കൊമ്പിത്തിരി കുറച്ച്, ശ്രീവല്ലഭൻ തലയെടുപ്പ് കൂട്ടി
Mail This Article
മലയിൻകീഴ് ∙ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആന ശ്രീവല്ലഭന്റെ ‘ തലയെടുപ്പ് ’ ഇനി അൽപം കൂടും. കൊമ്പിന്റെ ഭാരത്താൽ തലകുനിക്കേണ്ട. കഴിഞ്ഞ ദിവസം നീളമേറിയ രണ്ട് കൊമ്പുകളും മുറിച്ച് ശേഷിക്കുന്ന ഭാഗം ചെത്തിമിനുക്കി. എറണാകുളം ഇളമക്കര സ്വദേശി കെ.ആർ.വിനയ കുമാർ രണ്ടര മണിക്കൂറോളം പരിശ്രമിച്ചാണ് ആനയുടെ കൊമ്പ് മുറിച്ച് ഭംഗി വരുത്തിയത്. വനംവകുപ്പ് അധികൃതരും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും എത്തിയിരുന്നു.
കൊമ്പിൽ നിന്ന് മുറിച്ച മാറ്റിയ ഭാഗം വനംവകുപ്പ് അധികൃതർ അളന്ന് തിട്ടപ്പെടുത്തി കൊണ്ടു പോയി. രണ്ടു കൊമ്പിനും 100 സെന്റിമീറ്ററോളം നീളമുണ്ടായിരുന്നു. ഇതിൽ 30 സെന്റിമീറ്ററോളം വീതം ആണ് മുറിച്ചത്. രണ്ടിനും കൂടി 9 കിലോയോളം ഭാരമുണ്ടായിരുന്നു. നീളമേറിയ കൊമ്പുകൾ കാരണം ആനയ്ക്കു തീറ്റ എടുക്കാനും തല ഉയർത്താനും ബുദ്ധിമുട്ട് ഉണ്ടായിരുന്നതായി പാപ്പാൻ ബിജു പറഞ്ഞു. 2020 നവംബറിൽ ആണ് ഇതിനു മുൻപ് കൊമ്പ് മുറിച്ചത്.