പേട്ടയിൽ വീട്ടമ്മയ്ക്ക് നേരെ ആക്രമണം: പ്രതിയുടെ രേഖാചിത്രം തയാറാക്കും
Mail This Article
തിരുവനന്തപുരം ∙ പേട്ട മൂലവിളാകത്ത് വീട്ടമ്മയെ ആക്രമിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ അക്രമിയുടെ രേഖാചിത്രം പൊലീസ് തയാറാക്കും. സംഭവമുണ്ടായി 12 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ സാധിക്കാത്തിനാലാണു പുതിയ നീക്കം. പരാതിക്കാരിയിൽ നിന്നും അക്രമിയെ കുറിച്ചുള്ള വിവരം പൊലീസ് ശേഖരിച്ചു. രേഖാചിത്രം ജില്ലയിലാകെ പ്രചരിപ്പിക്കാനാണ് തീരുമാനം. ഇതിനൊപ്പം അക്രമത്തിനു ശേഷം പ്രതി ഏത് ഭാഗത്തേക്കാണ് വാഹനം ഓടിച്ചു പോയതെന്നു കണ്ടെത്താനും പരിശോധന ആരംഭിച്ചു.
പ്രതിയുടെ വാഹനം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പ്രതിക്ക് 45 വയസ്സുണ്ടെന്നാണ് സൂചന. ഡിയോ സ്കൂട്ടറിലാണ് പ്രതി സഞ്ചരിച്ചതെന്നാണ് പൊലീസ് പറയുന്നത്. വാഹനത്തിന്റെ നമ്പർ കണ്ടെത്താനായി ശേഖരിച്ച സിസിടിവി ദ്യശ്യങ്ങൾ പൊലീസ് പരിശോധനയ്ക്ക് അയയ്ക്കും. പരിശോധനയിൽ ദ്യശ്യങ്ങൾ കൂടുതൽ വ്യക്തമാകാനും നമ്പർ കണ്ടെത്താനും കഴിയുമെന്നാണ് പൊലീസ് പ്രതീക്ഷ.നമ്പർ ലഭിച്ചാൽ പ്രതിയിലേക്ക് എത്തുക വളരെ എളുപ്പമാണ്.
13 ന് രാത്രി പതിനൊന്നോടെ മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്നു വാങ്ങി മടങ്ങുന്ന വഴിക്കാണ് വീട്ടമ്മ ആക്രമിക്കപ്പെട്ടത്. അക്രമം നടന്ന ഭാഗത്ത് നിന്നും വ്യക്തതയുള്ള സിസിടിവി ദ്യശ്യങ്ങൾ ലഭിക്കാത്തതാണ് പൊലീസിനെ കുഴക്കുന്നത്. ഇതു വരെ ശേഖരിച്ച സിസി ടിവി ദ്യശ്യങ്ങളിൽ നിന്നും അക്രമി സഞ്ചരിച്ച സ്കൂട്ടറിന്റെ നമ്പറോ അക്രമിയെ തിരിച്ചറിയാൻ സഹായിക്കുന്ന തെളിവുകളോ ലഭിച്ചിട്ടില്ല. ഇതേസമയം അക്രമി വീട്ടമ്മയെ സ്കൂട്ടറിൽ പിന്തുടരുന്ന സിസിടിവി ദ്യശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഈ ദ്യശ്യങ്ങളിലും സ്കൂട്ടറിന്റെ നമ്പറോ, പ്രതിയുടെ മുഖമോ വ്യക്തമല്ല. അക്രമി ഹെൽമറ്റ് ധരിച്ചതിനാൽ മുഖം തിരിച്ചറിയാനും കഴിയുന്നില്ല. പാറ്റൂർ മുതൽ വീട്ടമ്മയുടെ പിന്നാലെ അക്രമി ഉണ്ടായിരുന്നതായുള്ള ദ്യശ്യങ്ങളും പൊലീസിന് ലഭിച്ചു.