ADVERTISEMENT

തിരുവനന്തപുരം∙ രാഹുൽ ഗാന്ധിക്കെതിരെ സൂററ്റ് കോടതി ശിക്ഷ വിധിച്ചതിനെതിരെ ഡിസിസിയുടെ നേതൃത്വത്തിൽ ജില്ലയിലാകെ പ്രതിഷേധം . ഉച്ചയ്ക്ക് റിസർവ് ബാങ്കിന് മുന്നിൽ ധർണ നടത്തി. കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് പാലോട് രവി, എം.വിൻസെന്റ് എംഎൽഎ, മുൻ മന്ത്രി വി.എസ്.ശിവകുമാർ, നേതാക്കളായ നെയ്യാറ്റിൻകര സനൽ, ആർ.ലക്ഷ്മി, ജി.എസ്.ബാബു, വീണാ എസ് നായർ എന്നിവർ പ്രസംഗിച്ചു. കെപിസിസി നിർദേശത്തെ തുടർന്ന് ജില്ലയിലെ 184 മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു.

രാഹുൽ ഗാന്ധിക്കെതിരായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി തിരുവനന്തപുരത്ത് റിസർവ് ബാങ്കിനു മുന്നിലേക്കു നടത്തിയ മാർച്ച് കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യുന്നു.

രാഹുൽ ഗാന്ധിക്കെതിരെയുള്ള സൂറത്ത് കോടതി വിധിയുടെ പശ്ചാത്തലത്തിൽ നീതിന്യായ സംവിധാനങ്ങളെ പോലും അട്ടിമറിക്കുന്ന ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി രാജ്ഭവൻ മാർച്ച് നടത്തി. രാഹുൽഗാന്ധിയുടെ ചിത്രമുള്ള പ്ലക്കാർഡുകളും പ്രതിഷേധ പന്തങ്ങളുമായിട്ടായിരുന്നു മാർച്ച്. രാജ്ഭവന് സമീപം പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എം.ബാലു ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് അധ്യക്ഷത വഹിച്ചു.  സംസ്ഥാന ഭാരവാഹികളായ നിനോ അലക്സ് , ഷജീർ നേമം , ജെ.എസ്. അഖിൽ, എസ്.പി. അരുൺ, വീണ എസ്. നായർ , രജിത് രവീന്ദ്രൻ ,  കെ.എഫ്. ഫെബിൻ എന്നിവർ പ്രസംഗിച്ചു.

വ്യാമോഹം കയ്യിൽ വച്ചാൽ മതി: ചെന്നിത്തല

തിരുവനന്തപുരം∙ രാഹുൽ ഗാന്ധിയെ ഭയപ്പെടുത്തി വായ് മൂടിക്കെട്ടാമെന്ന വ്യാമോഹം സംഘ പരിവാർ ശക്തികൾ കയ്യിൽ വച്ചാൽ മതിയെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതു മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെയാണ്. ഇപ്പോഴത്തെ കോടതി വിധിക്ക് എതിരെ നിയമപരമായി പോരാടും. സത്യം പറയുന്നതിൽ ഒരു വിട്ടു വീഴ്ചയും ചെയ്യാത്ത നേതാവാണ് അദ്ദേഹം. ഭാരത് ജോഡോ യാത്രയ്ക്കു ശേഷം രാഹുൽ ഗാന്ധിയെ ബിജെപി വല്ലാതെ ഭയക്കുകയാണെന്നു ചെന്നിത്തല പറഞ്ഞു.

രാഹുൽ വേട്ടയുടെ തുടർച്ച : സുധീരൻ

തിരുവനന്തപുരം∙മോദി സർക്കാരിന്റെ നേതൃത്വത്തിൽ ബിജെപി നടത്തുന്ന രാഹുൽ വേട്ടയുടെ തുടർച്ചയാണ് കോടതിവിധിയെന്ന് കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. ബാലിശമായ കാരണംപറഞ്ഞ് രാഹുൽ ഗാന്ധിയുടെ വീട്ടിൽ  പൊലീസ് കയറിയിറങ്ങിയതും ഇതിന്റെ ഭാഗമായിരുന്നു. എന്തു ചെയ്തും രാഹുൽഗാന്ധിയെയും പ്രതിപക്ഷത്തെയും തളർത്താനുള്ള ബിജെപിയുടെ കരുനീക്കങ്ങൾ ജുഡീഷ്യറിയിലും പ്രതിഫലിക്കുന്നത് നിർഭാഗ്യകരമാണെന്നു സുധീരൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com