ADVERTISEMENT

പാറശാല ∙ മുക്കോല–കാരോട് ബൈപാസ് യാഥാർഥ്യത്തിലേക്ക്. ഏഴു വർഷം മുൻപ് നി‍ർമാണം ആരംഭിച്ച ബൈപാസിലെ പ്രധാന പാതയുടെ ജോലികൾ പൂർത്തിയായതോടെ ഉദ്ഘാടനത്തിനു കാത്തു നിൽക്കാതെ ഇതു വഴി ഗതാഗതം പൂർണ തോതിൽ ആരംഭിച്ചു. സർവീസ് റോഡുകളിലേക്ക് പ്രവേശിക്കുന്ന ഭാഗം, സിഗ്നൽ ലൈറ്റുകൾ, സുരക്ഷാ വേലികൾ ഉൾപ്പെടെയുള്ള ജോലികളാണ് ഇനി പൂർത്തിയാകാനുള്ളത്.16.5 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ മൂന്നിടങ്ങളിൽ പ്ലാനിൽ വന്ന മാറ്റങ്ങൾ മൂലം പണി നിലച്ചതാണ് നിർമാണം വൈകിയത്. ഇതു വഴി ഗതാഗതം ആരംഭിച്ചിട്ട് ഒരു വർഷത്തോളമായെങ്കിലും അടുത്തിടെ വരെ മൂന്ന് സ്ഥലങ്ങളിൽ യാത്ര സർവീസ് റോഡിലേക്ക് മാറ്റേണ്ട സ്ഥിതി ആയിരുന്നു.

മേൽപാലങ്ങളും സർവീസ് റോഡുകളിലും ഒട്ടേറെ മാറ്റങ്ങൾ വേണ്ടി വന്ന വ്ലാത്താങ്കര ഭാഗത്തെ ജോലികളാണ് റോഡ് നിർമാണം വൈകിച്ചത്.ദേശീയപാതയിലെ ഗതാഗത കുരുക്കഴിക്കാൻ 2016 ൽ ആണ് കഴക്കൂട്ടം മുതൽ കാരോട് വരെ 43.5 കിലോമീറ്റർ ബൈപാസ് നിർമാണം ആരംഭിച്ചത്. ഘട്ടമായ കഴക്കൂട്ടം –മുക്കോല റീച്ച് രണ്ട് വർഷം മുൻപ് തന്നെ നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുത്തിരുന്നു.2016ൽ നിർമാണം ആരംഭിക്കുമ്പോൾ 496 കോടി രൂപ ആയിരുന്നു അടങ്കൽ തുക. ബൈപാസിന്റെ ഇരു വശങ്ങളിലും പൂർണമായി സർവീസ് റോഡുകളുടെ നിർമാണം, സാധന വില വർധന എന്നിവ മൂലം 52 കോടി രൂപ അധികം നൽകി.

പ്രതിസന്ധികളേറെ

മുക്കോല – കാരോട് ആദ്യഘട്ട നിർമാണം മൂന്നു വർഷം മുൻപ് പൂർത്തിയായെങ്കിലും കോൺക്രീറ്റ് പ്രതലത്തിൽ രൂപപ്പെട്ട വിള്ളൽ, അരികു ഭിത്തികളായി അടുക്കിയിരുന്ന സ്ലാബുകളുടെ ചരിവ്, സർവീസ് റോഡുകളുടെ നിർമാണം സംബന്ധിച്ച് പ്രദേശവാസികൾ ഉന്നയിച്ച പരാതികൾ തുടങ്ങിയവ സമയ നഷ്ടമുണ്ടാക്കി. സംസ്ഥാനത്തെ ആദ്യ കോൺക്രീറ്റ് റോഡായ കാരോട് ബൈപാസിലെ ചില സ്ഥലങ്ങളിൽ കോൺക്രീറ്റ് പ്രതലം മീറ്ററുകളോളം വീണ്ടു കീറി. 70 അടി വരെ ഉയരത്തിൽ കോൺക്രീറ്റ് സ്ലാബുകൾ അടക്കി ബോക്സ് മാതൃകയിൽ മണ്ണിട്ടു നിർമിച്ച പാതയിൽ മഴവെള്ളം ഇറങ്ങി മണ്ണ് താഴ്ന്നതാണ് കോൺക്രീറ്റ് പെ‍ാട്ടാൻ കാരണം. ഇതു പോലെ മഴവെള്ളം ഇറങ്ങി രൂപപ്പെട്ട സമ്മർദം മൂലം തെങ്കവിള, അയിര എന്നിവിടങ്ങളിൽ 40 അടി ഉയരമുള്ള വശഭിത്തി ഇടിഞ്ഞു. പാതയ്ക്കു സമീപത്തെ വീടുകളുടെ സുരക്ഷ സംബന്ധിച്ച് പരാതികൾ ഉയർന്നതോടെ ഉയരം കൂടിയ സ്ഥലങ്ങളിൽ സ്ലാബുകൾ തമ്മിൽ കമ്പികൾ കെ‍ാണ്ട് ബന്ധിപ്പിച്ചു. 

തമിഴ്നാട്ടിലേക്ക് പോകുന്ന യാത്രക്കാർക്ക് സമയലാഭം

തമ്പാനൂരിൽ നിന്ന് ദേശീയപാത വഴി കളിയിക്കാവിള എത്താൻ 38 കിലോമീറ്റർ ആണ് ദൂരം. ദേശീയപാത വഴി സഞ്ചരിച്ചാൽ ബാലരാമപുരം, ആലുമ്മൂട്, ജംക്‌ഷൻ, നെയ്യാറ്റിൻകര ടൗൺ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് യാത്രയ്ക്കു തടസ്സമാകും.ചാക്ക, ഇൗഞ്ചയ്ക്കൽ വഴി ബൈപാസിലേക്ക് കടന്നാൽ കളിയിക്കാവിള എത്താൻ 33 കിലോമീറ്റർ മാത്രം. സമയം 45 മിനിറ്റു മുതൽ പരമാവധി ഒരു മണിക്കൂർ വരെ.

ചെങ്കവിളയിൽ പാത അവസാനിക്കുമ്പോൾ

മുക്കോല മുതൽ കാരോട് വരെ എന്നാണ് ഔദ്യോഗിക ഭാഷ്യം എങ്കിലും ബൈപാസ് അവസാനിക്കുന്നത് ചെങ്കവിളയിൽ ആണ്. ഇവിടെ നിന്ന് പാറശാല, കളിയിക്കാവിള വഴി യാത്രികർക്ക് ദേശീയപാതയിൽ എത്താം. ചെങ്കവിള നിന്നും കിണറ്റുമുക്ക് വഴി ഇടത്തേക്ക് തിരിഞ്ഞ് പാറശാല ആശുപത്രി ജംക്‌ഷൻ, കിണറ്റുമുക്ക് നിന്ന് വലത്തേക്ക് തിരിഞ്ഞ് കളിയിക്കാവിള പിപിഎം ജംക്‌ഷനിൽ കടന്നും യാത്രക്കാർക്ക് ദേശീയപാതയിൽ പ്രവേശിക്കാം. കന്യാകുമാരിയിലേക്കുള്ള യാത്രികർക്ക് തീരദേശ റോഡ് വഴി പോകണം എങ്കിൽ ചെങ്കവിളയിൽ നിന്ന് കെ‍ാല്ലങ്കോട്, കുളച്ചൽ വഴിയും സഞ്ചരിക്കാം.

കാരോട്–മുക്കോല ബൈപാസ് അവസാനിക്കുന്ന ചെങ്കവിള ഭാഗത്ത് നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്ന കാരോട്–വില്ലിക്കൂറി ബൈപാസ് ആരംഭിക്കുന്ന ഭാഗത്തെ ദൃശ്യം. ഇവിടെ പ്രാരംഭ ഘട്ട ജോലികൾ പോലും ആരംഭിച്ചിട്ടില്ല.

ബൈപാസ്: തമിഴ്നാട്ടിലേക്കുള്ള നിർമാണം വൈകും 

പാറശാല ∙ തലസ്ഥാനത്തു നിന്ന് സംസ്ഥാന അതിർത്തി വരെ ബൈപാസ് യാഥാർഥ്യമായെങ്കിലും തമിഴ്നാട് ഭാഗത്തേക്കുള്ള നിർമാണം പൂർത്തിയാകാൻ ഇനിയും വർഷങ്ങൾ വേണ്ടിവരും. കഴക്കൂട്ടം–കാരോട് ബൈപാസ് അവസാനിക്കുന്ന ചെങ്കവിളയിൽ നിന്നും കന്യാകുമാരി വരെ നീളുന്നതാണ് പാതയുടെ രൂപരേഖ. 53.6 കിലോമീറ്റർ ദൂരം വരുന്ന ബൈപാസിൽ കളിയിക്കാവിള മുതൽ വില്ലിക്കുറി വരെ 33 കിലോമീറ്ററും, വില്ലിക്കുറി മുതൽ കന്യാകുമാരി വരെ 20 കിലോമീറ്ററും അടങ്ങുന്ന 2 റീച്ചുകൾ ആയിട്ടാണ് നിർമാണം. 2016ൽ നിർമാണം ആരംഭിച്ചെങ്കിലും  ഇതുവരെ നിർമാണം പൂർത്തിയായത് 30 കിലോമീറ്റർ ദൂരം. കളിയിക്കാവിള–വില്ലിക്കുറി പാതയിൽ പലയിടത്തും സ്ഥലം ഏറ്റെടുപ്പ് മാത്രം ആണ് പൂർത്തിയായത്.

മണ്ണ് അടക്കം നിർമാണ സാധനങ്ങളുടെ ക്ഷാമം ആണ് പണി ആരംഭിക്കുന്നതിനു തടസ്സം എന്നാണ് അധികൃതരുടെ വിശദീകരണം. ബൈപാസ് നിർമാണം സംബന്ധിച്ച് പരാതികൾ വ്യാപകമായതോടെ അടുത്തിടെ നടന്ന മന്ത്രിതല ചർച്ചകളിൽ തുക വർധിപ്പിച്ച് കരാർ പുതുക്കി നൽകിയിട്ടുണ്ട്. തമിഴ്നാട് ഭാഗത്തെ നിർമാണം പൂർത്തിയായാൽ മാത്രമേ കഴക്കൂട്ടത്ത് നിന്ന് ആരംഭിക്കുന്ന ബൈപാസിന്റെ പൂർണ തോതിലുള്ള പ്രയോജനം യാത്രക്കാർക്ക് ലഭ്യമാകുകയുള്ളൂ. തമിഴ്നാട്ടിലേക്ക് പോകാൻ നിലവിൽ ചെങ്കവിളയിൽ നിന്ന് തിരിഞ്ഞു പാറശാല, കളിയിക്കാവിളയിൽ എത്തി ദേശീയപാതയിൽ കടന്ന് തുടർ യാത്ര നടത്തേണ്ടതാണ് സ്ഥിതി. നിർമാണം പൂർത്തിയായാൽ ചാക്കയിൽ നിന്ന് കന്യാകുമാരിയിലേക്ക് ഉള്ള ദൂരം 85 കിലോമീറ്റർ ആയി ചുരുങ്ങും. 2433.25 കോടി രൂപയാണ് നിലവിലെ അടങ്കൽ തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com