വീട്ടുകാർ വിലക്കി, സാറാ തോമസ് കഥയുടെ കൈപിടിച്ചതു വിവാഹശേഷം!

SaraThomas
സാറാ തോമസ്
SHARE

തിരുവനന്തപുരം∙ അക്കാലത്ത് സാഹിത്യ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നവർ ശ്രദ്ധിച്ചിരുന്ന ഒന്നുണ്ടായിരുന്നു: സാറാ തോമസും സുഗതകുമാരിയും ഉടുക്കുന്നത് ഒരേ പോലുള്ള സാരികൾ. ചേലുള്ള, ആഡംബരമില്ലാത്ത പരുത്തി സാരികൾ.  ചോദിച്ചവരോടു സുഗതകുമാരി പറഞ്ഞു: ‘‘ഞങ്ങൾ ഒരേ പോലുള്ളതു വാങ്ങിയതല്ല, പരസ്പരം മാറിയുടുക്കുന്നതാണ്!’’ അതായിരുന്നു ഇരുവരും തമ്മിലുള്ള കൂട്ട്. നന്ദാവനത്ത് അയൽക്കാരും സതീർഥ്യരും. ജീവിതത്തിൽ 2 മരണങ്ങളാണു സാറാ തോമസിനെ ഉലച്ചിട്ടുള്ളത്.സുഗതകുമാരിയുടെ വേർപാടും എഴുത്തുജീവിതത്തിൽ താങ്ങും തണലുമായിരുന്ന ഭർത്താവ് ഡോ.തോമസ് സക്കറിയയുടെ മരണവും. യാഥാസ്ഥിതിക ചുറ്റുപാടുകൾ കൗമാരകാലത്തു എഴുത്തിന് ഇടങ്കോലിട്ടു.

കോവളത്തേക്കു നടത്തിയ ഉല്ലാസയാത്ര കഥയാക്കിയതു വീട്ടിൽ കണ്ടത് എഴുത്തുവിലക്കായി. ‘ലവംഗി’ എന്ന തൂലികാനാമത്തിൽ എഴുതിയെങ്കിലും തുടർ‍ന്നില്ല. എഴുത്തു മുടക്കിയവരോടു പരിഭവിച്ചില്ലെങ്കിലും സാറാ തോമസ് തന്റെ ‘സെൻ‍സർഷിപ്പി’നെ മറി കടന്നതു വിവാഹാനന്തരമായിരുന്നു. തോമസ് സക്കറിയക്കു പകരം മറ്റൊരാളായിരുന്നു ഭർത്താവെങ്കിൽ കഥയില്ലാത്തൊരാളാവുമായിരുന്നു താനെന്ന് അവർ സംശയിച്ചു. എഴുത്തിനു പ്രമേയം കണ്ടുപിടിക്കുന്നതു മുതൽ അതിനായുള്ള യാത്രകൾക്കും പഠനങ്ങൾക്കും വരെ അദ്ദേഹം ഒപ്പമുണ്ടായി. ആശുപത്രിയിലെ അനുഭവങ്ങളെല്ലാം അദ്ദേഹം പറയുമായിരുന്നു. 

ദലിത് ജീവിതത്തിന്റെ ആത്മസംഘർഷങ്ങൾ ചിത്രീകരിച്ച ‘ദൈവമക്കൾ’,  അഗ്രഹാരങ്ങളിലെ സ്ത്രീ ജീവിതത്തിന്റെ കഥ പറഞ്ഞ ‘നാർമടിപ്പുടവ’,  കടൽജീവിതത്തെ ചിത്രീകരിച്ച ‘വലക്കാർ’എന്നിവയൊക്കെ ശ്രദ്ധേയമായി. എഴുത്തു ജീവിതത്തിലെ 3 സന്തോഷങ്ങളെപ്പറ്റി സാറാ തോമസ് പറയുമായിരുന്നു:  ‘ജീവിതമെന്ന നദി’യുടെ കയ്യെഴുത്തു പ്രതി വായിച്ച ഒരു പരിചയക്കാരൻ അത് എൻബിഎസിനു നൽകി അച്ചടിപ്പിച്ചു. പുസ്തകമിറങ്ങിയ ശേഷമാണു ഞാനിത് അറിഞ്ഞത്. ‘മുറിപ്പാടുകൾ’ ലക്കങ്ങളായി പ്രസിദ്ധീകരിക്കുന്നതിനിടെ പത്രാധിപരായിരുന്ന കാമ്പിശേരി കരുണാകരൻ വലിയൊരു പൊതിയുമായി വീട്ടിൽ വന്നു. വായനക്കാർ അയച്ച കത്തുകളായിരുന്നു അത്. വീട്ടുകാർ വിലക്കിയ കഥ 25 വർഷം കഴിഞ്ഞു വീണ്ടുമെഴുതി മനോരമ വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു !

എഴുതിയതെല്ലാം പൊന്നാക്കി :സാറാ ജോസഫ്

നാർമടിപ്പുടവയും ദൈവമക്കളും പോലെ നല്ല നോവലുകൾ എഴുതിയ എഴുത്തുകാരിയാണ് സാറാ തോമസ്. മണിമുഴക്കം എന്ന ബക്കർ സിനിമയ്ക്ക് ആധാരമായത് സാറാ തോമസിന്റെ നോവലാണ്. എഴുതിക്കൊണ്ടിരുന്ന കാലത്ത് അവരുടെ എല്ലാ കൃതികളും തന്നെ വളരെ ശ്രദ്ധേയമായിരുന്നു. അതേസമയം, അവർ അർഹിക്കുന്ന വിധത്തിൽ മലയാള സാഹിത്യ ചരിത്രത്തിൽ ഇപ്പോഴും അവർ അടയാളപ്പെടുത്തപ്പെടുത്തപ്പെട്ടിട്ടില്ല എന്നാണ് എന്റെ ബോധ്യം. നാർമടിപ്പുടവ പോലെ, അസ്തമയം പോലെ ഉള്ള കൃതികൾ വേണ്ടത്ര വിലയിരുത്തപ്പെട്ടുവോ എന്ന കാര്യം സംശയമാണ്; ആ കൃതികളുടെ എഴുത്തുകാരിക്കു കിട്ടേണ്ട സ്ഥാനം കിട്ടിയോ എന്ന കാര്യവും.

ധാരാളമായൊന്നും എഴുതിയിട്ടില്ല ആ എഴുത്തുകാരി. എങ്കിലും എഴുതിയതെല്ലാം ശ്രദ്ധേയമായിരുന്നു എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എനിക്ക് വ്യക്തിപരമായി സാറാ തോമസിനോട് വലിയ അടുപ്പമില്ല. സുഗതകുമാരി ടീച്ചറുടെ അടുത്ത സുഹൃത്ത് എന്ന നിലയിൽ അവരെ പരിചയപ്പെട്ടിട്ടുണ്ട്. എഴുത്തിനെപ്പറ്റിയും ജീവിതത്തെപ്പറ്റിയും ഞങ്ങൾ തമ്മിൽ ഒരുപാട് സംസാരിക്കാൻ കഴിഞ്ഞ ഒരു ട്രെയിൻ യാത്രയെപ്പറ്റിയും ഞാൻ ഓർക്കുന്നു. ആ യാത്രയിൽ അവരുടെ ഭർത്താവ് സക്കറിയയും അവർക്കൊപ്പം ഉണ്ടായിരുന്നു.

ഞങ്ങളുടെ പേരുകളിലെ സാമ്യം കൊണ്ട് ഒരുപക്ഷേ, സാറാ തോമസ് കുറച്ച് വിഷമിച്ചിരിക്കാൻ‌ സാധ്യതയുണ്ട്. ഞാൻ ചെയ്യുന്ന പല പ്രവൃത്തികളുടെയും ആഘാതം അവർ‌ നേരിടേണ്ടി വന്നിട്ടുണ്ട്. അവർ അതേക്കുറിച്ച് നേരത്തെ എഴുതിയിട്ടുമുണ്ട്.ഞാൻ വിക്ടോറിയ കോളജിൽ ജോലി ചെയ്തുകൊണ്ടിരുന്ന കാലത്ത്– 1990കളുടെ തുടക്കത്തിലായിരിക്കണം, പാലക്കാട് നടന്ന സൗന്ദര്യ മത്സരത്തിനെതിരെ ഞാനും സുമംഗലക്കുട്ടിയും നിനിത കണിച്ചേരിയും ചാക്ക് ഉടുത്ത് സമരം നടത്തുകയുണ്ടായി. ഞങ്ങളെ അറസ്റ്റ് ചെയ്തു നീക്കുകയും സൗന്ദര്യ മത്സരം കഴിയും വരെ ഞങ്ങളെ സ്റ്റേഷനിൽ വയ്ക്കുകയും ചെയ്തു.അതിനോടടുത്ത ദിവസം സാറാ തോമസിന് ഒരു കല്യാണത്തിൽ പങ്കെടുക്കേണ്ടതുണ്ടായിരുന്നു.അവരെയാണ് അറസ്റ്റ് ചെയ്തത് എന്ന മട്ടിൽ ബന്ധുക്കളിൽ ചിലർ നോക്കുകയും സംസാരിക്കുകയും ചെയ്തത് അവർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി അവർ പറഞ്ഞിട്ടുണ്ട്.

ഒരു അവാർഡ് വിതരണ ചടങ്ങിൽ പങ്കെടുക്കാൻ കോഴിക്കോട്ട് പോയിരുന്നു കഴിഞ്ഞ ദിവസം. ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചു പുറത്തിറങ്ങവെ, നാർമടിപ്പുടവ എഴുതിയത് ഇവരാണോ എന്ന് എന്നെ ഉദ്ദേശിച്ച് ആരോ ചോദിക്കുന്നതു കേട്ടു. പലരുടെയും മനസ്സിൽ പതിഞ്ഞ പേര് സാറാ തോമസ് ആണെന്നു തോന്നുന്നു. എന്നെ ഫോണിൽ വിളിക്കുന്ന ചിലർ സാറാ തോമസിന്റെ നമ്പർ‌ അല്ലേ എന്നു ചോദിക്കാറുണ്ട്. തിരിച്ച് സാറാ തോമസിനും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടാകാം. വളരെ നിശബ്ദയെങ്കിലും, ഉള്ളിലെ തപിച്ചു കൊണ്ടിരുന്ന ലോകത്തെ മനോഹരമായി ആവിഷ്കരിച്ച എഴുത്തുകാരിയുടെ വിടവാങ്ങൽ, എനിക്ക് വളരെ വിഷമം ഉണ്ടാക്കുന്ന ഒന്നാണ്. പ്രിയപ്പെട്ട സ്നേഹിതയ്ക്ക് ആദരാഞ്ജലികൾ.

ആൾക്കൂട്ടത്തിൽ നിന്നൊഴിഞ്ഞു നിന്നു: ജോർജ് ഓണക്കൂർ

സാറ തോമസ് ആഘോഷിക്കപ്പെട്ട എഴുത്തുകാരിയല്ല. ആൾക്കൂട്ടത്തിന് മുന്നിൽ കയറി നിന്ന് ആദരം പിടിച്ചു പറ്റാനുള്ള വിദ്യയും അവർക്കു വശമായിരുന്നില്ല. പൊതുവേദികളിൽ നിന്ന് ഏറെ ഒഴിഞ്ഞു നിന്നതു കൊണ്ടാകാം സാറ തോമസ് എന്ന പേര് പലപ്പോഴും വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയോ എന്നെനിക്ക് സന്ദേഹമുണ്ട്. ശക്തിയും ചൈതന്യവും നിറഞ്ഞ എഴുത്തു വഴികളിലൂടെ അവർ വായനക്കാരുടെ മനസ്സിൽ ഇടം നേടുകയായിരുന്നു.  ‘മുറിപ്പാടുകൾ’ എന്ന നോവൽ പി.എ.ബക്കർ ‘മണിമുഴക്കം’ എന്ന പേരിൽ സിനിമയാക്കി.  അതിന്റെ  എഴുത്തുകാരി സാറ തോമസ് ആണെന്ന് എത്ര പേർക്കറിയാമെന്ന് നിശ്ചയം പോരാ. 

‘നാർമാടിപ്പുടവ’ മലയാളത്തിലെ ഒറ്റപ്പെട്ടു നിൽക്കുന്ന കൃതിയാണ്. ബ്രാഹ്മണ സമൂഹത്തിൽ നിലനിൽക്കുന്ന ആചാരരീതികൾ, സവിശേഷതകൾ, കഥാപാത്ര ചിത്രീകരണം, സംഭാഷണ ശൈലി അതൊക്കെയും സൂക്ഷ്മമായി അവതരിപ്പിക്കുന്ന നോവലാണിത്.  ആ നോവൽ ടെലിവിഷൻ സീരിയലായി ഏറെ ശ്രദ്ധ കൈവരിച്ചു. ‘ദൈവമക്കൾ’ അധ:സ്ഥിത വിഭാഗത്തിൽപെടുന്ന ജനസമൂഹത്തിന്റെ ദു:ഖങ്ങൾ അവതരിപ്പിച്ചു. ദൈവമക്കളെ ദലിത് നോവൽ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താവുന്നതാണ്. പക്ഷേ അങ്ങനെയൊരു മുദ്ര ചാർത്തിയില്ലെങ്കിൽ പോലും മലയാള സാഹിത്യത്തിൽ വേറിട്ടു നിൽക്കുന്ന കൃതിയാണ് അത്. ജ്യേഷ്ഠ സഹോദരിയോടുള്ള ആദരവോടെയാണ് ഞാൻ സാറ തോമസിനെ കണ്ടിട്ടുള്ളത്.

          

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA