നിലയ്ക്കാമുക്ക് ജംക്‌ഷനിൽ റോഡ് ഉപരോധിച്ച് കോൺഗ്രസ്
Mail This Article
ചിറയിൻകീഴ്∙ ഗതാഗതപ്രാധാന്യമുള്ള ആലംകോട്–കടയ്ക്കാവൂർ മീരാൻകടവ് പാലം റോഡിന്റെ പുനർനിർമാണപ്രവർത്തനങ്ങൾ ഏറെക്കാലമായി മുടങ്ങിക്കിടക്കുന്നതിലും നിർമാണത്തിന്റെ പേരിൽ പാതയാകമാനം വെട്ടിക്കുഴിച്ചു കാൽനടയാത്രപോലും ദുസ്സഹമാക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചു കടയ്ക്കാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. നിലയ്ക്കാമുക്ക് ജംക്‌ഷനിൽ നടന്ന റോഡ് ഉപരോധ സമരം യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബി.എസ്.അനൂപ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എം.എ.ജബ്ബാർ ഉപരോധ സമരത്തിനു നേതൃത്വം നൽകി. ഡിസിസി ജനറൽസെക്രട്ടറി എം.ജെ.ആനന്ദ്, കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സജികുമാർ, പെരുംകുളം അൻസാർ, ജയന്തി സോമൻ, ഭാരവാഹികളായ അശോകൻ കടയ്ക്കാവൂർ, സുധീർ, അനിക്കുട്ടൻ, ജമാൽ, അനു, മോഹനകുമാരി, ദീപ, സിനി അനിൽ, സുജാത, സുജിത്ത്മോഹൻ, ബോസ്, മണിനിലയ്ക്കാമുക്ക് എന്നിവർ പ്രസംഗിച്ചു.
ഉപരോധ സമരത്തെത്തുടർന്നു വാഹന ഗതാഗതമടക്കം മണിക്കൂറുകളോളം സ്തംഭിച്ചു. പൊലീസ് സ്ഥലത്തെത്തി സമരക്കാരുമായി ചർച്ചയ്ക്കു തയ്യാറായെങ്കിലും പ്രതിഷേധക്കാർ പിന്തിരിയാൻ തയ്യാറായില്ല. തുടർന്നു പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടേയും കരാറുകാരന്റേയും ഉറപ്പിൻമേൽ സമരം അവസാനിപ്പിക്കുകയായിരുന്നു.