കല്ലമ്പലം ∙ ഞെക്കാട് ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ 10–ാം ക്ലാസിൽ പഠിക്കുന്ന ഭിന്നശേഷിക്കാരനായ എസ്.സജൻ പരീക്ഷ എഴുതുന്നത് ഒറ്റൂർ പിഎച്ച്സി ലഭ്യമാക്കിയ ആംബുലൻസ് സേവനത്തിലൂടെ. സ്ക്രൈബിന്റെ സഹായത്തോടെ പരീക്ഷ എഴുതുന്ന സജന് ഒറ്റൂർ പഞ്ചായത്ത് ഒരുക്കിയ ആംബുലൻസ് സൗകര്യം കൂടി ലഭ്യമായതോടെ ആണ് പരീക്ഷാ മോഹം പൂവണിഞ്ഞത്. 90 ശതമാനം ശാരീരിക വൈകല്യം ഉള്ള സജനെ സുരക്ഷിതമായി വീട്ടിൽ നിന്ന് എടുത്ത് ആംബുലൻസിൽ കയറ്റി സ്കൂളിൽ എത്തിച്ച് പരീക്ഷയെഴുതി തിരികെ വീട്ടിൽ എത്തിക്കുകയായിരുന്നു.
11 ന് ആരംഭിച്ച് ഇന്നലെ അവസാനിച്ച എസ്എസ്എൽസി പരീക്ഷയ്ക്ക് കിടപ്പു രോഗിയായ കുട്ടിയെ സ്കൂളിൽ കൊണ്ട് വരാൻ കഴിയില്ല എന്നുള്ള രക്ഷിതാക്കളുടെ സങ്കടം സ്കൂൾ അധികൃതരെയും വാർഡ് അംഗം എസ്.സത്യബാബുവിനെയും അറിയിച്ചതോടെ ആണ് സജന്റെ പരീക്ഷാ മോഹങ്ങൾക്ക് വാതിൽ തുറന്നത്. പഞ്ചായത്ത് അധികൃതർ ഇടപെട്ടതോടെ ഒറ്റൂർ പിഎച്സി ആംബുലൻസ് സേവനം ഏർപ്പെടുത്താൻ തീരുമാനിച്ചു. തുടർന്ന് പിഎച്ച്സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ഗിനി ലാൽ,ആംബുലൻസ് ഡ്രൈവർ ജിന്നി എന്നിവരുടെ സഹായത്താൽ കുട്ടിയെ സ്കൂളിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു. സ്വന്തമായി പരീക്ഷ എഴുതാൻ കഴിയാത്തതിനാൽ പരീക്ഷാ സഹായി ആയി ഒൻപതാം ക്ലാസുകാരൻ നിവേദ് കൂടി എത്തിയതോടെ സജന്റെ പരീക്ഷാ സ്വപ്നം യാഥാർഥ്യമായി.