ADVERTISEMENT

തിരുവനന്തപുരം ∙ വൻ നികുതിക്കൊള്ളയ്ക്കെതിരെ യുഡിഎഫ് പ്രത്യക്ഷ സമരപരിപാടികളിലേക്കു കടക്കുമെന്ന് പ്രതിപക്ഷം. ജനങ്ങൾക്കു മേൽ കൂടുതൽ ദുരിതം അടിച്ചേൽപിക്കുന്ന ബജറ്റ് നിർദേശങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്, മോൻസ് ജോസഫ് എന്നിവർ വ്യക്തമാക്കി.

യഥാർഥ ധനപ്രതിസന്ധി മറച്ചുവയ്ക്കുകയും പ്രതിസന്ധിയുടെ മറവിൽ വൻ നികുതി ഭാരം ജനങ്ങളുടെ ചുമലിൽ വയ്ക്കുകയും ചെയ്യുന്നതാണ് ബജറ്റെന്നു  നേതാക്കൾ പറഞ്ഞു. ഇന്ധനവില കുതിച്ചുയരുന്നതിനിടെ പെട്രോളിനും ഡീസലിനും 2 രൂപ സെസ് ഏർപ്പെടുത്തിയിരിക്കുന്നു

നിലവിൽ മദ്യത്തിന് 251 ശതമാനമാണ് നികുതി. വീണ്ടും ഒരു നിയന്ത്രണവും ഇല്ലാതെ മദ്യവില കൂട്ടുന്നത് ലഹരിമരുന്ന് ഉപഭോഗത്തിലേക്ക്  തള്ളി വിടും.6 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ നികുതിക്കൊള്ളയാണ് ഈ ബജറ്റിൽ ഉണ്ടായത്. 3000 കോടിയുടെ നികുതിക്കു പുറമേ കെട്ടിട നികുതിയായി 1000 കോടി പിരിച്ചെടുക്കാൻ തദ്ദേശ സ്ഥാപനങ്ങളോടും നിർദേശിച്ചിട്ടുണ്ട്. ഇതോടെ ജനങ്ങൾക്കു മേൽ അടിച്ചേൽപിക്കുന്ന നികുതിഭാരം 4000 കോടി രൂപയാകും. 

കിഫ്ബിയുടെ പ്രസക്തി ഇല്ലാതായതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ബജറ്റിനു പുറത്തു വായ്പ വാങ്ങിയുള്ള വികസനമാണ് കിഫ്ബിയിലൂടെ ഉദ്ദേശിച്ചതെങ്കിൽ ഇപ്പോൾ കിഫ്ബി ബജറ്റിന് അകത്തായി. കിഫ്ബിയും സാമൂഹിക സുരക്ഷാ പെൻഷനും കൂടി കൂട്ടിയാൽ കേരളം 4 ലക്ഷം കോടിയുടെ കടക്കെണിയിലാണ്. കുത്തഴിഞ്ഞ ധനകാര്യ മാനേജ്മെന്റാണ് കേരളത്തെ ഈ ഗതിയിലാക്കിയത്. ആ ഭാരത്തിനു പരിഹാരമായി ജനങ്ങളിൽനിന്നു പിടിച്ചു പറിക്കാനാണു ശ്രമമെങ്കിൽ അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.

തീപാറുന്ന പ്രക്ഷോഭം വരും (കെ.സുധാകരൻ, കെപിസിസി പ്രസിഡന്റ്)

കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും ജീവിതച്ചെലവു കുത്തനെ കൂട്ടുന്ന സംസ്ഥാന ബജറ്റിനെതിരെ തീപാറുന്ന പ്രക്ഷോഭം കേരളം കാണാൻ പോകുകയാണ്.  സഹസ്ര കോടികൾ നികുതിയിനത്തിൽ പിരിച്ചെടുക്കാതെയാണു സർക്കാർ 4000 കോടി രൂപയുടെ അധിക നികുതി ഒറ്റയടിക്ക് ചുമത്തിയത്.

പ്രാണവായുവിനു മാത്രമാണ് ഇപ്പോൾ നികുതിഭാരം ഇല്ലാത്തത്. നികുതിക്കൊള്ളയ്‌ക്കെതിരെ  ജനങ്ങളെ അണിനിരത്തി കോൺഗ്രസ് ശക്തമായ പ്രതിരോധം തീർക്കും. നികുതി ബഹിഷ്‌കരിക്കേണ്ട നിലയിലേക്കു ജനങ്ങളെ സർക്കാർ തള്ളിവിടുകയാണ്. എല്ലാ വർഷവും പെൻഷൻ തുക കൂട്ടുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ സർക്കാർ സാമൂഹിക സുരക്ഷാ പെൻഷൻ കൂട്ടിയിട്ടില്ല. പുതിയ വൻകിട പദ്ധതികളില്ല. ചെലവു ചുരുക്കി മാതൃക കാട്ടാൻ സർക്കാർ തയാറുമല്ല.

ബദൽ നയങ്ങളുടെ ബജറ്റ് (എം.വി.ഗോവിന്ദൻ, സിപിഎം സംസ്ഥാന സെക്രട്ടറി)

സംസ്ഥാന സർക്കാർ മുന്നോട്ടു വയ്ക്കുന്ന ബദൽ നയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണു സംസ്ഥാന ബജറ്റ്. അടിസ്ഥാന മേഖലകളിൽ നിന്നു സർക്കാർ പിന്മാറുക എന്ന ആഗോളവൽക്കരണ നയത്തിൽ നിന്നു വ്യത്യസ്തമായി കൂടുതൽ ഇടപെടുകയെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ള ബജറ്റ് കൂടിയാണിത്. കാർഷിക തകർച്ച പരിഹരിക്കുന്നതിനുതകുന്ന നിരവധി നിർദേശങ്ങൾ ബജറ്റിലുണ്ട്. പരമ്പരാഗത വ്യവസായങ്ങളെയും സാമൂഹിക സുരക്ഷാ പദ്ധതികളെയും സംരക്ഷിക്കുന്നതിനും ഊന്നൽ. 

ഭാവി വികസനത്തെ പാകപ്പെടുത്തും (കാനം രാജേന്ദ്രൻ‍, സിപിഐ സംസ്ഥാന സെക്രട്ടറി)

കേരളത്തിന്റെ ഭാവി വികസനത്തെ പാകപ്പെടുത്തുന്നതിൽ മികച്ച പരിഗണന നൽകുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. കേന്ദ്ര സർക്കാർ ശ്വാസം മുട്ടിക്കുമ്പോൾ  വരുമാനം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണു ചില മേഖലകളിൽ നികുതി ഏർപ്പെടുത്തിയത്. അതു സാധാരണ ജനങ്ങളെ കാര്യമായി ബാധിക്കില്ല.

ജനതയുടെ പോക്കറ്റ് കൊള്ളയടിക്കുന്നു (കെ.സി. വേണുഗോപാൽ, എഐസിസി ജനറൽ സെക്രട്ടറി)

കേരള ജനതയുടെ പോക്കറ്റ് കൊള്ളയടിക്കുന്ന ബജറ്റാണിത്. എല്ലാ മേഖലയിലും വിലക്കയറ്റത്തിനു വഴിവയ്ക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജനങ്ങളെ പിഴിയുകയാണ്. പെട്രോളിനും ഡീസലിനും സെസ്‌ ഏർപ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.  മദ്യത്തിന് അധിക സെസ്‌ ഏർപ്പെടുത്തിയത് മറ്റു ലഹരി ഉപയോഗം കൂടുന്നതിന് കാരണമാകും. ക്ഷേമ പെൻഷൻ  കൂട്ടാത്തത് കടുത്ത അനീതിയാണ്.  

പണം കണ്ടെത്തുന്നതു നേതാക്കളുടെ ധൂർത്തിന്  (വി. മുരളീധരൻ, കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി)

ജനങ്ങളുടെ മേൽ അമിത നികുതിഭാരം അടിച്ചേൽപ്പിക്കുന്നതു നേതാക്കളുടെ ധൂർത്തിനു പണം കണ്ടെത്താനാണ്. സാമൂഹിക ക്ഷേമ നികുതി എന്നതു തട്ടിപ്പാണ്. ഇന്ധന വില വർധനയുടെ പേരിൽ കേന്ദ്രത്തിനെതിരെ സമരം ചെയ്തവർ മാപ്പു പറയണം. നികുതി വർധനയ്ക്കു കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്നതു ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com