33 തവണ കുത്തി, മുറിവേറ്റിട്ടും പ്രതിയുടെ ആക്രമണം; തല ചുമരിൽ ഇടിച്ചു പലവട്ടം മുറിവേൽപിച്ചു
Mail This Article
തിരുവനന്തപുരം∙ സൂര്യഗായത്രിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ചെയ്തത് അസാധാരണ ക്രൂരകൃത്യം. സൂര്യയുടെ ശരീരമാസകലം 33 ഇടത്ത് കുത്തുകയും തല ചുമരിൽ ഇടിച്ചു പലവട്ടം മുറിവേൽപിക്കുകയും ചെയ്തു. സൂര്യ അബോധാവസ്ഥയിലായിട്ടും വീണ്ടും കുത്തി. സൂര്യയുടെ അച്ഛൻ ശിവദാസൻ നിലവിളിച്ച ബഹളം വച്ചതോടെ ഓടിയ അരുൺ സമീപത്തെ വീടിന്റെ ടെറസിൽ ഒളിക്കാൻ ശ്രമിച്ചു.
ഇവിടെ നിന്നാണു നാട്ടുകാരും പൊലീസും ചേർന്ന് ഇയാളെ പിടികൂടിയത്. സൂര്യയെ കുത്തുന്നതിനിടയിൽ സ്വന്തം കൈ ആഴത്തിൽ മുറിഞ്ഞിട്ടും അരുൺ അക്രമം നിർത്തിയില്ല. നിലവിളിച്ച സൂര്യയുടെ അമ്മ വത്സലയുടെ വായ് ഇടതുകൈ കൊണ്ടു പൊത്തിപ്പിടിച്ച ശേഷം അരുൺ മുറിവേറ്റ വലതുകൈ കൊണ്ടു സൂര്യഗായത്രിയെ കുത്തി. അക്രമം തടഞ്ഞ പിതാവു ശിവദാസനെയും ഇയാൾ ചവിട്ടി തള്ളിയിട്ടു മർദിച്ചു. സൂര്യഗായത്രിയെ വിവാഹം ചെയ്തു നൽകാത്ത വിരോധമാണു പ്രതിയെ കൊലയ്ക്കു പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഭിന്നശേഷിക്കാരും നിസ്സഹായരുമായ മാതാപിതാക്കളുടെ മുന്നിലിട്ടാണ് പ്രതി സൂര്യഗായത്രിയെ കൊലപ്പെടുത്തിയത്. തലയിലും നെഞ്ചിലും അടിവയറ്റിലുമേറ്റ മാരക മുറിവുകളാണു മരണത്തിന് ഇടയാക്കിയതെന്നാണ് ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട്. സംഭവത്തിനു 2 വർഷം മുൻപാണ് അരുൺ സൂര്യഗായത്രിയോടു വിവാഹാഭ്യർഥന നടത്തിയത്. ക്രിമിനൽ പശ്ചാത്തലമുള്ള അരുണിന്റെ ബന്ധം വീട്ടുകാർ നിരസിച്ചു. തുടർന്നു കൊല്ലം സ്വദേശിയുമായി സൂര്യയുടെ വിവാഹം നടന്നു. സൂര്യയുടെ ഭർത്താവിനേയും അരുൺ ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു.
ഭർത്താവിന്റെ വീട്ടിൽ നിന്നു സൂര്യഗായത്രി അമ്മയെ കാണാനെത്തിയതറിഞ്ഞാണു പേയാട് നിന്ന് അരുൺ നെടുമങ്ങാടു കരിപ്പൂരിൽ സൂര്യയുടെ വീട്ടിലെത്തിയത്. 39 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 64 രേഖകളും 49 തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.