ADVERTISEMENT

തിരുവനന്തപുരം ∙  സംസ്ഥാന ബജറ്റ് പിൻവലിക്കുക, വെള്ളക്കരം കൂട്ടിയ നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായതിനെത്തുടർന്ന് 15 പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപത്തു നിന്നാരംഭിച്ച മാർച്ച് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിനു സമീപം പൊലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞു. തുടർന്നാണ് പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായത്.

പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നന്ദാവനം എആർ ക്യാംപിലേക്കു മാറ്റി. ഡിസിസി പ്രസിഡന്റ് പാലോട് രവി മാർച്ച് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ലക്ഷ്മി, മഹിളാ കോൺഗ്രസിന്റെ ചുമതലയുള്ള കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ, വർക്കല കഹാർ, ടി.ശരത്ചന്ദ്ര പ്രസാദ് എന്നിവർ പ്രസംഗിച്ചു. മഹിളാ കോൺഗ്രസ് നേതാക്കളായ എൽ.അനിത, ആരിഫ സൈനുദീൻ, സുനിത വിജയൻ, കെ.ഓമന, ഗായത്രി വി.നായർ, സിതാര രവീന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്.

ആർവൈഎഫിന്റെ പിന്നോട്ട് നടന്ന് സമരം 

തിരുവനന്തപുരം∙ സംസ്ഥാന ബജറ്റിന് എതിരെ ആർവൈഎഫ് പിന്നോട്ട് നടന്ന് സമരം നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ നിന്നു സെക്രട്ടേറിയറ്റിലേക്കു നടത്തിയ സമരം ആർഎസ്പി കേന്ദ്ര കമ്മിറ്റി അംഗം കെ.എസ് സനൽകുമാർ ഉദ്ഘാടനം ചെയ്തു.ആർവൈഎഫ് ജില്ലാ പ്രസിഡന്റ് രാലു രാജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി യു.എസ് ബോബി, സുനി മഞ്ഞമല, എം.എൽ അനൂപ്, കബീർ പൂവാർ , നിഷാദ് ഹനീഫ എന്നിവർ പ്രസംഗിച്ചു.

പ്രതിഷേധിക്കും മുൻപേ അറസ്റ്റിൽ 

തിരുവനന്തപുരം ∙ ബജറ്റിലെ നികുതി വർധനവിനെതിരെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ തടവിലാക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷജീർ നേമം, ജില്ലാ ഭാരവാഹികളായ ഷാജി മലയിൻകീഴ്, ഋഷി കൃഷ്ണൻ, സുമേഷ് ബേബി തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. രാവിലെ 8.30 ന് കോർപറേഷൻ ഓഫിസ് പരിസരത്തു നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. എആർ ക്യാംപിൽ എത്തിച്ച പ്രവർത്തകരെ പുറത്തിറക്കാൻ നേതാക്കൾ ബന്ധപ്പെട്ടെങ്കിലും സഭ കഴിഞ്ഞ് മുഖ്യമന്ത്രി നഗരം വിടാതെ ഇവരെ വിട്ടയയ്ക്കാനാകില്ലെന്നു പൊലീസ് അറിയിച്ചു. പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രിയും ധനമന്ത്രിയും പട്ടം വഴിയാണ് നിയമസഭയിലെത്തിയത്. .

കാറും വിദേശയാത്രയും ഒഴിവാക്കി ചെലവു കുറയ്ക്കാനാകില്ല

ഒരു കാർ വാങ്ങുന്നതോ, 10 പേർ വിദേശത്തു പോകുന്നതോ ഒന്നും ഒഴിവാക്കിയല്ല സർക്കാർ ചെലവു ചുരുക്കേണ്ടതെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ. കെട്ടിട നിർമാണത്തിലും രൂപകൽപനയിലുമെല്ലാം ചെലവു ചുരുക്കാനാകും. പ്രായോഗികവും ശാസ്ത്രീയവുമായ ചെലവു ചുരുക്കലാണു സർക്കാരിന്റെ നയം. ക്ലിഫ് ഹൗസിൽ പണിയുന്ന കാലിത്തൊഴുത്തിനു 42 ലക്ഷം രൂപയെന്ന ആരോപണം വന്നപ്പോൾ താൻ കണക്കെടുത്തു. ക്ലിഫ് ഹൗസിന്റെ ചുറ്റുമതിൽ നിർമാണം ഉൾപ്പെടെ ആകെയുള്ള പ്രവൃത്തിക്കാണു 42 ലക്ഷം രൂപ. പ്രതിപക്ഷം പറയുന്നതു കേട്ടാൽ തോന്നും ക്ലിഫ് ഹൗസിൽ പണിയുന്നത് എസി കാലിത്തൊഴുത്താണെന്നാണ്.

ജനത്തെ പിഴിയുന്നതിനെതിരെ പ്രക്ഷോഭം തുടരും: സതീശൻ

തിരുവനന്തപുരം ∙  ബജറ്റിലെ  നികുതി നിർദേശങ്ങൾ പിൻവലിക്കാത്തതു മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിയും ധാർഷ്ട്യവും കൊണ്ടാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സഭ ബഹിഷ്കരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ധന സെസ് കുറയ്ക്കുമെന്നാണു പല ഇടതുനേതാക്കളും പരോക്ഷമായി പൊതുമധ്യത്തിൽ പറഞ്ഞിരുന്നത്. എന്നാൽ പിണറായി അതിനു തയാറായില്ല. സാധാരണക്കാരെ പിഴിയുന്ന സർക്കാരിനെതിരെ പ്രക്ഷോഭം തുടരും.

ഇതിന്റെ ഭാഗമായി 13നും 14നും ജില്ലാകേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. സ്വർണക്കടകളും ബാറുകളും ഉൾപ്പെടെ 25,000 കോടി രൂപ നികുതി കുടിശിക വരുത്തിയിട്ടുണ്ട്. ആ തുക പിരിച്ചെടുക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല. അതിനു പകരം സാധാരണക്കാർക്കുമേൽ പലവിധ നികുതികൾ അടിച്ചേൽപ്പിക്കുന്നു. പിണറായി സർക്കാരിനേക്കാൾ കൂടുതൽ തുക ഇന്ധന സെസ് ഇനത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ പിരിച്ചെന്ന പ്രചാരണം തെറ്റാണ്. അന്ന് 494 കോടി രൂപ പിരിച്ചെങ്കിൽ പിണറായി അധികാരത്തിൽ വന്നശേഷം 5000 കോടി രൂപയാണു പിരിച്ചതെന്നും സതീശൻ പറഞ്ഞു.

സർക്കാരിനു ധാർഷ്ട്യം: ചെന്നിത്തല

തിരുവനന്തപുരം∙ചരിത്രത്തിലെ ഏറ്റവും വലിയ നികുതി കേരള ജനതയുടെ തലയിൽ കെട്ടി‍വെച്ചത്  ഇടത് സർക്കാരി‍ന്റെ ധാർഷ്ട്യം കാരണമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.    കോവിഡ് സമയത്ത് രക്ഷകവേഷമണിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, ജനങ്ങൾക്കിപ്പോൾ വെറുക്കപ്പെട്ടവനായി. ഒരു സർക്കാരും ചെയ്യാത്ത നടപടിയാണ് പെട്രോളിന് രണ്ട് രൂപ കൂട്ടിയത്.  ഇത് കേരളത്തിൽ വൻ വിലക്കയറ്റത്തിനു കാരണമാകും.

സത്യഗ്രഹത്തിനുള്ള ശേഷിയേ പ്രതിപക്ഷത്തിന് ഉള്ളൂ: മന്ത്രി ബാലഗോപാൽ

തിരുവനന്തപുരം ∙ കാടു കാണാതെ മരം കാണുന്നവരെ പോലെയാണു പ്രതിപക്ഷം നികുതി നിർദേശങ്ങളുടെ പേരിൽ ബജറ്റിനെയാകെ വിമർശിക്കുന്നതെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ. പ്രതിപക്ഷ വിമർശനത്തിലാകെ രാഷ്ട്രീയ അതിപ്രസരമാണെന്നു ബജറ്റ് ചർച്ചയുടെ മറുപടി പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. 1957ലെ ഇടതു സർക്കാരിന്റെ പ്രവർത്തനത്തിന്റെ തുടർച്ചയാണ് ഈ സർക്കാരും നടപ്പാക്കുന്നത്. 1957ലെ സർക്കാരിനെ പിരിച്ചുവിടാൻ പ്രതിപക്ഷത്തിനു ശേഷിയുണ്ടായിരുന്നു. ഇന്നു ചില സത്യഗ്രഹസമരം മാത്രം നടത്താനേ ശേഷിയുള്ളൂവെന്നു നിയമസഭാ കവാടത്തിൽ എംഎൽഎമാർ നടത്തുന്ന സത്യഗ്രഹ സമരത്തെ പരാമർശിച്ചു മന്ത്രി പറഞ്ഞു. 

60 ലക്ഷത്തിലധികം പേർക്കായി 11,000 കോടി രൂപ പെൻഷൻ കൊടുക്കുന്ന സംസ്ഥാനമാണിത്. പെൻഷൻ പദ്ധതിയെയും കിഫ്ബിയെയും ശ്വാസം മുട്ടിച്ച കേന്ദ്രസർക്കാരിനെതിരെ പൊരുതാൻ പ്രതിപക്ഷവും കൂടെ നിൽക്കുമെന്നാണു കരുതിയത്.  എല്ലാ മേഖലയ്ക്കും തുക നീക്കിവച്ചിട്ടുണ്ട്. ഇതൊന്നും പ്രതിപക്ഷം കാണുന്നില്ല. പകരം നികുതി നിർദേശങ്ങളെ വിമർശിക്കുകയാണ്.

എല്ലാ നികുതി വർധനയും സർക്കാർ എടുക്കുകയല്ല. കെട്ടിട നികുതിയിലെ മാറ്റം വഴി തദ്ദേശ സ്ഥാപനങ്ങൾക്കാണു  വരുമാനം വർധിക്കുക. 1960ലെയും 70ലെയും നികുതി ഘടനയായിരുന്നു അവിടെ. കാലോചിതമായി പരിഷ്കരിക്കുകയാണു ചെയ്തത്. കോർട്ട് ഫീ സ്റ്റാംപിന്റെ വില വളരെ കുറവാണെന്നും പരിഷ്കരണം വേണമെന്നും ചില ജുഡീഷ്യൽ ഓഫിസർമാർ പോലും നിർദേശിച്ചിരുന്നു. മോട്ടർ വാഹന നികുതി വർധിപ്പിച്ചതു മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി കൂടി വിലയിരുത്തിയാണ്. മദ്യത്തിനു കഴിഞ്ഞ രണ്ടുവർഷമായി നികുതി കൂട്ടിയില്ല. വിറ്റുവരവു നികുതി ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വില വ്യത്യാസം മാത്രമായിരുന്നു നേരത്തേ വരുത്തിയത്.– മന്ത്രി പറഞ്ഞു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com