പൈപ്പ് ലൈൻ: കുഴിക്കാൻ അനുവദിക്കാതെ റെയിൽവേ
Mail This Article
വർക്കല∙ റെയിൽവേ സ്റ്റേഷനു മുന്നിലെ റോഡിലൂടെ ജല അതോറിറ്റി പൈപ്പ് കുഴിക്കുന്നതിനെതിരെ റെയിൽവേ. പാരിപ്പള്ളി–വർക്കല ഹൈവേ നവീകരണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ റോഡിൽ പുതിയ പൈപ്പ് കുഴിച്ചു സ്ഥാപിക്കുന്നതിന്റെ ഭാഗമായി വർക്കല പുന്നമൂട് മുതൽ വർക്കല മൈതാനം വരെ പൈപ്പ് സ്ഥാപിക്കൽ ജോലികൾ പുരോഗമിക്കവേയാണ് റെയിൽവേ തടസ്സം നിൽക്കുന്നത്.
സ്ഥലം റെയിൽവേ അധീനതയിലായതിനാൽ ഉന്നതതലത്തിൽ അനുവാദം വാങ്ങുന്നതു വരെ റോഡിൽ തൊടാൻ അനുവാദമില്ലെന്നാണ് അതോറിറ്റിയെ അറിയിച്ചത്. ഇതേത്തുടർന്നു വർക്കല–പൂന്നമൂട് റോഡിൽ റെയിൽവേ സ്റ്റേഷൻ ഗേറ്റ് പരിസരം വരെ പൈപ്പ് കുഴിക്കൽ ജോലികൾ നിർത്തി.
നിലവിൽ സ്റ്റേഷനു മുന്നിലെ റോഡ് ഒഴിവാക്കി നഗരസഭ ഓഫിസ് കഴിഞ്ഞുള്ള ഭാഗത്ത് റോഡ് കുഴിക്കൽ തുടരുകയാണ്. റെയിൽവേ സ്റ്റേഷനു മുന്നിൽ ഏതാണ്ടു മുന്നൂറോളം മീറ്റർ ദൂരത്തിൽ റോഡ് വെട്ടിപ്പൊളിച്ചു നടത്തുന്ന ജോലികൾക്ക് റെയിൽവേ തടസ്സവാദം ഉയർത്തുന്നത് പാരിപ്പള്ളി–വർക്കല റോഡ് നവീകരണത്തെ ബാധിക്കാനിടയുണ്ട്. റെയിൽവേ സ്റ്റേഷനു കിഴക്ക് ഭാഗത്തെ റോഡായ ഗുഡ്സ് ഷെഡ് റോഡിലും അടുത്തകാലത്തു പ്രതിസന്ധി ഉടലെടുത്തിരുന്നു.
റോഡിലൂടെ കടന്നു പോകുന്ന അതോറിറ്റി പൈപ്പ് ലൈനുകൾ പല ഭാഗത്തായി പൊട്ടിയത്, റെയിൽവേ ഏകപക്ഷീയമായി രീതിയിൽ ഭൂമി തുരന്നു സിഗ്നൽ കേബിൾ സ്ഥാപിക്കുന്നതിനിടെയായിരുന്നു.ഇതുകാരണം സ്റ്റേഷനു കിഴക്ക് ഭാഗത്തെ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെട്ടു. റോഡിന്റെ പലഭാഗത്തായി കുഴിച്ചു ചോർച്ച താൽക്കാലികമായി പരിഹരിച്ചെങ്കിലും മുഴുവൻ പൈപ്പും മാറ്റേണ്ട സാഹചര്യത്തിൽ, റോഡ് മുഴുവനായി കുഴിക്കുന്നതിന് റെയിൽവേയുടെ അനുവാദം തേടി അതോറിറ്റി കത്ത് നൽകിയിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നാണ് അറിവ്.