‘പട്ട’ത്തു നിന്ന് ‘പൂജപ്പുര’യിലേക്ക് ഒരു രവിദൂരം; ജഗതി, പൂജപ്പുര, കരമന... സ്ഥലപ്പേര് ആൾപ്പേരായി മാറിയ ഇടങ്ങൾ
Mail This Article
തിരുവനന്തപുരം∙ നാടകത്തിലും സിനിമയിലുമായി പരന്നുകിടക്കുന്ന കലാജീവിതം പൂജപ്പുര രവി തുടങ്ങിയത് ‘പട്ടം താണുപിള്ള’യിൽ നിന്ന്. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞപ്പോൾ, കമ്യൂണിസ്റ്റ് വിദ്യാർഥി സംഘടനയായിരുന്ന സ്റ്റുഡന്റ്സ് ഫെഡറേഷന്റെ പ്രവർത്തകനായിരുന്നു രവി. അക്കാലത്ത് ആലപ്പുഴ രാജൻ ഇഎംഎസ് സർക്കാരിനെതിരെ ‘ഭഗവാൻ മക്രോണി’ എന്ന കഥാപ്രസംഗം അവതരിപ്പിച്ചിരുന്നു.
അതിനെതിരെ തിരുമലയിൽ ജനക് ആർട്സ് ക്ലബ് എന്ന സംഘടനയുടെ നേതൃത്വത്തിൽ, രാഷട്രീയ സമ്മേളനങ്ങളിൽ അവതരിപ്പിക്കാൻ ‘കാലൻ മക്രോണി’ എന്ന നാടകം തയാറാക്കി. അതിൽ പട്ടം താണുപിള്ളയുടെ വേഷമാണ് അവതരിപ്പിച്ചതെന്നു രവി പിൽക്കാലത്ത് ഓർമിച്ചിട്ടുണ്ട്. പിന്നീട് രാഷ്ട്രീയം ഉപേക്ഷിച്ചെങ്കിലും നാടകത്തെ കൂടെക്കൂട്ടി.
പൂജപ്പുരക്കാരൻ എന്ന നിലയിൽ മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായരുമായി അടുത്തു പരിചയമുണ്ടായിരുന്നു രവിക്ക്. ലാലിനെക്കാൾ പരിചയം ജ്യേഷ്ഠൻ പ്യാരി ലാലിനെയായിരുന്നു. മദ്രാസിലെ സ്വാമീസ് ലോഡ്ജിലാണ് അക്കാലത്ത് സിനിമക്കാരുടെ താവളം. ജോസ് പ്രകാശ്, നെല്ലിക്കോട് ഭാസ്കരൻ, ബോബൻ ആലുംമൂടൻ തുടങ്ങിയവരുണ്ട്. ഒരു ദിവസം റൂം ബോയ് കൃഷ്ണൻ കുട്ടി വന്ന് രവിയോടു പറഞ്ഞു– ‘അണ്ണാ, തിരുവനന്തപുരത്തു നിന്ന് ഒരു പാർട്ടി സിനിമയെടുക്കാൻ വന്നിട്ടുണ്ട്. പോയി പരിചയപ്പെടുന്നില്ലേ?’
‘അങ്ങോട്ടു ചെന്നു പരിചയപ്പെട്ടിട്ടുള്ള ചാൻസൊന്നും എനിക്കു വേണ്ട’ എന്നു രവി പറഞ്ഞു നിർത്തിയതും ജി.സുരേഷ് കുമാർ ചിരിച്ചു കൊണ്ട് അവിടെ വന്നു. സനൽകുമാർ, പ്രിയദർശൻ, മോഹൻലാൽ തുടങ്ങിയവരാണ് അപ്പുറത്തെ മുറിയിലുള്ളതെന്നു പറഞ്ഞു. അതോടെ രവി അവിടേക്കു പോയി. അതൊരു നീണ്ട സൗഹൃദത്തിന്റെ തുടക്കമായി.
ഗപ്പി (2016) എന്ന സിനിമയ്ക്കു ശേഷം പൂജപ്പുര രവി സിനിമകളിൽ അഭിനയിച്ചില്ല. പ്രായത്തിന്റേതായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. പല സിനിമക്കാരും വിളിച്ചാൽ ഫോൺ എടുക്കാറില്ലെന്നായിരുന്നു രവിയുടെ പരാതി. ‘സിനിമയില്ല, പ്രായമായി. അങ്ങനെയുള്ള നമ്മൾ ഫോൺ വിളിച്ചാൽ അവർ കരുതും എന്തെങ്കിലും സഹായം ആവശ്യപ്പെടാനായിരിക്കുമെന്ന്. ഇന്നുവരെ സഹായത്തിനു വേണ്ടി ഞാൻ ഒരാളുടെ മുന്നിലും കൈ നീട്ടിയിട്ടില്ല–’ ആറു മാസം മുൻപ്, പൂജപ്പുരയിൽ നിന്നു മകളുടെ മറയൂരിലെ വീട്ടിലേക്കു താമസം മാറുന്നതിനു മുൻപ് കാണാനെത്തിയ മാധ്യമപ്രവർത്തകരോട് രവി പറഞ്ഞു.
മകൻ വിദേശത്തു പോയതോടെയാണ് പ്രിയപ്പെട്ട നഗരത്തിൽ നിന്നു രവി മറയൂരിൽ മകളുടെ അടുത്തേക്കു താമസം മാറ്റി. പക്ഷേ, അന്നുമിന്നും, ഇനിയും പൂജപ്പുരയുടെ ആൾവിലാസമാണ് രവി.
ജഗതി, പൂജപ്പുര, കരമന ..സ്ഥലപ്പേര് ആൾപ്പേരായി മാറിയ ഇടങ്ങൾ
നഗരത്തിൽ ജഗതിയിൽ നിന്നു പൂജപ്പുര വഴി കരമനയിലേക്ക് 3 കിലോമീറ്ററിന്റെ ദൂരമേയുള്ളൂ. പൂജപ്പുരയിൽ നിന്നു മുടവൻമുകളിലേക്കും ദൂരം കുറവ്. ഈ സ്ഥലങ്ങൾ പല കാലഘട്ടങ്ങളിലായി മലയാള സിനിമയെ അടയാളപ്പെടുത്തിയ പേരുകളായി മാറുകയായിരുന്നു. പൂജപ്പുരയിൽ നിന്നു രവിയും ജഗതിയിൽ നിന്നു ശ്രീകുമാറും കരമനയിൽ നിന്നു ജനാർദനനും സിനിമയിലെത്തി ആ സ്ഥലപ്പേരുകൾ പതിപ്പിച്ചെങ്കിൽ മോഹൻലാൽ എന്ന നടൻ കളിച്ചുവളർന്ന നാട് എന്ന നിലയിലാണ് മുടവൻമുകൾ അടയാളപ്പെടുത്തപ്പെട്ടത്.
കൂട്ടത്തിൽ രവിയാണ് ഈ പ്രദേശത്തു നിന്ന് ആദ്യം സിനിമയിലെത്തിയത്. അന്നു പേര് എം.രവീന്ദ്രൻ നായർ എന്നായിരുന്നു. വേലുത്തമ്പി ദളവയിലെ ചെറു വേഷം അവതരിപ്പിച്ചായിരുന്നു രവി സിനിമക്കാരനായത്. തിരുവിതാംകൂർ പട്ടാളത്തിലായിരുന്നു രവിയുടെ അച്ഛൻ മാധവൻപിള്ള. അമ്മ ഭവാനിയമ്മ വീട്ടമ്മയും. പൂജപ്പുര മഹിളാമന്ദിരം എന്ന പെൺപള്ളിക്കൂടത്തിൽ അന്ന് ആൺകുട്ടികൾക്കും പ്രവേശനം ഉണ്ടായിരുന്നു. പക്ഷേ, പതിനഞ്ച് വയസ്സിനുള്ളിൽ അന്നത്തെ പത്താംക്ലാസ് പാസാവണം. പക്ഷേ, രവി പത്താം ക്ലാസിൽ തോറ്റു. ഇംഗ്ലിഷ് ആയിരുന്നു കടമ്പ. പക്ഷേ, അതിനകം നടൻ എന്ന നിലയിൽ രവി ഒരു വിലാസമുണ്ടാക്കിയിരുന്നു.
കലാനിലയം നാടകവേദിയിൽ അംഗമായതോടെയാണ് രവിയുടെ പേരിലേക്കു ജന്മനാട് ഇഴുകിച്ചേർന്നത്. തിരക്കുള്ള സിനിമക്കാലത്ത് കുറച്ചുകാലം മദ്രാസിലായിരുന്നെങ്കിലും ജീവിതത്തിൽ പൂജപ്പുരയിൽ നിന്നു മാറി നിൽക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. കലാനിലയം നാടകവേദിയിൽ നിന്നു ജീവിതത്തിലേക്ക് കൂട്ടിയ തങ്കമ്മ ഏഴു വർഷം മുൻപ് മരിച്ചു. രവി പൂജപ്പുര ചെങ്കള്ളൂർ കൈലാസ് നഗറിലെ വീട്ടിൽ മകനോടൊപ്പമായിരുന്നു താമസം.
എന്നാൽ, മകന് യുകെയിലേക്കു പോകേണ്ടി വന്നതോടെ 2022 ഡിസംബർ 21 ന് രവി മറയൂരിൽ മകളുടെ വീട്ടിലേക്കു താമസം മാറ്റി. ഇനി തിരികെയെത്താൻ കഴിയുമോയെന്ന ആശങ്ക രവി പലരോടും പങ്കുവച്ചിരുന്നു. ആറു മാസം മുൻപു ചിരിച്ചുകൊണ്ടു രവിയെ മറയൂരിലേക്കു യാത്രയാക്കിയ പ്രിയപ്പെട്ടവർ ഇനി ഉള്ളിൽ അടങ്ങാത്ത വേദനയോടെ രവിക്ക് അന്ത്യയാത്രാമൊഴി നേരും.
അനുശോചിച്ച് മുഖ്യമന്ത്രി, സ്പീക്കർ...
പൂജപ്പുര രവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ , സ്പീക്കർ എ.എൻ.ഷംസീർ. മന്ത്രിമാരായ വി.ശിവൻകുട്ടി, എ.കെ.ശശീന്ദ്രൻ ,സജി ചെറിയാൻ, വി.എൻ.വാസവൻ, ആന്റണി രാജു, ജി.ആർ.അനിൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എന്നിവർ അനുശോചിച്ചു.
രവിക്കായി നൽകിയത് സ്വഭാവ വേഷങ്ങൾ
പൂജപ്പുര രവിയെ ഹാസ്യ നടനായി സിനിമാ ലോകം അംഗീകരിച്ച കാലത്ത് വ്യത്യസ്തമായ വേഷങ്ങൾ കരുതിവച്ചു
ശ്രീകുമാരൻ തമ്പി
സിനിമയില്ലാതെ ഇടവേളകളുണ്ടാകുമ്പോൾ പൂജപ്പുര രവി എന്നെ വിളിക്കും, ‘സാർ, ഇപ്പോൾ സിനിമയൊന്നുമില്ല’ എന്നു പറയും. ഏതെങ്കിലും സിനിമയുടെ എഴുത്തിലാണെങ്കിൽ രവിക്കു വേണ്ടി നാലഞ്ചു സീനുകൾ എഴുതിച്ചേർക്കാൻ ഞാൻ മറക്കാറില്ല. അങ്ങനെ, ഞാൻ 26 സിനിമകൾ നിർമിച്ചതിൽ പകുതിയിലും പൂജപ്പുര രവിക്കു വേഷമുണ്ടായിരുന്നു.സിനിമയുടെ പ്രത്യേക സ്വഭാവം അനുസരിച്ച് പൂജപ്പുര രവിയെ ഹാസ്യനടൻ ആയാണ് അംഗീകരിച്ചിരുന്നത്. എന്നാൽ, എന്റെ സിനിമകളിൽ അദ്ദേഹത്തിന് വ്യത്യസ്തമായ സ്വഭാവ വേഷങ്ങൾ ഞാൻ കരുതിവച്ചു. അക്കാലത്ത് സിനിമയിൽ ഹാസ്യം കൈകാര്യം ചെയ്തിരുന്നത് അടൂർ ഭാസിയും ഞാൻ തന്നെ സിനിമയിൽ കൊണ്ടുവന്ന ജഗതിയുമാണ്.
അവർ രണ്ടും കഴിഞ്ഞു മൂന്നാമത്തെ ഹാസ്യ നടനായി പ്രാധാന്യമില്ലാത്ത വേഷത്തിൽ രവിയെ അവതരിപ്പിക്കുന്നതിനു പകരമാണ് ഞാൻ സ്വഭാവ വേഷങ്ങൾ അദ്ദേഹത്തിനു വേണ്ടി ഒരുക്കിയത്. സ്വഭാവ നടനായാൽ മതിയെന്ന് ഞാൻ അദ്ദേഹത്തെ ഉപദേശിച്ചിട്ടുമുണ്ട്. ‘നായാട്ട്’ എന്ന സിനിമയിൽ വില്ലൻ വേഷമാണ് ഞാൻ രവിക്കു നൽകിയത്.ജയന്റെ കഥാപാത്രത്തിനൊപ്പം നിന്ന് ചതിക്കുന്നയാൾ. വേനലിൽ ഒരു മഴ എന്ന സിനിമയിൽ സുകുമാരിയുടെ വളർത്തു മകനായി ബുദ്ധി ഉറയ്ക്കാത്ത കഥാപാത്രമാണ്. അങ്ങനെ പല സിനിമകൾ.
10 വർഷം കലാനിലയം നാടകവേദിയിലെ നടനായിരുന്നു. എന്റെ ഭാര്യാപിതാവ് വൈക്കം മണി അവിടെ പ്രധാന നടനായിരുന്നു. അദ്ദേഹം രവിയോടൊപ്പം പല നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പിന്നീട്, അദ്ദേഹത്തിന്റെ മകളെ ഞാൻ വിവാഹം ചെയ്ത ശേഷം രവിക്കു സിനിമയിൽ വേഷം നൽകണമെന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രവിക്ക് ആദ്യമായി ഒരു പ്രധാന പുരസ്കാരം നൽകിയതും ഞാനാണ്. എന്റെ നിർമാണ കമ്പനിയായ രാഗമാലികയുടെ പേരിൽ നടൻ ജയന്റെ സ്മരണയ്ക്കായി ഞാൻ ഏർപ്പെടുത്തിയ രാഗമാലിക–ജയൻ പുരസ്കാരം ഒരുതവണ അദ്ദേഹത്തിനായിരുന്നു. അവസാനം, തിരുവനന്തപുരം വിട്ട് മകളോടൊപ്പം പോകാൻ തീരുമാനിച്ചപ്പോഴും രവി എന്നെ വിളിച്ചു. അപ്പോഴാണ് അവസാനമായി അദ്ദേഹത്തെ വീട്ടിലെത്തി കണ്ടത്.
English Summary: Jagati, Poojapura, Karamana... places where place names have become personal names