ADVERTISEMENT

മലയിൻകീഴ് ∙ വിളപ്പിൽശാല ക്ഷേത്ര ജംക്‌ഷനിൽ 3 വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. പണം കവർന്നതായി ഉടമകളുടെ പരാതി. മോഷ്ടാവെന്ന് സംശയിക്കുന്ന ആളുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞു. ക്ഷേത്ര ജംക്‌ഷനിലെ സോമശേഖരന്റെ ഉടമസ്ഥതയിലുള്ള പാൻ ഷോപ്പിൽ നിന്ന് 7300 രൂപയും സമീപത്തെ ശരത്ത് ചന്ദ്രന്റെ ശിവാ ഫാൻസിയിൽ നിന്ന് 4800 രൂപയും വിളപ്പിൽശാല ഗ്രന്ഥശാലയ്ക്ക് സമീപം രാജേന്ദ്രപ്രസാദിന്റെ വിനായക ഏജൻസിയിൽ നിന്ന് 24300 രൂപയും മോഷണം പോയതായി പരാതി.

കടകളുടെ മുൻവശത്തെ പൂട്ട് പൊളിച്ചിട്ട നിലയിലായിരുന്നു. മേശകളിൽ സൂക്ഷിച്ചിരുന്ന പണമാണ് കാണാതായത്. രാജേന്ദ്രപ്രസാദിന്റെ കടയിലെ സിസിടിവി ക്യാമറയുമായി ബന്ധിപ്പിച്ചിരുന്ന മൊബൈൽ ഫോണും കവർന്നിട്ടുണ്ട്. ഈ മൊബൈൽ ഫോൺ ഇപ്പോൾ സ്വിച്ച് ഓഫാണ്. ഇന്നലെ രാവിലെ 5.30ന് സോമശേഖരൻ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപെടുന്നത്. 

ശരത്ത് ചന്ദ്രന്റെ ഫാൻസിയിലെ സിസിടിവി ദൃശ്യത്തിൽ മുണ്ടും ഷർട്ടും ധരിച്ച് എത്തിയ താടിയുള്ള ഒരാൾ ആയുധം ഉപയോഗിച്ച് പൂട്ട് പൊളിക്കുന്നത് വ്യക്തമാണ്. ഇയാളെക്കുറിച്ച് സൂചന ലഭിച്ചതായി സൂചനയുണ്ട്. വിളപ്പിൽ പൊലീസ് ഇൻസ്പെക്ടർ എൻ.സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തി.

അതേസമയം, വിളപ്പിൽശാല കുണ്ടാമൂഴി ഭാഗത്തെ കടയിൽ നിന്നും സ്ഥിരമായി പണം മോഷ്ടിക്കുന്ന പതിനഞ്ച് വയസ്സുകാരനെ വിളപ്പിൽ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടി. പണം പതിവായി കാണാതായതിനെ തുടർന്ന് കടയിൽ സിസിടിവി ദൃശ്യം സ്ഥാപിച്ചു . പിന്നാലെയാണ് കുട്ടി മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com