അമോണിയ കലർന്ന മത്സ്യം പിടികൂടി നശിപ്പിച്ചു
Mail This Article
വർക്കല∙ പുന്നമൂട് മത്സ്യ മാർക്കറ്റിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയ മത്സ്യങ്ങൾ പിടിച്ചെടുത്തു. മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് അമോണിയയുടെ സാന്നിധ്യം മീനുകളിൽ കണ്ടെത്തിയത്.
നഗരസഭാ ഹെൽത്ത് വിഭാഗവും ഫുഡ് ആൻഡ് സേഫ്റ്റി വർക്കല സർക്കിൾ ഓഫിസും ചേർന്നാണ് പരിശോധന നടത്തിയത്. 90 കിലോ ചൂര മത്സ്യമാണ് പിടികൂടിയത്. ഐസ് നിറച്ച മീനുകൾ മാർക്കറ്റിൽ എത്തിച്ചു പിന്നീട് മണൽ വിതറി വിൽപന നടത്തുന്നത് അനുവദനീയമല്ലെന്നു ഫുഡ് ആൻഡ് സേഫ്റ്റി ഓഫിസർ ഡോ.ആർ.പി.പ്രവീൺ പറഞ്ഞു.
കൂടാതെ കല്ലമ്പലം മത്സ്യ മാർക്കറ്റ്, നാവായിക്കുളം 28–ാം മൈൽ മത്സ്യ മാർക്കറ്റ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയ ഇരുനൂറോളം കിലോ മത്സ്യങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. ടെക്‌നിക്കൽ അസിസ്റ്റന്റ് വി.അജിത, ലാബ് അസിസ്റ്റന്റ് എസ്.വിനോദ്, എൻ.ഷീജ, നഗരസഭ ജെഎച്ച്ഐമാരായ എസ്.ആർ.അനിഷ്, എം.സോണി, എസ്.സരിത എന്നിവർ പരിശോധനയിൽ പങ്കെടുത്തു.