ADVERTISEMENT

‌കാട്ടാക്കട ∙ കോൺഗ്രസ് കുറ്റിച്ചൽ മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫിസിനു മുന്നിൽ ധർണനടത്തി.പട്ടിക വർഗ വിദ്യാർഥികൾക്കുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ പാങ്കാവിൽ സ്ഥാപിക്കാനുള്ള തീരുമാനത്തെ കുറിച്ച് സംസാരിക്കാൻ പഞ്ചായത്ത് ഓഫിസിലെത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊതുമുതൽ നശിപ്പിച്ചെന്ന പേരിൽ കള്ളക്കേസെടുത്തെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. 

ഡിസിസി വൈസ് പ്രസിഡന്റ് എസ്.ജലീൽമുഹമ്മദ് ഉദ്ഘാടനം ചെയ്തു. സുധീർ കുമാർ അധ്യക്ഷനായി.  പഞ്ചായത്ത് ഓഫിസിലെ ചില്ല് അടിച്ച് തകർത്ത സിപിഎം പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്യുക,ആദിവാസി കോൺഗ്രസ് നേതാവും പഞ്ചായത്ത് അംഗവുമായ ശ്രീദേവി സുരേഷിനെ അധിഷേപിച്ച സിപിഎം നേതാക്കൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു ധർണ. 

വിതുര ശശി, ഡിസിസി ജനറൽ സെക്രട്ടറിമാരായ വി.ആർ.പ്രതാപൻ,എം.ആർ.ബൈജു,ബ്ലോക്ക് പ്രസിഡന്റ് സി.ജ്യോതിഷ് കുമാർ,സി.ആർ.ഉദയകുമാർ,കുറ്റിച്ചൽ വേലപ്പൻ,പൂവച്ചൽ മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്തകുഴി, പരുത്തിപള്ളി അനിൽ കുമാർ,കോട്ടൂർ ഗിരീശൻ,കോട്ടൂർ സന്തോഷ്,വി.അനിൽകുമാർ,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ,അംഗം ശ്രീക്കുട്ടി സതീഷ്,വി.എച്ച്.വാഹിദ,മുഹമ്മദ് വിജി,വെള്ളനാട് ശ്രീകണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു.

2011ൽ യുഡിഎഫ് സർക്കാർ കുറ്റിച്ചൽ പഞ്ചായത്തിൽ അനുവദിച്ച മോഡൽ റസിഡൻസ് സ്കൂൾ വാലിപാറയിൽ സ്ഥാപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാൽ ആനത്താരയുള്ള ഈ പ്രദേശം സ്കൂളിനു അനുയോജ്യമല്ലെന്ന് ഹൈക്കോടതി നിർദേശ പ്രകാരം സ്ഥലം സന്ദർശിച്ച പട്ടിക വർഗ വകുപ്പ് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകി. സ്കൂൾ കുറ്റിച്ചൽ പഞ്ചായത്തിൽ തന്നെ നിലനിർത്താൻ അഗസ്ത്യ വനത്തിലെ പാങ്കാവിൽ സ്ഥാപിക്കാൻ ശുപാർശ ചെയ്യാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.

വാലിപാറയിൽ നിന്നു മാറ്റി പാങ്കാവിൽ സ്ഥാപിക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്തെത്തി. ഇത് സംബന്ധിച്ച് കാര്യങ്ങൾ തിരക്കാൻ ഒരു സംഘം കോൺഗ്രസ് പ്രവർത്തകർ ബുധനാഴ്ച വൈകിട്ട് 5 മണിയോടെ പഞ്ചായത്ത് സെക്രട്ടറിയെ കാണാനെത്തി. ഈ സമയം പഞ്ചായത്ത് കമ്മിറ്റി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ ഇടത് അംഗങ്ങളുമായി വാക്കേറ്റവും സംഘർഷവുമുണ്ടായി.

ഇതിനിടെ ഓഫിസിന്റെ വാതിലിന്റെ ചില്ല് തകർന്നു. സംഘർഷത്തിനിടെ കോൺഗ്രസ് പഞ്ചായത്ത് അംഗം ശ്രീദേവി സുരേഷിനെ അധിക്ഷേപിച്ചതായി കോൺഗ്രസ് ആരോപിച്ചു. ഇവർ പൊലീസിൽ പരാതി നൽകി.പഞ്ചായത്ത് പ്രസിഡന്റ് എം.മണികണ്ഠൻ, സിപിഎം അംഗങ്ങളായ സമീന, സുനിൽ,സ്ഥിരം സമിതി അധ്യക്ഷൻ രാജീവ് എന്നിവർക്ക് മർദനമേറ്റു. കോൺഗ്രസ് പ്രവർത്തകർ മർദിച്ചതായി ഇവരും പരാതി നൽകി.

പഞ്ചായത്ത് ഓഫിസിലുണ്ടായ സംഘർഷത്തിന്റെ മറവിൽ പൊലീസ്  കള്ളക്കേസ് എടുക്കുന്നു എന്നാണ് കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നത്.  വനിതാ അംഗത്തെ അധിക്ഷേപിച്ചവർക്കെതിരെ കേസ് എടുക്കാതെ സിപിഎം നിർദേശ പ്രകാരം കോൺഗ്രസ് നേതാക്കളെ വേട്ടയാടാൻ പൊലീസ് ശ്രമിച്ചാൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.

3 കേസുകൾ റജിസ്റ്റർ ചെയ്തു
കുറ്റിച്ചൽ പഞ്ചായത്ത് ഓഫിസിൽ സിപിഎം–കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ  3കേസുകൾ റജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.  ഓഫിസിലേക്ക് തള്ളിക്കയറി ചില്ല് തകർത്ത സംഭവത്തിൽ സെക്രട്ടറിയുടെ പരാതിയിൽ ഇരുപതോളം  പേർക്കെതിരേയും ആദിവാസി കോൺഗ്രസ് നേതാവും പഞ്ചായത്ത് അംഗവുമായ ശ്രീദേവി സുരേഷിനെ അധിക്ഷേപിച്ചെന്ന പരാതിയിൽ സിപിഎം ലോക്കൽ സെക്രട്ടറി എം.അഭിലാഷ്,കോട്ടൂർ സലിം,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ രാജീവ് എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന 20 പേർക്കെതിരെയും പഞ്ചായത്ത് പ്രസിഡന്റ് എം.മണികണ്ഠൻ ഉൾപ്പെടെ അംഗങ്ങൾക്ക് മർദനമേറ്റതിനു കോൺഗ്രസ് പ്രവർത്തകർക്ക് എതിരെയുമാണ് കേസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com