‘വീട് ഉയർത്തൽ’ വിദ്യയുമായി തിരുവനന്തപുരത്തുകാർ; വെള്ളപ്പൊക്ക ഭീഷണിക്ക് പ്രതിവിധി, പുതുക്കി പണിയാനും ചെലവ്
Mail This Article
തിരുവനന്തപുരം ∙ വീട്ടുപകരണങ്ങളും വാഹനങ്ങളും കേടായി ലക്ഷങ്ങളുടെ നഷ്ടം നേരിട്ട ഗൗരീശപട്ടം നിവാസികൾ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷ തേടി വീടുകൾ ഉയർത്തുന്നു. നിലവിലെ തറ നിരപ്പിൽ നിന്ന് 3 മുതൽ 5 അടി വരെയാണ് ഉയർത്തുന്നത്. നാലു പതിറ്റാണ്ടായി ഗൗരീശപട്ടത്ത് താമസിക്കുന്ന തുറമുഖ വകുപ്പ് റിട്ട. ഡപ്യൂട്ടി ഹൈഡ്രോഗ്രഫർ സതീഷ് ഗോപിയുടെ വീട് ഉയർത്തുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ദുരിതം അനുഭവിച്ച മറ്റു പലരും വീട് ഉയർത്താൻ സന്നദ്ധത അറിയിച്ച് നിർമാണ കമ്പനിയെ സമീപിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 18നും കഴിഞ്ഞ ബുധനാഴ്ചയും ഉണ്ടായ കനത്ത മഴയിലാണ് ഗൗരീശപട്ടം മുങ്ങിയത്. ഒന്നാം നിലയിലുണ്ടായിരുന്ന വീട്ടുപകരണങ്ങളും വാഹനങ്ങളും കേടായി ഓരോരുത്തർക്കും ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ഓരോ വെള്ളപ്പൊക്കത്തിലും ഒരു വീട്ടുകാർക്ക് ശരാശരി 3 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുന്നതായി ഗൗരീശപട്ടം സ്വദേശികൾ പറയുന്നു. തുടർച്ചയായ നഷ്ടം ഒഴിവാക്കാനാണ് ഒറ്റത്തവണ പണം ചെലവാക്കി വീടുകൾ ഉയർത്തുന്നത്.
അടിസ്ഥാനത്തിന് തൊട്ടു മുകളിൽ വച്ച് ചുവര് തുരക്കും. ഈ ഭാഗത്ത് ജാക്കി ലിവറുകൾ ഘടിപ്പിക്കും. എത്ര അടിയാണോ ഉയർത്തേണ്ടത് അതനുസരിച്ച് എല്ലാ ചുവരുകളും ഒരേ തരത്തിൽ ഉയർത്തിയ ശേഷം ചുടുകല്ലോ ഹോളോ ബ്രിക്സോ ഉപയോഗിച്ച് അടയ്ക്കും. ചുവരുകൾ ഉയർത്തുന്നത് അനുസരിച്ച് വീടിന്റെ ഫ്ലോറും മണ്ണിട്ട് നികത്തുന്നതാണ് രീതിയെന്ന് സാങ്കേതിക വിദഗ്ധൻ അമൽ ശുശ്രുതൻ പറഞ്ഞു.
1996 ലാണ് സതീഷ് ഗോപി വീട് നിർമിച്ചത്. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ രണ്ട് വാഹനങ്ങൾക്കു പുറമേ ഫ്രിജ് ഉൾപ്പെടെയുളള വീട്ടുപകരണങ്ങളും നശിച്ചു. വെള്ളം ഇറങ്ങിയ ശേഷം അടുത്ത ദിവസമാണ് ഭക്ഷണം പോലും ലഭിച്ചത്'- സതീഷ് പറഞ്ഞു. ഉയർത്തിയ ശേഷം പുതുക്കിപ്പണിയാൻ 25 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ്.
വാടക വീട് ഒഴിഞ്ഞ് തൊഴിലാളികൾ
തിരുവനന്തപുരം ∙ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെടാൻ തേക്കുംമൂട്ടിലെ വാടക വീട് ഒഴിഞ്ഞ് തൊഴിലാളികൾ. താമസിച്ചിരുന്ന വീട്ടിൽ വെള്ളം കയറി സാധന സാമഗ്രികൾ നശിച്ചിട്ടും ഒരു സർക്കാർ സഹായവും ലഭിക്കാതെ വന്നതോടെ തേക്കുമൂട്ടിലെ വീട് ഒഴിഞ്ഞ് ശ്രീകാര്യത്ത് പുതിയ സ്ഥലത്തേക്ക് മാറിയിരിക്കുകയാണ് വാട്ടർ ടെക് എന്ന സ്വകാര്യ കമ്പനിയിലെ തൊഴിലാളികൾ.
കിണർ വൃത്തിയാക്കൽ ഉൾപ്പെടെയുള്ള ജോലികൾ ചെയ്യുന്ന 7 തൊഴിലാളികൾ 4 വർഷമായി തേക്കുമൂട്ടിലെ വാടക വീട്ടിലാണ് താമസം. കഴിഞ്ഞ രണ്ട് വെളളപ്പൊക്കത്തിലും വീട്ടിൽ വെള്ളം കയറി നഷ്ടമുണ്ടായി. ജോലിക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കും കേടുപറ്റി. ഇവ നന്നാക്കാൻ ലക്ഷങ്ങൾ ചെലവാകുമെന്ന് തൊഴിലാളികൾ പറഞ്ഞു. ഇതേ തുടർന്നാണ് സ്ഥാപന ഉടമ ഇടപെട്ട് ശ്രീകാര്യത്ത് പുതിയ താമസസ്ഥലമൊരുക്കിയത്. ആലപ്പുഴ സ്വദേശി കണ്ണൻ, കൊല്ലം സ്വദേശി അനന്തു ഉൾപ്പെടെയുള്ളവർ ഇന്നലെ പുതിയ സ്ഥലത്തേക്ക് മാറി.