ADVERTISEMENT

തിരുവനന്തപുരം∙ നഗരത്തിലെ 3 പൊലീസ് സ്റ്റേഷനുകളിൽ സ്പെ‍ഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ഇല്ലാതായിട്ട് മാസങ്ങൾ. സ്പെഷൽ ബ്രാഞ്ചിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് ആവർത്തിച്ചു പറയുന്ന ഡിജിപിയുടെ മൂക്കിനു താഴെ, സിറ്റിയിലെ മൂന്നു പൊലീസ് സ്റ്റേഷനുകളിലാണ് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഇല്ലാത്തത്. ഇതോടെ മൂന്നു സ്റ്റേഷനുകളിലെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ അവതാളത്തിലായി. ഫോർട്ട്, പേരൂർക്കട, തിരുവല്ലം സ്റ്റേഷനുകളിലാണ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നത്.

ഫോർട്ടിലും പേരൂർക്കടയിലും ആളില്ലാതായിട്ട് മാസങ്ങളായി. പേരൂർക്കടയിലെ ഉദ്യോഗസ്ഥൻ ട്രാൻസ്ഫർ ആയി പോയ ശേഷം മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് ഇവിടെ ചുമതല. ഫോർട്ടിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ 6 മാസം മുൻപാണ് തമ്പാനൂരിലേക്കു സ്ഥലം മാറ്റിയത്. ഫോർട്ടിൽ പകരം ആളിനെ നൽകിയതുമില്ല. ഇന്നലെ വിരമിച്ച തിരുവല്ലം സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ മാസങ്ങളായി അവധിയിലായിരുന്നു.

യൂണിഫോം ധരിക്കണ്ട, വിശ്രമിക്കാം, ആവോളം!

യൂണിഫോം ധരിക്കാതെ വിശ്രമിക്കാൻ കഴിയുന്ന ഇടമായി സ്പെഷൽ ബ്രാഞ്ചിനെ ചില ഉദ്യോഗസ്ഥർ കണ്ടു തുടങ്ങിയതോടെ പല സ്റ്റേഷനുകളിലും ഈ വിഭാഗത്തിന്റെ പ്രവർത്തനം പേരിനു മാത്രമാണ്. അനിഷ്ട സംഭവങ്ങളും ആക്രമണങ്ങളും ഉൾപ്പെടെ മുൻകൂട്ടി കണ്ട് തടയിടാൻ നടപടി സ്വീകരിക്കുകയാണ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ചുമതല. എന്നാൽ ആക്രമങ്ങളും മോഷണവും വർധിച്ച നഗരത്തിൽ രഹസ്യാന്വേഷണ വിഭാഗം മാസങ്ങളായി നിർജീവമാണ്.

കേസെടുക്കുമ്പോൾ മാത്രം ഇവർ ‘വിവരം അറിയും’

ഗുണ്ടാ ആക്രണങ്ങൾ, രാഷ്ട്രീയ സംഘട്ടനങ്ങൾ, തട്ടിപ്പുകൾ തുടങ്ങി ഒട്ടുമിക്ക സംഭവങ്ങളും കേസ് എടുത്ത ശേഷമാണ് ഇവർ അറിയുന്നത്. സ്റ്റേഷനുകളിൽ പ്രവർത്തിച്ചു പരിചയമുള്ള ഉദ്യോഗസ്ഥരെയാണ് മുൻകാലങ്ങളിൽ സ്പെഷൽ ബ്രാഞ്ചിൽ നിയോഗിച്ചിരുന്നത്. ഉദ്യോഗസ്ഥർ ഫീൽഡിൽ ഇറങ്ങി വിവരങ്ങൾ ശേഖരിച്ച് കൃത്യമായ റിപ്പോർട്ടും കൈമാറിയിരുന്നു. എന്നാൽ, രാഷ്ട്രീയക്കാരുടെയും പൊലീസ് ഉന്നതരുടെയും ഇഷ്ടക്കാരെ തിരുകി കയറ്റിയ ശേഷം പൊലീസിലെ നിർണായക വിഭാഗത്തിന്റെ പ്രവർത്തനം അവതാളത്തിലാണ്. നടന്നു കഴിഞ്ഞ സംഭവങ്ങളുടെ റിപ്പോർട്ട് മാത്രമാണ് കൈമാറുന്നത്. നടക്കാൻ സാധ്യതയുള്ള സംഭവങ്ങളുടെ സൂചന ലഭ്യമാകുന്നില്ല.

ഉദാഹരണങ്ങൾ ഇതാ...

1. പേരൂർക്കടയിൽ വിവാഹ സൽക്കാര ചടങ്ങിനിടെ ഉണ്ടായ സംഘർഷമാണ് ആദ്യ ഉദാഹരണം. വരനെയും സുഹൃത്തിനെയും വധുവിന്റെ വീടിനടുത്തുള്ള ആളുകൾ മർദിക്കുകയും ഇതിന്റെ തുടർച്ചയായി പടക്കം ഏറും വലിയ സംഘർഷവും ഉണ്ടായി. ചടങ്ങിനിടെ അടി കിട്ടിയ വരനും സുഹൃത്തും വെല്ലുവിളിച്ച് കൊണ്ട് പോകുകയും മണിക്കൂറുകൾക്കു ശേഷം കൂടുതൽ പേരുമായി ഓട്ടോറിക്ഷയിൽ എത്തി ആൾക്കൂട്ടത്തിന് നേരെ പടക്കം എറിഞ്ഞു. തിരിച്ചടിക്കു സാധ്യതയുണ്ടെന്ന വിവരം സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയാതെ പോയത് വലിയ വീഴ്ചയായി.

2. വഞ്ചിയൂർ സ്റ്റേഷനിലെ പല കേസുകളും പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് ഒതുക്കിയത് അറിയാതെ പോയതാണ് മറ്റൊരു വീഴ്ച. നഗരമധ്യത്തിലെ വ്യാപാര ശാലയിൽ അതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ പരാതിയിൽ പൊലീസുകാർ പ്രതിയെ പിടികൂടാതെ ‘ഒളിച്ചു കളിച്ചു’. ഒടുവിൽ പെൺകുട്ടിയുടെ അച്ഛൻ ഡിജിപിക്കു പരാതി നൽകിയ ശേഷമാണ് നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ പ്രതിയുടെ ദൃശ്യം പുറത്തുവിടാനും അന്വേഷണത്തിനും പൊലീസ് തയാറായത്.

3. നവംബറിൽ കുടുംബ കോടതിയിൽ യുവാവിനെ 4 അഭിഭാഷകർ ചേർന്നു മർദിച്ചെന്ന പരാതിയിൽ വഞ്ചിയൂർ പൊലീസ് ആദ്യം കേസ് എടുത്തില്ല. അഭിഭാഷകരുമായി ഒത്തുകളിച്ച പൊലീസ് പരാതിക്കാരനെ സമ്മർദത്തിലാക്കി കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചു. ഒടുവിൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കു പരാതി നൽകിയാണ് കേസ് എടുപ്പിച്ചത്.

4. ഗവ.ലോ കോളജിൽ എസ്എഫ്ഐക്കാർ അധ്യാപകരെ മണിക്കൂറുകളോളം ഓഫിസ് മുറിയിൽ പൂട്ടിയിട്ടതും വളരെ വൈകിയാണ് സ്പെഷൽ ബ്രാഞ്ച് അറിഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com