത്തു.