ADVERTISEMENT

വിഴിഞ്ഞം∙ അരക്കോടിയിലേറെ രൂപ വില മതിക്കുന്ന 260 ഗ്രാമോളം എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ. തലസ്ഥാനത്തെ ഏറ്റവും വലിയ രാസലഹരി വേട്ടയാണിതെന്ന് എക്സൈസ് സംഘം പറഞ്ഞു. എറണാകുളം സ്വദേശി ടോണിൻ ടോമിയിൽ(29) നിന്നാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റിനർകോടിക് സ്പെഷൽ സ്ക്വാഡ് 250 ഗ്രാം എംഡിഎംഎ പിടിച്ചത്. ഇയാൾ എറണാകുളം കാലടി സ്റ്റേഷൻ പരിധിയിൽ കൊലക്കേസിൽ ഉൾപ്പെടെ പ്രതിയാണെന്ന് അറസ്റ്റിന് നേതൃത്വം നൽകിയ സിഐ ബി.എൽ.ഷിബു പറഞ്ഞു.

ലഹരിമാഫിയാ സംഘത്തിൽപ്പെട്ട ഇയാൾക്ക് രാജ്യാന്തര ബന്ധങ്ങളുണ്ടെന്നും എക്സൈസ് സംശയിക്കുന്നു. പുതിയതുറ സ്വദേശികളായ സജൻ(32), എബി(27) എന്നിവരാണ് പിടിയിലായ മറ്റു പ്രതികൾ. ഇവരിൽ നിന്നു യഥാക്രമം 3.3 , 5.8 ഗ്രാം വീതം എംഡിഎംഎ പിടിച്ചെടുത്തു. ഇവർ ഉപയോഗിച്ച് 2 കാറുകളും ബൈക്കും കസ്റ്റഡിയിലെടുത്തു. സജനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ഉദ്യോഗസ്ഥരെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു. വ്യാഴം വൈകിട്ട് തുടങ്ങിയ ഓപ്പറേഷൻ ഇന്നലെ പുലർച്ചെയാണ് അവസാനിച്ചത്. 

വിഴിഞ്ഞം ചൊവ്വര പോസ്റ്റ്ഓഫിസിനു മുന്നിൽ നിന്നു കച്ചവടത്തിനിടെ ആദ്യം സജനാണ് പിടിയിലാകുന്നത്. തുടർന്ന് എബിയെ ആഴിമല നിന്നും ടോമിയെ പുതിയതുറയിൽ എബിയുടെ വീട്ടിന് സമീപത്തെ റോഡിൽ നിന്നും എക്സൈസ് സംഘം അറസ്റ്റു ചെയ്യുകയായിരുന്നു. മട്ടാഞ്ചേരിയിൽ 493 ഗ്രാം എംഡിഎംഎ പിടിച്ച കേസിലും ടോണി പ്രതിയാണ്. ഈ കേസിൽ ഇയാളുടെ സഹോദരൻ സോണി ജയിലിലുമാണ്. ആ കേസിൽ ഒളിവിൽ കഴിഞ്ഞു വരുന്നതിനിടെയാണ് വിഴിഞ്ഞത്തു നിന്ന് അറസ്റ്റിലായത്. ഏതാനും മാസങ്ങളായി പുതിയതുറയിൽ എബിയുടെ വീട്ടിലായിരുന്നു ഒളിവുജീവിതം. തീരദേശം കേന്ദ്രീകരിച്ചാണ് മൂവർ സംഘം ലഹരി ഇടപാടുകൾ നടത്തിയിരുന്നതെന്നും അധികൃതർ പറഞ്ഞു.

പിടിയിലായത് വാടകയ്ക്ക് എടുത്ത കാർ ആണ്. പക്ഷേ, ഉടമകൾക്ക് സംഘത്തെ കുറിച്ച് അറിയാമായിരുന്നുവെന്നും ഇവരെ ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പ്രിവന്റീവ് ഓഫിസർ എം.സന്തോഷ്കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അക്ഷയ് സുരേഷ്, എം.വി.പ്രബോധ്, എം.നന്ദകുമാർ, എസ്.സുരേഷ്ബാബു, വനിത എക്സൈസ് സിവിൽ ഓഫിസർ എസ്.ഗീതാകുമാരി, ഡ്രൈവർ എസ്.അനിൽകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്. വിഴിഞ്ഞം, കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാരായ പ്രജീഷ്ശശി, അജിചന്ദ്രൻനായർ എന്നിവരും എത്തിയിരുന്നു.

ഒരു മാസത്തെ നിരീക്ഷണം

പിടിയിലായ 3 പേരും ഒരു മാസത്തോളമായി എക്സൈസിലെ ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ ഇടപാടുകാരെ ഉൾപ്പെടെ കണ്ടെത്തിയ ശേഷമാണ് അറസ്റ്റെന്നാണ് വിവരം. 2 പേരെ അറസ്റ്റ് ചെയ്തത് കച്ചവടത്തിനിടയിലുമായിരുന്നു. രാത്രി ചൊവ്വര നിന്നു സജൻ അറസ്റ്റിലായതിനു പിന്നാലെ എബിയും പിടിയിലായി. ടോണിയെ അറസ്റ്റ് ചെയ്തത് പുലർച്ചെ രണ്ടോടെയാണ്.

കാറിടിപ്പിക്കാൻ ശ്രമം

കച്ചവടത്തിനിടെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ സജൻ എക്സൈസ് സംഘത്തെ കാറിടിച്ചു വീഴ്ത്താൻ ശ്രമിച്ചതായി സിഐ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥ സംഘം കാറിലും ബൈക്കിൽ വേറൊരു സംഘവുമായിട്ടായിരുന്നു ഓപ്പറേഷൻ. സജന്റെ വാഹനത്തെ വളഞ്ഞതോടെയാണ് പിന്നാലെ വന്ന എക്സൈസ് ബൈക്ക് സംഘത്തെ വാഹനം പിന്നിലേക്കെടുത്ത് ഇ‌ടിച്ചിടാൻ ശ്രമിച്ചത്. ഒടുവിൽ സംഘം ചേർന്ന് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു

English Summary: A huge drug hunt in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com